Football in Malayalam

ബാഴ്‌സലോണക്ക് തിരിച്ചടി, മാഞ്ചസ്റ്റർ സിറ്റി താരത്തെ സ്വന്തമാക്കാൻ കാത്തിരിക്കേണ്ടി വരും

Sreejith N
Ferran Torres (left) has been a Barcelona transfer target
Ferran Torres (left) has been a Barcelona transfer target / Visionhaus/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റിയുടെ സ്‌പാനിഷ്‌ മുന്നേറ്റനിര താരമായ ഫെറൻ ടോറസിനെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കാനുള്ള ബാഴ്‌സയുടെ നീക്കങ്ങൾക്ക് തിരിച്ചടി. ബാഴ്‌സ മേധാവികളായ മാത്യൂ അലെമാനി, ഫെറൻ റെവെർട്ടർ എന്നിവർ മാഞ്ചസ്റ്റർ സിറ്റിയുമായി ടോറസിന്റെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയെങ്കിലും അവ വിജയം കണ്ടില്ലെന്നാണ് സ്‌പാനിഷ്‌ മാധ്യമമായ മാർക്ക വെളിപ്പെടുത്തുന്നത്.

ടോറസിനെ ജനുവരിയിൽ ലോണിൽ സ്വന്തമാക്കാനാണ് ബാഴ്‌സലോണക്ക് പദ്ധതിയുണ്ടായിരുന്നത്. എന്നാൽ ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന താരത്തെ ലോൺ കരാറിൽ മാത്രം വിട്ടു കൊടുക്കാൻ സിറ്റിക്ക് താൽപര്യമില്ല. ലോൺ കാലാവധിക്കു ശേഷം എന്തായാലും താരത്തെ സ്ഥിരമായി സ്വന്തമാക്കുമെന്ന ഓഫർ മുന്നോട്ട് വെക്കാൻ ലാ ലിഗ നിയന്ത്രണങ്ങൾ മൂലം ബാഴ്‌സലോണക്ക് കഴിയുകയുമില്ല.

ജനുവരിയിൽ താരത്തെ ലഭിക്കാനുള്ള സാധ്യതകൾ പൂർണമായി ഇല്ലാതായതോടെ അടുത്ത സമ്മറിൽ മാത്രമേ താരത്തെ ബാഴ്‌സക്ക് സ്വന്തമാക്കാൻ കഴിയുകയുള്ളൂ. എന്നാൽ അപ്പോഴും വലിയ തുകയാണ് മാഞ്ചസ്റ്റർ സിറ്റി ടോറസിനായി ആവശ്യപ്പെടുന്നത്. റിപ്പോർട്ടുകൾ പ്രകാരം സിറ്റി ആവശ്യപ്പെട്ട 70 മില്യൺ യൂറോ നൽകാൻ സാമ്പത്തിക പ്രതിസന്ധികൾ മൂലം ബാഴ്‌സലോണക്ക് കഴിയുകയുമില്ല.

ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള തന്റെ താൽപര്യം ടോറസ് ഗ്വാർഡിയോളയെ അറിയിച്ചുവെന്നും അദ്ദേഹം അതിനു സമ്മതം മൂളിയെന്നും റിപ്പോർട്ടുകളുണ്ടെങ്കിലും സിറ്റി മുന്നോട്ടു വെക്കുന്ന ആവശ്യങ്ങൾ അതിനു തടസം സൃഷ്‌ടിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം ഗോൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ബാഴ്‌സലോണക്ക് ജനുവരി ജാലകത്തിൽ ഒരു സ്‌ട്രൈക്കറെ സ്വന്തമാക്കേണ്ടത് ആവശ്യവുമാണ്.


facebooktwitterreddit