Football in Malayalam

കൂമാനു പകരക്കാരനാവാൻ അർജന്റീനിയൻ പരിശീലകനുമായി ബന്ധപ്പെട്ട് ബാഴ്‌സലോണ

Sreejith N
FC Barcelona v Granada CF - La Liga Santander
FC Barcelona v Granada CF - La Liga Santander / Eric Alonso/Getty Images
facebooktwitterreddit

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബെൻഫിക്കയോട് വഴങ്ങിയ കനത്ത തോൽവി ബാഴ്‌സലോണ പരിശീലകനായ റൊണാൾഡ്‌ കൂമാന്റെ സ്ഥാനം തെറിപ്പിക്കുമെന്നത് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു. ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് എതിരില്ലാത്ത മൂന്നു ഗോളിനു തോറ്റ ബാഴ്‌സ രണ്ടാമത്തെ മത്സരത്തിലും അതേ സ്കോറിനു തോറ്റതിനു പുറമെ ലാ ലിഗയിലും സ്ഥിരതയില്ലാത്ത പ്രകടനമാണ് കാഴ്‌ച വെക്കുന്നത്.

കൂമാനെ ഒഴിവാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുന്ന ബാഴ്‌സലോണ ഡച്ച് പരിശീലകനു പകരക്കാരനാവാൻ വേണ്ടി അർജന്റീനിയൻ ക്ലബ് റിവർപ്ളേറ്റിന്റെ മാനേജറായ മാഴ്‌സലോ ഗല്ലാർഡോയുമായി ബന്ധപ്പെട്ടുവെന്നാണ് ഏറ്റവും പുതിയ വാർത്ത. റോബർട്ടോ മാർട്ടിനസ്, ആന്ദ്രേ പിർലോ, സാവി എന്നിവർക്കൊപ്പം ബാഴ്‌സ പരിഗണിക്കുന്നവരിൽ ഗല്ലാർഡോയുമുണ്ടെന്ന് സ്‌പാനിഷ്‌ മാധ്യമം ആർഎസി വണ്ണാണു പുറത്തു വിട്ടത്.

അതേസമയം ബാഴ്‌സലോണ നിലവിൽ മുന്നോട്ടു വെച്ച ഓഫർ ഗല്ലാർഡോ നിരസിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അർജന്റീനിയൻ ക്ലബുമായി നിലവിലുള്ള കോൺട്രാക്‌ട് ഉപേക്ഷിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. എന്നാൽ റിവർപ്ളേറ്റുമായുള്ള കരാർ 2021 ഡിസംബറിൽ അവസാനിക്കും എന്നിരിക്കെ ജനുവരിയിൽ ബാഴ്‌സലോണ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ നാല്പത്തിയഞ്ചുകാരനായ ഗല്ലാർഡോ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഖത്തർ ക്ലബായ അൽ സാദുമായി കരാറുള്ള സാവിയും നിലവിൽ ബാഴ്‌സയിലേക്ക് വരാനുള്ള സാധ്യതയില്ലെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്റർനാഷണൽ ബ്രേക്കിനു ശേഷം ബെൽജിയൻ പരിശീലകനായ റോബർട്ടോ മാർട്ടിനസാണ്‌ ബാഴ്‌സലോണയുടെ ചുമതല ഏറ്റെടുക്കാൻ ഏറ്റവുമധികം സാധ്യതയുള്ളത്. ആന്ദ്രേ പിർലോയുടെ പേരും അതിനൊപ്പം ഉയർന്നു വരുന്നുണ്ടെങ്കിലും ഒൻപതു വർഷം തുടർച്ചയായി സീരി എ ഉയർത്തിയ യുവന്റസിനെ കഴിഞ്ഞ സീസണിൽ നാലാം സ്ഥാനത്തേക്കു വീഴ്ത്തിയ അദ്ദേഹത്തിൽ ആരാധകർക്ക് താൽപര്യമില്ല.

facebooktwitterreddit