Football in Malayalam

കൂമാനെ ഒഴിവാക്കാനുള്ള നീക്കങ്ങളുമായി ബാഴ്‌സലോണ, പകരക്കാരനാവാൻ പ്രധാന പരിഗണന സ്‌പാനിഷ്‌ പരിശീലകന്

Sreejith N
FC Barcelona v Granada CF - La Liga Santander
FC Barcelona v Granada CF - La Liga Santander / David Ramos/Getty Images
facebooktwitterreddit

ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് തോൽവിക്കു പിന്നാലെ ക്യാമ്പ് നൂവിൽ ഗ്രനാഡക്കെതിരെ നടന്ന ലീഗ് മത്സരത്തിൽ സമനിലയും വഴങ്ങിയതോടെ ബാഴ്‌സലോണ പരിശീലക സ്ഥാനത്ത് റൊണാൾഡ്‌ കൂമാന്റെ നാളുകൾ എണ്ണപ്പെട്ടു തുടങ്ങിയെന്നു റിപ്പോർട്ടുകൾ. പ്രമുഖ കായികമാധ്യമമായ ഗോൾ റിപ്പോർട്ടു ചെയ്യുന്നതു പ്രകാരം ആഭ്യന്തര, യൂറോപ്യൻ മത്സരങ്ങളുടെ തിരക്കേറിയ ഷെഡ്യൂളുമായി മുന്നോട്ടു പോകുന്ന ബാഴ്‌സ കൂമാനെ പുറത്താക്കാൻ ഉചിതമായൊരു സമയം നോക്കിയിരിക്കയാണ്.

ഗ്രനാഡക്കെതിരായ മത്സരത്തിനു ശേഷം കാഡിസ്, ലെവാന്റെ എന്നിവരുമായി ബാഴ്‌സലോണക്ക് ഈയാഴ്‌ച തന്നെ മത്സരമുണ്ട്. തിരക്കേറിയ ഈ ഷെഡ്യൂളിന്റെ ഇടയിൽ കൂമാനെ പുറത്താക്കാൻ ബാഴ്‌സക്ക് ഉദ്ദേശമില്ല. നിലവിൽ കൂമാനു പകരക്കാരൻ ആരായിരിക്കണം എന്ന കാര്യത്തിലും ബാഴ്‌സലോണക്ക് കൃത്യമായൊരു തീരുമാനം ഇല്ലെങ്കിലും ബെൽജിയൻ ടീമിന്റെ പരിശീലകനായ റോബർട്ടോ മാർട്ടിനസാണ്‌ അവരുടെ പ്രധാന ലക്ഷ്യമെന്ന് ഗോൾ വ്യക്തമാക്കുന്നു.

ദീർഘകാല പദ്ധതികളുമായി മുന്നോട്ടു പോകാനിരുന്ന ബാഴ്‌സയെ നയിക്കാൻ സാവിയെത്തണമെന്നാണ് ഏവരുടെയും താൽപര്യം എങ്കിലും അൽ സാദുമായി പുതിയ കരാറൊപ്പിട്ട ഇതിഹാസം ഇപ്പോൾ അതിനു തയ്യാറാകാൻ സാധ്യതയില്ല. അതുകൊണ്ടാണ് വർഷങ്ങളോളമായി ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു തുടരുന്ന ബെൽജിയൻ ടീമിന്റെ പരിശീലകനായ റോബർട്ടോ മാർട്ടിനസിലേക്ക് ബാഴ്‌സയുടെ ശ്രദ്ധ പതിഞ്ഞത്.

കാറ്റലൻ സ്വദേശി എന്നതിലുപരിയായി റോബർട്ടോ മാർട്ടിനസ് ദേശീയ ടീം വിടാൻ തയ്യാറാവാനുള്ള സാധ്യതയുണ്ടെന്നു റിപ്പോർട്ട് പറയുന്നു. ഒക്ടോബറിൽ ബെൽജിയത്തെ നാഷൻസ് ലീഗ് ഫൈനലിനൊരുക്കുന്ന അദ്ദേഹത്തിനു കീഴിൽ ലോകകപ്പ് യോഗ്യത മത്സരങ്ങളിലും ടീം മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാൽ ഇതുവരെയും കാറ്റലൻ നേതൃത്വം അദ്ദേഹവുമായി ചർച്ചകൾ നടത്തിയിട്ടില്ല.

ഒക്ടോബർ പകുതിയോടെ ഇന്റർനാഷണൽ ബ്രെക്ക് ആരംഭിക്കുന്നതിനു മുന്നോടിയായി കൂമാനെ ഒഴിവാക്കാനുള്ള നീക്കങ്ങൾ നടത്താമെന്നാണ് ബാഴ്‌സലോണ കരുതുന്നത്. അതേസമയം അതിനു മുൻപ് നടക്കാനിരിക്കുന്ന മത്സരങ്ങളിൽ ടീമിന്റെ പ്രകടനം ദയനീയമാവുകയാണെങ്കിൽ നേരത്തെ തന്നെ ഡച്ച് പരിശീലകൻ പുറത്താക്കപ്പെടാനുള്ള സാധ്യതയുണ്ട്.

facebooktwitterreddit