ബാഴ്സ ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബ്, ലയണൽ മെസിയിൽ നിന്ന് തനിക്ക് ആശംസാ സന്ദേശം ലഭിച്ചതായും വെളിപ്പെടുത്തി സാവി

Xavi Hernandez Unveiled As New FC Barcelona FC Head Coach
Xavi Hernandez Unveiled As New FC Barcelona FC Head Coach / Quality Sport Images/GettyImages
facebooktwitterreddit

ബാഴ്സലോണ ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബാണെന്നും, പരിശീലകനായി ക്ലബ്ബിലേക്ക് തിരിച്ചെത്തിയതിൽ താൻ വളരെയധികം ആവേശത്തിലാണെന്നുംസാവി ഹെർണാണ്ടസ്. ബാഴ്സലോണ ആരാധകർക്ക് നല്ല ഫുട്ബോൾ സമ്മാനിക്കുന്നതാണ് തന്റെ ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ക്ലബ്ബിന്റെ മൂല്യം നിലനിർത്തിക്കൊണ്ട് ഗൗരവത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു. കറ്റാലൻ ക്ലബ്ബിന്റെ പുതിയ പരിശീലകനായി അവതരിപ്പിക്കപ്പെട്ടതിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സീസണിൽ ബാഴ്സലോണ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയ അർജന്റൈൻ ഇതിഹാസം ലയണൽ മെസിയെ പരിശീലിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യവും പത്രസമ്മേളനത്തിനിടെ സാവിക്ക് നേരിടേണ്ടി‌വന്നു. മെസി, സാമുവൽ ഏറ്റു, റൊണാൾഡീഞ്ഞോ എന്നിവരെ പരിശീലിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഇതിന് മറുപടി നൽകിയ സാവി, എന്നാൽ ഇപ്പോൾ അവർ ഇവിടെയില്ലെന്ന് ചൂണ്ടിക്കാട്ടിയതിനൊപ്പം ബാഴ്സ പരിശീലകനായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം മെസി തനിക്ക് ആശംസാ സന്ദേശം അയച്ചിരുന്നതായും വെളിപ്പെടുത്തി.

"മെസി, ഏറ്റു, റൊണാൾഡീഞ്ഞോ (പരിശീലിപ്പിക്കാൻ താല്പര്യപ്പെടുന്നവർ). എന്നാൽ അവർ ഇവിടെയില്ല, മെസി ഒരു നല്ല സുഹൃത്താണ്. അദ്ദേഹം എനിക്ക് ആശംസകൾ നേർന്നു. എന്നാൽ ഇവിടെയില്ലാത്ത കളികാരെക്കുറിച്ച് ചിന്തിക്കാൻ നമുക്ക് കഴിയില്ല." മെസിയെ പരിശീലിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് സാവി മറുപടി നൽകി.

പരിശീലക വേഷത്തിൽ ക്ലബ്ബിലേക്ക് മടങ്ങിയെത്തിയ തനിക്ക് ആരാധകരിൽ നിന്ന് ലഭിച്ച ആവേശകരമായ സ്വീകരണത്തെക്കുറിച്ചും സംസാരത്തിനിടെ സാവി മനസ് തുറന്നു. "ഞാൻ ശരിക്കും ആവേശത്തിലാണ്. ഞാൻ വീട്ടിലേക്ക് തിരിച്ചെത്തി. സാമ്പത്തികപരമായി ഞങ്ങൾ കഠിനമായ സാഹചര്യത്തിലാണ്, അല്ലാതെ മികച്ച കായിക നിമിഷത്തിലല്ല. എന്നാൽ ഞങ്ങൾ ബാഴ്സയാണ്, ഞങ്ങൾ ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബാണ്."

"ഇന്ന് ആരാധകരെ കാണുമ്പോൾ ഞാൻ ശരിക്കും വികാരാധീനനായിരുന്നു, അവർക്ക് നല്ല ഫുട്ബോൾ തിരികെ നൽകണം, ഗൗരവത്തോടെയും, മൂല്യത്തോടെയും പ്രവർത്തിക്കണം." സാവി പറഞ്ഞു നിർത്തി.