ഡെംബലെയോടുള്ള ബാഴ്‌സ ആരാധകരുടെ സമീപനത്തിൽ നിരാശ വെളിപ്പെടുത്തി സാവി ഹെർണാണ്ടസ്

Sreejith N
Granada CF v FC Barcelona - La Liga Santander
Granada CF v FC Barcelona - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

ഒസ്മാനെ ഡെംബലെയോടുള്ള ബാഴ്‌സലോണ ആരാധകരുടെ സമീപനത്തിൽ നിരാശ വെളിപ്പെടുത്തി പരിശീലകൻ സാവി ഹെർണാണ്ടസ്. അത്ലറ്റികോ മാഡ്രിഡുമായി ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിനു മുൻപ് ക്യാമ്പ് ന്യൂവിലെ അനൗൺസർ ഫ്രഞ്ച് താരത്തിന്റെ പേരു പറഞ്ഞപ്പോൾ ആരാധകർ കൂക്കി വിളിച്ചാണ് അതിനെ സ്വീകരിച്ചത്.

ജനുവരി ജാലകത്തിൽ ക്ലബ് വിടാൻ ആവശ്യപ്പെട്ടിട്ടും സമ്മറിൽ ഫ്രീ ഏജന്റായി പോകുന്നതിനു വേണ്ടി ഡെംബലെ ബാഴ്‌സയിൽ തന്നെ തുടരാനുള്ള തീരുമാനമാണ് എടുത്തത്. കരാറുള്ള താരത്തെ ബാഴ്‌സലോണ ഉപയോഗിക്കുമെന്നും ഡെംബലെയോട് അപമര്യാദ കാണിക്കരുതെന്നും സാവി കഴിഞ്ഞ ദിവസം ആരാധകരോട് ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു താരം കൂക്കുവിളികൾ ഏറ്റുവാങ്ങേണ്ടി വന്നത്.

"അവർ ഡെംബലെയെ പിന്തുണക്കാൻ ഞാൻ ആഗ്രഹിക്കുന്നു. താരത്തെ കൂക്കിവിളിക്കുന്നത് നിർത്താൻ ഞാൻ ആരാധകരോട് ആവശ്യപ്പെടുകയാണ്. താരത്തെ മത്സരത്തിൽ കളിപ്പിക്കാൻ എനിക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാൽ റെഡ് കാർഡ് കളിയുടെ ഗതി മാറ്റിയതിനാൽ ഞാൻ അതു വേണ്ടെന്ന തീരുമാനമെടുത്തു." സാവി മത്സരത്തിനു ശേഷം പറഞ്ഞു.

കരാർ പുതുക്കാൻ വിസമ്മതിച്ച്‌ ബാഴ്‌സലോണക്കൊപ്പം തുടരുന്ന ഡെംബലെക്കു പകരം അഡമ ട്രയോറക്കാണ് സാവി ആദ്യ ഇലവനിൽ അവസരം നൽകിയത്. മുൻ ബാഴ്‌സ അക്കാദമി താരം ഒരു ഗോളിന് അസിസ്റ്റ് നൽകി മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകളുടെ വിജയം നേടി ലീഗിൽ ടോപ് ഫോറിലെത്താൻ ബാഴ്‌സലോണക്കു കഴിഞ്ഞിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit