Football in Malayalam

മെസി ക്ലബ് വിടുന്നതു കൊണ്ടു ബാഴ്‌സലോണക്കുണ്ടാക്കുന്ന നഷ്ടമെത്ര, കണക്കുകൾ ഇങ്ങനെ...

Sreejith N
FBL-ESP-LIGA-BARCELONA-MESSI
FBL-ESP-LIGA-BARCELONA-MESSI / PAU BARRENA/Getty Images
facebooktwitterreddit

ലയണൽ മെസി ബാഴ്‌സലോണ വിടുകയെന്നത് ആരാധകർ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെങ്കിലും ഒടുവിൽ അത് യാഥാർഥ്യമായിരിക്കയാണ്. ലാ ലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങൾ കാരണം മെസിയെ ടീമിന്റെ ഭാഗമാക്കാൻ കഴിയില്ലെന്ന് ബാഴ്‌സലോണ അറിയിച്ചതോടെ താരത്തെ സ്വന്തമാക്കുകയെന്ന സ്വപ്‌നത്തോട് പിഎസ്‌ജി അടുത്തു കൊണ്ടിരിക്കയാണ്.

കഴിഞ്ഞ സീസണിൽ ഒട്ടനവധി പ്രതിസന്ധികൾ നേരിട്ടെങ്കിലും ബാഴ്‌സയെലോണയെ ലാ ലിഗ കിരീടം നേടുന്നതിന്റെ അരികിൽ വരെ എത്തിക്കുന്നതിൽ മെസിയുടെ പങ്ക് വളരെ വലുതായിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ബാഴ്‌സലോണയുടെയും ലാലിഗയിലെയും ടോപ് സ്കോററായി തുടരുന്ന താരത്തിന്റെ അഭാവം കൂമാന്റെ ടീമിനെ ബാധിക്കുമെന്നുറപ്പാണ്.

ടീമിന്റെ പ്രകടനത്തെ മാത്രമല്ല, ബാഴ്‌സലോണയെന്ന ബ്രാൻഡിനെയും മെസി ക്ലബ് വിടുന്നത് വളരെയധികം ബാധിക്കും. ബ്രാൻഡ് ഫൈനാൻസിന്റെ റിപ്പോർട്ടുകൾ പ്രകാരം മെസി ക്ലബ് വിട്ടതോടെ റയൽ മാഡ്രിഡിനു പിന്നിൽ ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ബ്രാൻഡായി നിൽക്കുന്ന ബാഴ്‌സലോണയുടെ മൂല്യത്തിൽ പതിനൊന്നു ശതമാനമാണ് ഇടിവുണ്ടാവുക.

ബാഴ്‌സയുടെ ബ്രാൻഡ് മൂല്യം കണക്കാക്കുമ്പോൾ റിപ്പോർട്ടുകൾ പ്രകാരം മെസി ക്ലബ് വിട്ടതു കൊണ്ട് 137 മില്യൺ യൂറോയുടെ ഇടിവാണ് ക്ലബിനുണ്ടാവുക. ഇതിൽ 77 മില്യൺ യൂറോ കൊമേഴ്‌സ്യൽ റെവന്യൂ മാത്രമാണ്. ഇതിനു പുറമെ 17 മില്യൺ യൂറോ മാച്ച് റെവന്യൂ, 43 മില്യൺ യൂറോ ജേഴ്‌സി വിൽപ്പന എന്നിവയിലൂടെ ബാഴ്‌സക്ക് നഷ്‌ടപ്പെടും.

ക്ലബ് സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത് ഇതുപോലെയൊരു നഷ്‌ടം ബാഴ്‌സക്ക് തിരിച്ചടിയാണെങ്കിലും 2018ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടപ്പോൾ റയലിനുണ്ടായ നഷ്ടം സംഭവിച്ചിട്ടില്ലെന്ന് ആശ്വസിക്കാൻ. റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയപ്പോൾ റയൽ മാഡ്രിഡിന്റെ ബ്രാൻഡ് മൂല്യം 19 ശതമാനമാണ് ഇടിഞ്ഞത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit