FC Barcelona News

ഡെംബലെ കരാർ പുതുക്കിയതു സ്ഥിരീകരിച്ച് ബാഴ്‌സലോണ, പുതിയ കരാറിൽ പ്രതിഫലം വെട്ടിക്കുറച്ച് ഫ്രഞ്ച് താരം

Sreejith N
Barcelona Confirm Ousmane Dembele Renewed His Contract
Barcelona Confirm Ousmane Dembele Renewed His Contract / Quality Sport Images/GettyImages
facebooktwitterreddit

ഫ്രഞ്ച് മുന്നേറ്റനിര താരമായ ഒസ്മാനെ ഡെംബലെ ക്ലബുമായി കരാർ പുതുക്കിയതു സ്ഥിരീകരിച്ച് ബാഴ്‌സലോണ. 2024 വരെയാണ് താരം ബാഴ്‌സലോണയുമായി പുതിയ കരാർ ഒപ്പുവെച്ചിരിക്കുന്നത്. താരത്തിന്റെ ഏജന്റും ബാഴ്‌സലോണയും തമ്മിൽ കരാർ പുതുക്കാൻ കഴിഞ്ഞയാഴ്‌ച തന്നെ ധാരണയിൽ എത്തിയെങ്കിലും ഇന്നാണ് ഔദ്യോഗികമായ പ്രഖ്യാപനം വരുന്നത്.

ഡെംബലെയും ബാഴ്‌സലോണയും തമ്മിൽ കരാർ പുതുക്കാനുള്ള ചർച്ചകൾ ആരംഭിച്ച് മാസങ്ങളായെങ്കിലും പ്രതിഫലം സംബന്ധിച്ച് ധാരണയിൽ എത്താതിനാൽ അതിൽ അവസാന തീരുമാനം വന്നിരുന്നില്ല. കരാർ പുതുക്കാത്തതിനാൽ ജനുവരിയിൽ ക്ലബ് വിടണമെന്ന് ബാഴ്‌സലോണ ആവശ്യപ്പെട്ട താരമാണ് ഇപ്പോൾ പുതിയ കോണ്ട്രാക്റ്റ് ഒപ്പിട്ടിരിക്കുന്നത്.

രണ്ടു വർഷത്തേക്കു പുതുക്കിയ ഡെംബലെയുടെ കരാർ 2024 ജൂൺ മുപ്പതിനാണ് അവസാനിക്കുക. പ്രതിഫലവുമായി ബന്ധപ്പെട്ടാണ് കരാർ ചർച്ചകൾ നീണ്ടു പോയതെങ്കിലും മുൻപത്തേക്കാൾ കുറവാണ് പുതിയ കരാറിൽ ഡെംബലെയുടെ വേതനം. നാൽപതു ശതമാനം പ്രതിഫലമാണ് താരം വെട്ടിക്കുറച്ചതെന്നാണ് ഗോൾ റിപ്പോർട്ടു ചെയ്‌തത്‌.

അടുത്ത രണ്ടു സീസണുകളിൽ താരത്തിന്റെ ടീമിലുള്ള പങ്കാളിത്തവും പ്രകടനവും കണക്കാക്കിയുള്ള അനുബന്ധ ഉടമ്പടികളും കരാറിലുണ്ട്. മികച്ച പ്രകടനം നടത്തിയാൽ ഒരു വർഷത്തിൽ പത്തു മില്യൺ യൂറോ വരെ ഡെംബലെക്ക് പ്രതിഫലമായി ലഭിക്കും. സാവി പരിശീലകനായതിനു ശേഷം ഡെംബലെയുടെ പ്രകടനം വളരെയധികം മെച്ചപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.

ഡെംബലെയെ സ്വന്തമാക്കാൻ കൂടുതൽ ക്ലബുകളൊന്നും താൽപര്യം പ്രകടിപ്പിക്കാതിരുന്നതാണ് താരത്തിന്റെ കരാർ പുതുക്കാൻ ബാഴ്‌സലോണയെ സഹായിച്ചത്. ചെൽസിയാണ് താരത്തിൽ താൽപര്യമുണ്ടായിരുന്നു ക്ലബെങ്കിലും മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും സ്റ്റെർലിങ് എത്തിയതോടെ അവർ ഫ്രഞ്ച് താരത്തിനു വേണ്ടിയുള്ള നീക്കങ്ങൾ അവസാനിപ്പിച്ചു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit