കുട്ടീന്യോ ക്ലബ് വിട്ട ഒഴിവിലേക്ക് ബ്രസീലിയൻ താരം ഓസ്‌കാറിനെ ബാഴ്‌സലോണ പരിഗണിക്കുന്നു

Brazil v Croatia: Group A - 2014 FIFA World Cup Brazil
Brazil v Croatia: Group A - 2014 FIFA World Cup Brazil / Adam Pretty/GettyImages
facebooktwitterreddit

ഫിലിപ്പെ കുട്ടീന്യോ ക്ലബ് വിട്ട ഒഴിവിലേക്ക് മുൻ ചെൽസി താരമായ ഓസ്‌കാറിനെ ബാഴ്‌സലോണ പരിഗണിക്കുന്നുണ്ടെന്നു റിപ്പോർട്ടുകൾ. 2017ൽ 60 മില്യൺ യൂറോയുടെ ട്രാൻസ്‌ഫറിൽ ചെൽസി വിട്ട ബ്രസീലിയൻ മധ്യനിര താരം നിലവിൽ ചൈനീസ് സൂപ്പർ ലീഗിലെ ഷാങ്ങ്ഹായ് പോർട്ടിനു വേണ്ടി കളിക്കുകയാണ്.

എന്നാൽ മുപ്പതുകാരനായ താരത്തിന് ചൈനീസ് സൂപ്പർ ലീഗിൽ നിന്നും യൂറോപ്പിലേക്ക് മടങ്ങി വരാനുള്ള താൽപര്യം പരിഗണിച്ചാണ് ബാഴ്‌സ ഓസ്‌കാറിനെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിക്കാൻ പരിഗണിക്കുന്നത്. ബ്രസീലിയൻ മാധ്യമമായ ടിഎൻടി സ്പോർട്ടിനെ അടിസ്ഥാനമാക്കി ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്.

റിപ്പോർട്ടുകൾ പ്രകാരം ഓസ്‌കാറിനെ സ്വന്തമാക്കാൻ വേണ്ടിയുള്ള പ്രാഥമികമായ അന്വേഷണം ബാഴ്‌സലോണ നടത്തിയിട്ടുണ്ട്. 2024 വരെ ചൈനീസ് ക്ലബുമായി കരാറുള്ള താരത്തിന്റെ വേതന വ്യവസ്ഥകൾ ആണ് ബാഴ്‌സലോണക്ക് ട്രാൻസ്‌ഫർ നീക്കങ്ങളിൽ തിരിച്ചടി നൽകുന്നത്. ഓസ്‌കാർ പ്രതിഫലം കുറക്കാൻ തയ്യാറായാൽ മാത്രമേ ഡീൽ യാഥാർഥ്യമാകൂ.

ഷാങ്ഹായി പോർട്ടുമായുള്ള ആദ്യത്തെ ഡീൽ പ്രകാരം ഓസ്‌കാറിന് ആഴ്ച്ചയിൽ നാല് ലക്ഷം പൗണ്ടാണ് പ്രതിഫലമായി ലഭിച്ചിരുന്നതെങ്കിലും നിലവിലെ കരാറിൽ അത് ആറു ലക്ഷത്തോളം പൗണ്ടാണ്. ബാഴ്‌സലോണയെ സംബന്ധിച്ച് ഇത്രയും അധികം തുക പ്രതിഫലമായി നൽകാൻ നിലവിൽ കഴിയില്ലെന്നത് വ്യക്തമാണ്.

യൂറോപ്പിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം കൊണ്ട് ഓസ്‌കാർ തന്റെ പ്രതിഫലം കുറക്കുകയും ബാഴ്‌സലോണക്ക് ഉദ്ദേശിച്ച താരങ്ങളെ വിൽക്കാൻ കഴിയുകയും ചെയ്‌താൽ ഡീൽ യാഥാർഥ്യമായി മാറിയേക്കാം. ബാഴ്‌സലോണയിൽ കളിക്കാൻ ഓസ്‌കാറിനും താൽപര്യമുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ചൈനീസ് സൂപ്പർ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ഓസ്‌കാർ 114 മത്സരങ്ങളിൽ നിന്നും 34 ഗോളുകളും 73 അസിസ്റ്റുമാണ് ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. 2018ൽ ചൈനീസ് സൂപ്പർ ലീഗും അടുത്ത വർഷം ചൈനീസ് എഫ്എ സൂപ്പർകപ്പും നേടാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.