Football in Malayalam

എംബാപ്പെ ട്രാൻസ്‌ഫറിൽ അപ്രതീക്ഷിത ട്വിസ്റ്റ്, താരത്തിനായി ബാഴ്‌സലോണയും രംഗത്ത്

Sreejith N
Barcelona Interested To Sign Kylian Mbappe
Barcelona Interested To Sign Kylian Mbappe / FRANCK FIFE/GettyImages
facebooktwitterreddit

പിഎസ്‌ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പയുടെ ട്രാൻസ്‌ഫറിൽ അപ്രതീക്ഷിതമായ വഴിത്തിരിവുകൾ. ഈ സീസൺ പൂർത്തിയായതിനു ശേഷം ഫ്രീ ഏജന്റായി റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ തയ്യാറെടുത്തു നിൽക്കുന്ന താരത്തെ സ്വന്തമാക്കാൻ റയലിന്റെ പ്രധാന എതിരാളികളായ ബാഴ്‌സലോണ നീക്കങ്ങൾ ആരംഭിച്ചുവെന്ന് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ റിപ്പോർട്ടു ചെയ്യുന്നു.

എംബാപ്പെ ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള സാധ്യത കുറവാണെങ്കിലും താരത്തിൽ സ്വാധീനം ചെലുത്താനുള്ള ശ്രമങ്ങൾ ലപോർട്ട ആരംഭിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. താരത്തിനായി അവാസാനഘട്ടത്തിൽ ഒരു മികച്ച ഓഫർ നൽകി കരാറിനു സമ്മതിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്താനാണ് അവർ ഒരുങ്ങുന്നത്. റയൽ മാഡ്രിഡാണ് എംബാപ്പയുടെ സ്വപ്‌നമെങ്കിലും ബാഴ്‌സലോണയെ താരം പൂർണമായും തഴയാൻ തയ്യാറാവില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഗോൾഡ്‌മാൻ സാച്ച്സിൽ നിന്നുമുള്ള ലോണും സ്പോട്ടിഫൈ ആയിട്ടുള്ള പുതിയ സ്‌പോൺസർഷിപ്പ് കരാറും സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണക്ക് എംബാപ്പയെ സ്വന്തമാക്കാനുള്ള ഊർജ്ജം നൽകുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ സാവിയുടെ കീഴിൽ ബാഴ്‌സ ഒരു മികച്ച ടീമായി ഉയർന്നു വരുന്നതും എംബാപ്പയുടെ പദ്ധതികളെ സ്വാധീനിക്കുമെന്നാണ് ബാഴ്‌സലോണ നേതൃത്വം കരുതുന്നത്.

എംബാപ്പക്കു വേണ്ടി ട്രാൻസ്‌ഫർ ഫീസൊന്നും നൽകേണ്ട കാര്യമില്ലെന്നതും ബാഴ്‌സലോണയെ ആകർഷിക്കുന്ന പ്രധാന കാര്യമാണ്. ശമ്പളവും ഫ്രീ ഏജന്റായി സൈൻ ചെയ്യുന്നതിന്റെ ബോണസും മാത്രം നൽകി കിലിയൻ എംബാപ്പയെ സ്വന്തമാക്കാം എന്നിരിക്കെ ഹാലൻഡിനു വേണ്ടി എഴുപത്തിയഞ്ച് മില്യൺ ട്രാൻസ്‌ഫർ ഫീസും ഏജന്റായ മിനോ റയോളയുടെ കമ്മീഷനും ബാഴ്‌സലോണ നൽകേണ്ടി വരും.

എംബാപ്പ റയൽ മാഡ്രിഡിലേക്ക് തന്നെയെന്നുറപ്പിച്ച് എല്ലാവരും നിൽക്കുന്ന സമയത്ത് ബാഴ്‌സലോണ ഇത്തരമൊരു നീക്കവുമായി രംഗത്തു വന്നിട്ടുണ്ടെങ്കിൽ അതിൽ എന്തൊക്കെയോ സാധ്യതകൾ ഉണ്ടെന്നു തന്നെയാണ് എൽ എക്വിപ്പെ പറയുന്നത്. ഫ്രഞ്ച് താരം റയൽ മാഡ്രിഡിനെ വേണ്ടെന്നു വെക്കാനുള്ള സാധ്യതകൾ വളരെ കുറവാണെങ്കിലും ബാഴ്‌സലോണക്ക് താരത്തെ അതിനു സമ്മതിപ്പിക്കാൻ കഴിയില്ലെന്നു കരുതാനാവില്ലെന്നും അവർ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit