എംബാപ്പെ റയൽ മാഡ്രിഡിൽ എത്തുമെന്നുറപ്പിച്ച് ബാഴ്‌സലോണ
By Sreejith N

പിഎസ്‌ജി സൂപ്പർതാരമായ കിലിയൻ എംബാപ്പെ അടുത്ത സീസണിൽ റയൽ മാഡ്രിഡിൽ എത്തുമെന്നു ബാഴ്‌സലോണക്ക് ഉറച്ച വിശ്വാസമുണ്ടെന്നു റിപ്പോർട്ടുകൾ. ഈ സമ്മറിൽ ഫ്രീ ഏജന്റായി മാറുന്ന എംബാപ്പയെ നിലനിർത്താൻ പിഎസ്‌ജി ശ്രമം തുടരുകയാണെങ്കിലും അവിടേത്തന്നെ തുടരാൻ ഫ്രഞ്ച് താരം തയ്യാറാവില്ലെന്നും അടുത്ത സീസണിൽ റയൽ മാഡ്രിഡിനു വേണ്ടി കളിക്കുമെന്നുമാണ് ബാഴ്‌സലോണ വിശ്വസിക്കുന്നതെന്ന് ഗോൾ റിപ്പോർട്ടു ചെയ്‌തു.
ലോകത്തിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായ എംബാപ്പയെ സ്വന്തമാക്കാൻ ബാഴ്‌സലോണക്കും താൽപര്യമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ റയൽ മാഡ്രിഡ് അവരെക്കാൾ വളരെ മുന്നിലാണെന്നതും താരത്തിന്റെ താൽപര്യം ലോസ് ബ്ലാങ്കോസിൽ കളിക്കുകയാണെന്നതും അറിയാവുന്നതിനാലാണ് എംബാപ്പക്കായി ബാഴ്‌സലോണ ഒരു നീക്കവും നടത്താത്തത്. റയൽ മാഡ്രിഡും എംബാപ്പയും ട്രാൻസ്‌ഫറിന്റെ കാര്യത്തിൽ ധാരണയിൽ എത്തിയെന്നും അവർ വിശ്വസിക്കുന്നു.
"ഫ്ലോറന്റീനോ പെരസിന് എംബാപ്പയെ നഷ്‌ടപ്പെടുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അവർ ഏതെങ്കിലും തരത്തിലുള്ള കരാർ ഒപ്പുവെച്ചിട്ടുണ്ടായിരിക്കും." ബാഴ്‌സയുടെ ഒരു സീനിയർ ഒഫിഷ്യൽ പറഞ്ഞതായി ഗോൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം യാതൊരു വിധത്തിലുള്ള കരാറും ഒപ്പിട്ടിട്ടില്ലെന്നാണ് റയൽ മാഡ്രിഡും എംബാപ്പയും ഇതേക്കുറിച്ച് പ്രതികരിച്ചത്.
റയൽ മാഡ്രിഡ് എംബാപ്പയെ സ്വന്തമാക്കാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് ബാഴ്‌സലോണ അടുത്ത സീസണിലേക്ക് മികച്ചൊരു ടീമിനെ ഒരുക്കിയെടുക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. അവരുടെ പ്രധാന ലക്‌ഷ്യം ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡ് ആണെങ്കിലും നോർവീജിയൻ താരത്തെ സ്വന്തമാക്കുക അത്രയെളുപ്പമല്ലെന്നും ക്ലബിന് ധാരണയുണ്ട്. എംബാപ്പെ റയലിൽ എത്തിയാൽ ഹാലൻഡിനെ നേടാനുള്ള സാധ്യതകൾ വർധിക്കുമെന്ന് അവർ കരുതുന്നു.
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണ നിലവിലുള്ള താരങ്ങളിൽ ചിലരെ വിറ്റും മറ്റു സ്‌പോൺസർഷിപ്പ് കരാറുകളിൽ ഏർപ്പെട്ടുമാണ് തുക കണ്ടെത്താൻ ശ്രമിക്കുന്നത്. ഹാലൻഡിനു പുറമെ ആന്ദ്രെസ് ക്രിസ്റ്റൻസെൻ, ഫ്രാങ്ക് കെസീ, സെസാർ ആസ്പ്ലികുയറ്റ എന്നിവരെയും അടുത്ത സമ്മറിൽ ക്ലബ് ലക്ഷ്യമിടുന്നുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.