Football in Malayalam

മത്സരത്തിനിടയിൽ ശ്വാസതടസം, അഗ്യൂറോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Sreejith N
FC Barcelona v Deportivo Alaves - LaLiga Santander
FC Barcelona v Deportivo Alaves - LaLiga Santander / Alex Caparros/GettyImages
facebooktwitterreddit

അലാവസുമായി ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിനിടയിൽ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ബാഴ്‌സലോണ സ്‌ട്രൈക്കറായ സെർജിയോ അഗ്യൂറോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈതാനത്തു നിന്നും പ്രഥമ ശുശ്രൂഷകൾ നൽകിയതിനു ശേഷം ആശുപത്രിയിലേക്കു മാറ്റിയ താരത്തിന് ഹൃദയസംബന്ധമായ പരിശോധനകൾ വേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

മത്സരം നാൽപതു മിനുട്ടിലധികം പിന്നിട്ടപ്പോഴാണ് അഗ്യൂറോ അസ്വസ്ഥതകൾ പ്രകടിപ്പിച്ചു തുടങ്ങിയത്. നെഞ്ചിൽ കൈവെച്ച് മൈതാനത്തു തളർന്നു നിന്ന താരത്തെ മെഡിക്കൽ സ്റ്റാഫുകൾ കൂട്ടിക്കൊണ്ടു പോയതിനു ശേഷം അടിയന്തിര ചികിത്സ നൽകിയതിനു ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടീന്യോയാണ് താരത്തിനു പകരം കളത്തിലിറങ്ങിയത്.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ മത്സരത്തിനിടെ അഗ്യൂറോ നേരിട്ടുവെന്നും ആശുപത്രിയിലേക്ക് മാറ്റിയ താരത്തിന് കൂടുതൽ പരിശോധനകൾ വേണമെന്നും ബാഴ്‌സലോണ സ്ഥിരീകരിച്ചു. പരിക്കു മൂലം സീസണിന്റെ തുടക്കം മുതൽ പുറത്തായിരുന്ന അഗ്യൂറോ തിരിച്ചെത്തി ഏതാനും മത്സരങ്ങൾ മാത്രം കളിച്ചതിനു പിന്നാലെയാണ് വീണ്ടും പുറത്താവുന്നത്.

താരത്തിന്റെ അവസ്ഥയെക്കുറിച്ച് അറിയില്ലെന്നാണ് മത്സരത്തിനു ശേഷം ബാഴ്‌സലോണയുടെ താൽക്കാലിക പരിശീലകനായ സെർജി ബാർയുവാൻ പറഞ്ഞത്. അഗ്യൂറോക്കു പുറമെ പ്രതിരോധതാരം ജെറാർഡ് പിക്വക്കും മത്സരത്തിൽ പരിക്കു പറ്റിയിരുന്നു. എഴുപതാം മിനുട്ടിലാണ് പിക്വ പരിക്കേറ്റു പുറത്തു പോയത്.

നിരവധി താരങ്ങൾ നേരത്തെ തന്നെ പരിക്കേറ്റു പുറത്തിരിക്കുന്ന ബാഴ്‌സക്ക് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ നിർണായക പോരാട്ടങ്ങൾ വരാനിരിക്കെ കൂടുതൽ തിരിച്ചടിയാണു പരിക്കുകൾ. ചാമ്പ്യൻസ് ലീഗിൽ ഇനിയൊരു മത്സരത്തിലെ തോൽവി ഇത്തവണ യൂറോപ്പ ലീഗ് കളിക്കേണ്ട സാഹചര്യത്തിലേക്ക് ബാഴ്‌സയെ എത്തിച്ചേക്കും.

facebooktwitterreddit