Football in Malayalam

എർലിങ് ഹാലൻഡുമായി കൂടിക്കാഴ്‌ച നടത്തിയെന്ന വാർത്തകളോട് പ്രതികരിച്ച് സാവി

Sreejith N
FC Barcelona v Athletic Club - La Liga Santander
FC Barcelona v Athletic Club - La Liga Santander / Alex Caparros/GettyImages
facebooktwitterreddit

മ്യൂണിക്കിൽ വെച്ച് ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡുമായി ചർച്ചകൾ നടത്തിയെന്ന വാർത്തകളോടു പ്രതികരിച്ച് ബാഴ്‌സലോണ പരിശീലകൻ സാവി. കൂടിക്കാഴ്‌ച നടത്തിയത് നിഷേധിക്കാനോ സമ്മതിക്കാനോ മുതിരാതിരുന്ന സാവി ഇപ്പോഴും പിന്നീടും ടീമിനെ മികച്ചതാക്കുന്നതിനു വേണ്ടിയാണ് താൻ ശ്രമിക്കുന്നതെന്നാണ് മറുപടി പറഞ്ഞത്.

അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണയുടെ പ്രധാന ട്രാൻസ്‌ഫർ ലക്ഷ്യങ്ങളിൽ ഒന്നാണ് എർലിങ് ബ്രൂട് ഹാലൻഡെന്നത് നേരത്തെ വ്യക്തമായ കാര്യമാണ്. താരത്തിനു വേണ്ടി നിരവധി ക്ലബുകൾ രംഗത്തുണ്ടെന്നിരിക്കെയാണ് സാവി ഹാലൻഡിനെ കാണാൻ മ്യൂണിക്കിൽ എത്തിയെന്ന വാർത്ത സ്‌പാനിഷ്‌ മാധ്യമങ്ങൾ പുറത്തു വിട്ടത്.

"എനിക്ക് വിശദവിവരങ്ങൾ തരാൻ കഴിയില്ല. എനിക്ക് പറയാൻ കഴിയുന്ന ഒരേയൊരു കാര്യം ഞങ്ങൾ ക്ലബിന്റെ ഭാവിക്കും വർത്തമാനത്തിനും വേണ്ടി പ്രവർത്തിക്കുന്നു എന്നു മാത്രമേ പറയാൻ കഴിയൂ." എൽഷെക്കെതിരെ നടക്കുന്ന ലാ ലിഗ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോൾ സാവി പറഞ്ഞു.

"പാബ്ലോ ടോറെയെ സ്വന്തമാക്കിയതു പോലെ ഞങ്ങൾക്ക് എന്തെങ്കിലും പ്രഖ്യാപനം നടത്താൻ കഴിഞ്ഞാൽ, ഞങ്ങളത് പ്രഖ്യാപിക്കും. എനിക്ക് അതിൽ കൂടുതലൊന്നും പറയാൻ കഴിയില്ല. ഞങ്ങൾ ക്ലബിന്റെ വർത്തമാനത്തിനും ഭാവിക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്." സാവി വ്യക്തമാക്കി.

സ്‌പാനിഷ്‌ ക്ലബായ റേസിംഗ് സാന്റഡാറിൽ നിന്നും 18 വയസു പ്രായമുള്ള പാബ്ലോ ടോറെയെക്കുറിച്ചും സാവി സംസാരിച്ചു. നൈസർഗികമായ കഴിവുകളുള്ള താരത്തിന് വിങ്ങിലും മധ്യത്തിലും കളിക്കാൻ കഴിയുമെന്നും രണ്ടു കാലുകളും ഒരുപോലെ ഉപയോഗിക്കാൻ കഴിയുമെന്നും സാവി പറഞ്ഞു. നിരവധി വർഷങ്ങൾ ബാഴ്‌സലോണക്കു വേണ്ടി കളിക്കാൻ ടോറെക്കു കഴിയുമെന്നും സാവി അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit