Football in Malayalam

അൻസു ഫാറ്റിയും, എറിക്ക് ഗാർസ്യയും പരിക്കിന്റെ പിടിയിൽ; ബാഴ്സലോണക്ക്‌ കനത്ത തിരിച്ചടി

By Gokul Manthara
RC Celta de Vigo v FC Barcelona - La Liga Santander
RC Celta de Vigo v FC Barcelona - La Liga Santander / Juan Manuel Serrano Arce/GettyImages
facebooktwitterreddit

സെൽറ്റാ വിഗോക്കെതിരെ നടന്ന ലാലീഗ മത്സരത്തിനിടെ പരിക്കിന്റെ പിടിയിലേക്ക് വീണ് ബാഴ്സലോണ താരങ്ങളായ അൻസു ഫാറ്റിയും, എറിക് ഗാർസ്യയും. മത്സരത്തിൽ ബാഴ്സലോണയുടെ സ്റ്റാർട്ടിംഗ് ഇലവനിലുണ്ടായിരുന്ന ഇരുവർക്കും പരിക്ക് മൂലം രണ്ടാം പകുതിയിൽ കളിക്കാനായില്ല. പരിക്കുകൾ മൂലം ഇപ്പോൾത്തന്നെ പല സൂപ്പർ താരങ്ങളുടേയും സേവനം നഷ്ടപ്പെട്ട കാറ്റലൻ ക്ലബ്ബിന് വലിയ തിരിച്ചടി സമ്മാനിക്കുന്ന വാർത്തയാണിത്.

സെൽറ്റക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ഒരു ലോഫ്റ്റഡ് പാസിന് പിന്നാലെ പോകുന്നതിനിടെയായിരുന്നു ഫാറ്റിയുടെ പിൻ തുട ഞരമ്പിന് പരിക്കേറ്റത്. ഉടൻ തന്നെ വൈദ്യസഹായം തേടിയ ഫാറ്റി പിന്നാലെ മൈതാനം വിടുകയും ചെയ്തു. തുടർന്ന് പത്ത് പേരുമായിട്ടായിരുന്നു ബാഴ്സലോണ ആദ്യ പകുതി പൂർത്തിയാക്കിയത്. രണ്ടാം പകുതിയിലാകട്ടെ ഫാറ്റിക്ക് പകരം അലക്സ് ബാൾഡെയെ ഇറക്കിയാണ് ബാഴ്സ കളിക്കാനെത്തിയത്.

ഫാറ്റിക്ക് പുറമേ യുവ പ്രതിരോധ താരം ഗാർസ്യക്കും സെൽറ്റക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ കളിക്കാനായില്ല. വലത് കാലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്.‌ ആദ്യ പകുതിയിൽ കളിച്ച ഗാർസ്യക്ക് പകരം റൊണാൾഡ് അരൗഹോയെയാണ് ബാഴ്സ കളത്തിലിറക്കിയത്. ഇരു താരങ്ങൾക്കും പരിക്കേറ്റ വിവരം പിന്നീട് ഔദ്യോഗിക പ്രസ്താവനയിലൂടെ വിശദീകരിച്ച ബാഴ്സലോണ, പരിക്കിന്റെ വ്യാപ്തി അറിയാൻ ഇരു താരങ്ങൾക്കും കൂടുതൽ പരിശോധനകൾ നടത്തേണ്ടി വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം സെൽറ്റാ വിഗോക്കെതിരായ മത്സരത്തിൽ 3-0ന് മുന്നിട്ട നിന്ന ബാഴ്സലോണ രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ വാങ്ങിച്ചു കൂട്ടി സമനില വഴങ്ങുകയായിരുന്നു. നേരത്തെ ഫാറ്റി, സെർജിയോ ബുസ്ക്വെറ്റ്സ്, മെംഫിസ് ഡീപേ എന്നിവരുടെ ഗോളുകളിലായിരുന്നു ആദ്യ പകുതിയിൽ കാറ്റലൻ ക്ലബ്ബ് 3-0ന് മുന്നിട്ട് നിന്നത്. ഈ മത്സരത്തിൽ വിജയിച്ചിരുന്നെങ്കിൽ പോയിന്റ് പട്ടികയിൽ മുന്നിലേക്ക് കയറാൻ കഴിയുമായിരുന്ന ബാഴ്സലോണ നിലവിൽ ഒൻപതാം സ്ഥാനത്ത് തന്നെ തുടരുകയാണ്.


facebooktwitterreddit