Football in Malayalam

ഗ്രീസ്‌മനെ ഒഴിവാക്കുകയല്ലാതെ മറ്റു വഴികളില്ല, ഫ്രഞ്ച് താരത്തെ ഡിബാലയുമായി സ്വാപ് ഡീൽ ചെയ്യാൻ ബാഴ്‌സ ഒരുങ്ങുന്നു

Sreejith N
Bologna FC v Juventus - Serie A
Bologna FC v Juventus - Serie A / Jonathan Moscrop/Getty Images
facebooktwitterreddit

ക്ലബിന്റെ വേതനബിൽ കുറക്കണെമെങ്കിൽ ഉയർന്ന പ്രതിഫലം വാങ്ങുന്ന ഒരു താരം ടീം വിടേണ്ടത് അനിവാര്യമാണെന്നിരിക്കെ യുവന്റസ് താരം ഡിബാലയുമായി ഗ്രീസ്‌മനെ സ്വാപ് ഡീൽ ചെയ്യുന്ന കാര്യം ബാഴ്‌സലോണ ആലോചിക്കുന്നു. നേരത്തെ അത്ലറ്റികോ മാഡ്രിഡ് താരം സൗളിനെയും ഗ്രീസ്‌മാനെയും പരസ്‌പരം കൈമാറാനുള്ള നീക്കങ്ങൾ എവിടെയുമെത്താത്ത സാഹചര്യത്തിലാണ് പുതിയ പദ്ധതി ബാഴ്‌സ ആലോചിക്കുന്നത്.

ഗ്രീസ്‌മൻ-സൗൾ ട്രാൻസ്‌ഫറിനുള്ള സാധ്യതകൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും ബാഴ്‌സലോണ ഒരു നിശ്ചിത തുക ആവശ്യപ്പെട്ടതാണ് നീക്കങ്ങൾ പ്രതിസന്ധിയിലാക്കിയത്. ഇതോടെയാണ് അർജന്റീന താരമായ ഡിബാലയെ കൈമാറ്റക്കരാറിൽ ഉൾപ്പെടുത്തുന്ന കാര്യം ബാഴ്‌സലോണ ആലോചിച്ചു തുടങ്ങിയതെന്ന് ഫ്രഞ്ച് മാധ്യമമായ ലെ എക്വിപ്പെ റിപ്പോർട്ടു ചെയ്യുന്നു.

കഴിഞ്ഞ സീസണിൽ ക്ലബുകളുടെ സാമ്പത്തിക അക്കൗണ്ടുകൾ ക്രമീകരിക്കുന്നതിനു വേണ്ടി ആർതർ-പ്യാനിച്ച് സ്വാപ് ഡീൽ നടത്തിയ ബാഴ്‌സലോണയും യുവന്റസും തമ്മിൽ മികച്ച ബന്ധമാണ് നിലനിൽക്കുന്നത്. ഇരു ക്ലബുകൾക്കും അതുകൊണ്ട് സ്പോർട്ടിങ് തലത്തിൽ ഗുണമൊന്നും ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. ഗ്രീസ്‌മനെ ബാഴ്‌സ ഒഴിവാക്കുന്നതും സാമ്പത്തിക കാരണങ്ങൾ കൊണ്ടു മാത്രമാണ്.

ബാഴ്‌സലോണയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായ ഗ്രീസ്‌മൻ കഴിഞ്ഞ സീസണിൽ ടീമിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട കളിക്കാരൻ കൂടിയാണ്. അൻപത്തിയൊന്നു മത്സരങ്ങൾ കളിച്ച താരം 19 ഗോളുകൾ നേടി. എന്നാൽ പുതിയ താരങ്ങളെയും മെസിയെയും രജിസ്റ്റർ ചെയ്യാൻ ഗ്രീസ്‌മനെ ഒഴിവാക്കുകയല്ലാതെ ബാഴ്‌സക്കു മറ്റു വഴികളില്ല.

അതേസമയം പരിക്കിന്റെ പിടിയിൽ കഴിഞ്ഞ സീസൺ പൂർത്തിയാക്കിയ ഡിബാല ഇരുപതു മത്സരങ്ങളിൽ മാത്രമാണ് കളിക്കാൻ ഇറങ്ങിയത്. അഞ്ചു ഗോളുകൾ മാത്രമേ താരത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളൂ എങ്കിലും അല്ലെഗ്രി പരിശീലകനായി എത്തിയതോടെ ഡിബാലയെ യുവന്റസ് ഒഴിവാക്കാൻ സാധ്യത കുറവാണ്.

facebooktwitterreddit