Football in Malayalam

റഹീം സ്റ്റെർലിംഗിന് പകരമായി മൂന്ന് ചെല്‍സി താരങ്ങളെ നോട്ടമിട്ട് ബാഴ്‌സലോണ

Haroon Rasheed
Chelsea FC v Juventus: Group H - UEFA Champions League
Chelsea FC v Juventus: Group H - UEFA Champions League / Chloe Knott - Danehouse/GettyImages
facebooktwitterreddit

റഹീം സ്റ്റെര്‍ലിങ്ങിന് പകരമായി ചെല്‍സിയുടെ മൂന്ന് മുന്നേറ്റ താരങ്ങളെ ലക്ഷ്യമിട്ട് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ. ടീം മെച്ചപ്പെടുത്തുന്നതിന് വേണ്ടി മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് സ്റ്റെര്‍ലിങ്ങിനെ ടീമിലെത്തിക്കാന്‍ ബാഴ്‌സലോണ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇ.എസ്.പി.എന്നിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോണ്‍ കാലാവധിക്ക് ശേഷം താരങ്ങളെ സ്ഥിരകരാറില്‍ സ്വന്തമാക്കണമെന്ന നിബന്ധന കരാറില്‍ ഉള്‍പ്പെടുത്താന്‍ ബാഴ്‌സലോണ തയ്യാറല്ല.

അങ്ങനെ ഒരു നിബന്ധന ഇല്ലാതെ സ്റ്റെര്‍ലിംഗിനെ വിട്ടു നല്‍കാന്‍ സിറ്റി ഒരുക്കമല്ല. ഇതിനെ തുടര്‍ന്നാണ് ബാഴ്‌സലോണ ചെല്‍സി താരങ്ങളെ ലക്ഷ്യമിടുന്നത്. ചെല്‍സി താരങ്ങളായ ടിമോ വെര്‍ണര്‍, ഹക്കീം സിയെച്ച് എന്നിവരെയാണ് ബാഴ്‌സലോണ ലക്ഷ്യമിടുന്നത്. എൽ നാഷണലിന്റെ റിപ്പോർട്ട് പ്രകാരം ക്രിസ്ത്യൻ പുലിസിച്ചും ബാഴ്‌സലോണയുടെ റഡാറിലുണ്ട്. അതേ സമയം, മേൽപറഞ്ഞ താരങ്ങൾക്ക് വേണ്ടി ചെൽസി ചോദിക്കുന്ന തുക ബാഴ്‌സലോണയ്ക്ക് നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ നൽകാൻ കഴിയുമോ എന്ന കാര്യം സംശയമാണ്. അതിനാൽ തന്നെ, കൈമാറ്റക്കരാറോ, അല്ലെങ്കിൽ ലോണിലോ താരങ്ങളെ സ്വന്തമാക്കാനാവും ബാഴ്‌സ ശ്രമിക്കുക എന്നാണ് സൂചന.

ലയണല്‍ മെസ്സി, ലൂയിസ് സുവാരസ്, അന്റോയിന്‍ ഗ്രിസ്മാന്‍ എന്നിവര്‍ ക്ലബ് വിട്ടതും, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് സെര്‍ജിയോ അഗ്യൂറോയുടെ കാര്യം അവതാളത്തിലായതും ബാഴ്‌സലോണയുടെ മുന്നേറ്റ നിരക്ക് തിരിച്ചടിയാണ്. അതിനാല്‍ സാവിക്ക് കീഴില്‍ മികച്ചൊരു മുന്നേറ്റനിരയെ ഒരുക്കാനാണ് ബാഴ്‌സലോണ ഇപ്പോള്‍ ശ്രമം നടത്തുന്നത്.

സ്റ്റെര്‍ലിങ്ങിനെ ടീമിലെത്തിക്കാന്‍ ബാഴ്‌സലോണക്ക് താത്പര്യമുണ്ടെങ്കിലും, നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ബാഴ്‌സലോണ അതിന് മുതിരുമോ എന്ന കാര്യം സംശയമാണ്. സാവിക്ക് കീഴില്‍ മികച്ച മുന്നേറ്റനിരയെ ഒരുക്കുന്നിതിന്റെ ഭാഗമായി യുവതാരം ഒസ്മാന്‍ ഡംബലേയോട് ക്ലബില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.


facebooktwitterreddit