സാവി ഹാലൻഡുമായി കൂടിക്കാഴ്ച നടത്തി, ഡോർട്മുണ്ട് താരം ബാഴ്സലോണയോടടുക്കുന്നു


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡിനെ സ്വന്തമാക്കാനുള്ള ബാഴ്സലോണയുടെ പദ്ധതികൾ മുന്നോട്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബാഴ്സലോണ പരിശീലകനായ സാവിയും സ്പോർട്ടിങ് അഡ്വൈസറായ ജോർദി ക്രൈഫും മ്യൂണിക്കിൽ വെച്ച് ഹാലൻഡുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. താരം ബാഴ്സലോണയോട് കൂടുതൽ അടുക്കുന്നുവെന്നാണ് ഇതു വ്യക്തമാക്കുന്നത്.
ബയേണുമായി ട്രാൻസ്ഫർ ചർച്ചകൾ നടത്തുന്നതിനാണ് ഹാലൻഡ് മ്യൂണിക്കിൽ എത്തിയതെന്നാണ് കരുതിയിരുന്നതെങ്കിലും മെഡിക്കൽ ട്രീറ്റ്മെന്റ് ആയിരുന്നു അതിനു പിന്നിലെ കാരണമെന്ന് പിന്നീട് വ്യക്തമായി. ഇതിനു പിന്നാലെയാണ് കാറ്റലൻ മാധ്യമമായ എൽ'എസ്പോർറ്റ്യു സാവിയും ജോർദി ക്രൈഫും ഹാലൻഡിനെ സന്ദർശിച്ച വിവരം വെളിപ്പെടുത്തിയത്. എന്നാൽ കൂടിക്കാഴ്ച്ചയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Xavi could have already met the Norwegian! ? https://t.co/ZGa3O55tjP
— MARCA in English (@MARCAinENGLISH) March 3, 2022
ബാഴ്സലോണയുടെ ട്രാൻസ്ഫർ സംബന്ധമായ വിഷയങ്ങളിൽ സാവി എത്രത്തോളം ഇടപെടൽ നടത്തുന്നുണ്ടെന്നതു കൂടിയാണ് ഇതു തെളിയിക്കുന്നതെന്ന് കാറ്റലൻ മാധ്യമം വെളിപ്പെടുത്തുന്നു. തന്റെ ടീമിലേക്ക് ഏതൊക്കെ താരങ്ങൾ വരണമെന്നതിൽ സാവിക്ക് ഇടപെടൽ നടത്താനുള്ള പൂർണസ്വാതന്ത്ര്യം ബാഴ്സ അനുവദിച്ചിട്ടുണ്ട്. എസി മിലാൻ താരമായ ഫ്രാങ്ക് കെസീയുമായും സാവി സംസാരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സാവി പരിശീലകനായി എത്തിയതിനു ശേഷമുള്ള ആദ്യത്തെ ട്രാൻസ്ഫർ ജാലകത്തിൽ എത്തിയ താരങ്ങൾ തന്നെ ടീമിന് വളരെയധികം പുരോഗതി നൽകിയിട്ടുണ്ട്. അതിനാൽ തന്നെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ആരെയൊക്കെ കാറ്റലൻ ക്ലബ് സ്വന്തമാക്കുമെന്ന് ആരാധകർ കാത്തിരിക്കയാണ്. ഹാലൻഡിനെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അതു തന്നെ ബാഴ്സലോണക്ക് വലിയൊരു ഊർജ്ജമായി മാറും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.