ബാഴ്സയിലെ സ്ഥിതി അതീവസങ്കീർണം, വേതനം കുറക്കാൻ തയ്യാറാകാത്ത താരങ്ങൾക്കെതിരെ നിയമനടപടി ഉണ്ടായേക്കും


മുൻപുണ്ടായിരുന്ന ക്ലബ് നേതൃത്വത്തിന്റെ തെറ്റായ നയങ്ങളും അതിനൊപ്പം കോവിഡ് മഹാമാരിയേൽപ്പിച്ച ആഘാതവും മൂലം ബാഴ്സലോണ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ സീസണിനിടയിൽ തന്നെ വന്നിരുന്നു. എന്നാൽ ബാഴ്സലോണ നേരിടുന്ന പ്രതിസന്ധി ആരാധകർ കരുതുന്നതിലും വളരെ വളരെ വലുതാണെന്നു വ്യക്തമാക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കുറയ്ക്കുന്നതിനു വേണ്ടി ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളോട് പ്രതിഫലം കുറക്കാൻ തയ്യാറാകണമെന്ന് ബാഴ്സലോണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യത്തോട് പല താരങ്ങളും അനുകൂലമായി പ്രതികരിക്കാത്തതിനാൽ അവർക്കെതിരെ കാറ്റലൻ ക്ലബ് നിയമ നടപടികൾക്ക് ഒരുങ്ങുകയാണെന്നാണ് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർറ്റീവോ റിപ്പോർട്ടു ചെയ്യുന്നത്.
Lawyers are getting involved, this is getting messy. https://t.co/Z6EPYt5Oaa
— SPORTbible (@sportbible) July 22, 2021
ലയണൽ മെസി പുതിയ കരാർ ഇതുവരെയും ഒപ്പു വെച്ചിട്ടില്ലെങ്കിലും താരം തന്റെ പുതിയ കരാറിൽ അൻപതു ശതമാനം പ്രതിഫലം വെട്ടിക്കുറയ്ക്കാൻ സമ്മതിച്ചിട്ടുണ്ടെന്നു റിപ്പോർട്ടുകളുണ്ട്. മെസിക്ക് പുറമെ ഉയർന്ന പ്രതിഫലം വാങ്ങുന്ന ക്ലബിലെ സീനിയർ താരങ്ങളായ ജെറാർഡ് പിക്വ, സെർജി റോബർട്ടോ, സെർജിയോ ബുസ്ക്വറ്റ്സ് എന്നിവരും വേതനം കുറക്കാൻ സമ്മതിച്ചിട്ടുണ്ട്.
അതേസമയം ഉയർന്ന പ്രതിഫലം വാങ്ങുന്ന മറ്റു ചില സീനിയർ താരങ്ങൾ അതു കുറക്കാൻ തയ്യാറാകില്ലെന്ന ആശങ്ക ബാഴ്സലോണക്കുണ്ട്. ഫ്രഞ്ച് പ്രതിരോധ താരം സാമുവൽ ഉംറ്റിറ്റി, ബോസ്നിയൻ മധ്യനിര താരം മിറാലം പ്യാനിച്ച് എന്നിവർക്കു പുറമെ ജോർദി ആൽബയും പ്രതിഫലം കുറക്കാൻ തയ്യാറാവില്ലെന്ന ആശങ്ക ബാഴ്സലോണക്കുണ്ട്.
മെസിക്ക് പുതിയ കരാർ നൽകാനും നിലവിൽ സ്വന്തമാക്കിയ താരങ്ങളെ ടീമിൽ രജിസ്റ്റർ ചെയ്യാനും വേതനം കുറച്ചേ തീരു എന്നിരിക്കെ അതിനു തയ്യാറാവാത്ത താരങ്ങൾക്ക് ഓഗസ്റ്റ് പതിനഞ്ചു വരെയാണ് ബാഴ്സലോണ തീരുമാനമെടുക്കാൻ അവസരം നൽകിയിരിക്കുന്നത്. ക്ലബിന്റെ പ്രൊപ്പോസൽ താരങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അതിനു ശേഷം നിയമനടപടികളുമായി ബാഴ്സ മുന്നോട്ടു പോകും.