എൽ ക്ലാസികോ തോൽവിക്കു പിന്നാലെ റൊണാൾഡ് കൂമാനു നേരെ ആരാധകർ നടത്തിയ അതിക്രമത്തെ അപലപിച്ച് ബാഴ്സലോണ


ഈ സീസണിലെ ആദ്യത്തെ എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിനോട് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ തോൽവി വഴങ്ങിയതിനു പിന്നാലെ പരിശീലകനായ റൊണാൾഡ് കൂമാനു നേരെ ആരാധകക്കൂട്ടം നടത്തിയ അതിക്രമത്തെ അപലപിച്ച് ബാഴ്സലോണ. മത്സരത്തിനു ശേഷം ഡച്ച് പരിശീലകൻ മൈതാനം വിടുമ്പോൾ ഒരുപറ്റം ആരാധകർ അദ്ദേഹത്തിന്റെ കാറിനു ചുറ്റും കൂടി പ്രതിഷേധം ഉയർത്തുകയായിരുന്നു.
മത്സരം അവസാനിച്ചതിനു പിന്നാലെ ക്യാമ്പ് ന്യൂവിൽ നിന്നും കൂമാൻ പുറത്തുകടക്കുമ്പോഴാണ് അവിടെ കൂടി നിന്ന ആരാധകർ തോൽവിയുടെ രോഷം പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ കാർ തടയാൻ ശ്രമിച്ച ആരാധകർ വാഹനത്തിൽ അടിച്ചും അതിന്റെ മുകളിൽ കയറാൻ ശ്രമിച്ചുമെല്ലാം ഒരു അക്രമാന്തരീക്ഷം സൃഷ്ടിച്ച് തങ്ങളുടെ പ്രതിഷേധം അറിയിക്കുകയായിരുന്നു.
Fans mobbed Ronald Koeman's car after Barcelona's defeat in El Clasico ?
— B/R Football (@brfootball) October 24, 2021
(via @1899Gallego)pic.twitter.com/tb7EywWDM0
ക്യാമ്പ് ന്യൂവിൽ നിന്നും പരിശീലകൻ പുറത്തു പോകുമ്പോൾ അനുഭവിച്ച അകാരമാസക്തമായ ആരാധകരുടെ പ്രതിഷേധത്തിൽ അപലപിച്ച ബാഴ്സലോണ ഇത്തരം അസാധാരണ സംഭവങ്ങൾ ഇനിയും നടക്കാതിരിക്കാൻ വേണ്ടത്ര സുരക്ഷാ മുൻകരുതലുകളും തയ്യാറെടുപ്പുകളും നടത്തുമെന്ന് സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഇന്നലത്തെ മത്സരത്തിൽ റയൽ മാഡ്രിഡിനോട് തോൽവി നേരിട്ടതോടെ പരിശീലകനായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യ മൂന്നു എൽ ക്ലാസിക്കോ മത്സരത്തിലും തോൽവി നേരിടുന്ന ബാഴ്സലോണയുടെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ മാത്രം പരിശീലകനെന്ന നാണക്കേടിന്റെ റെക്കോർഡ് കൂമാൻ നേടിയിരുന്നു. 1935ലും 1940ലും പരിശീലകനായിരുന്ന പാട്രിക്ക് ഓ കോണൽ മാത്രമാണ് ഇതിനു മുൻപ് ഇത്തരമൊരു തോൽവി വഴങ്ങിയിട്ടുള്ളത്.
അതേസമയം മത്സരത്തിൽ ഡേവിഡ് അലബ, ലൂക്കാസ് വാസ്ക്വസ് എന്നിവരുടെ ഗോളുകളിൽ വിജയിച്ചത് റയൽ മാഡ്രിഡിന് ചരിത്രനേട്ടമാണ് സ്വന്തമാക്കി നൽകിയത്. കഴിഞ്ഞ നാല് എൽ ക്ലാസിക്കോ മത്സരങ്ങളും വിജയിച്ചത് 1965നു ശേഷമുള്ള അവരുടെ ഏറ്റവും മികച്ച എൽ ക്ലാസിക്കോ റെക്കോർഡാണ്.