'ഞങ്ങൾക്ക് അദ്ദേഹത്തെക്കാൾ മികച്ച കളികാരുണ്ട്'; പ്യാനിച്ചിന് മറുപടിയുമായി റൊണാൾഡ് കൂമാൻ രംഗത്ത്

By Gokul Manthara
FC Barcelona v Elche CF - Joan Gamper Trophy
FC Barcelona v Elche CF - Joan Gamper Trophy / Quality Sport Images/Getty Images
facebooktwitterreddit

ബാഴ്സലോണയിൽ പരിശീലകൻ റൊണാൾഡ് കൂമാന്റെ ടീം തന്ത്രങ്ങളിൽ നിന്ന് ഏറെക്കുറെ പുറത്തായിക്കഴിഞ്ഞിരുന്ന ബോസ്നിയൻ മധ്യനിര താരം മിറാലം പ്യാനിച്ചിനെ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തുർക്കിഷ് ക്ലബ്ബായ ബെസിക്തസിലേക്ക് അവർ ലോണിൽ കളിക്കാൻ വിട്ടിരുന്നു. എന്നാൽ കറ്റാലൻ ക്ലബ്ബിൽ നിന്ന് തുർക്കിയിലേക്ക് ചേക്കേറിയതിന് പിന്നാലെ ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാനെതിരെ വിമർശനങ്ങളുമായി പ്യാനിച്ച് രംഗത്തെത്തി. കൂമാൻ തന്നോട് അനാദരവ് കാണിച്ചെന്നും തന്റെ കരിയറിൽ ഇതാദ്യമായാണ് ഇത് പോലൊരു അവസ്ഥ നേരിടേണ്ടി വന്നതെന്നുമായിരുന്നു പ്യാനിച്ച് പറഞ്ഞത്.

എന്നാൽ തനിക്കെതിരെ പ്യാനിച്ച് ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ. ക്ലബ്ബിന് പ്യാനിച്ചിനേക്കാൾ മികച്ച കളികാരുണ്ടെന്ന്‌ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടീവോയോട് സംസാരിക്കവെ തുറന്നടിച്ച കൂമാൻ, ടീമിൽ അവസരം നേടാൻ മറ്റ് മധ്യനിര താരങ്ങളുമായി മത്സരിച്ച് അദ്ദേഹം പരാജയപ്പെട്ടെന്നും ചൂണ്ടിക്കാട്ടി.

"ഇത് കളികാരന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു തരം നിരാശയാണ്. ഞാൻ അത് മനസിലാക്കുന്നു. ഞങ്ങളുടെ കളി രീതിയിൽ, പന്തോടെയും, പന്തില്ലാതെയുമുള്ള ഞങ്ങളുടെ തന്ത്രങ്ങളിൽ മറ്റ് മിഡ്ഫീൽഡർമാരുമായുള്ള പോരാട്ടത്തിൽ അദ്ദേഹം പരാജയപ്പെട്ടു.

" ഞാൻ അദ്ദേഹത്തിന് ഏറ്റവും മികച്ചത് ആശംസിക്കുന്നു. ഇത് വളരെ സങ്കീർണമായിരുന്നു. ഞങ്ങൾ ഒത്തിരി ശ്രമിച്ചു. എന്നാൽ അവനേക്കാൾ മികച്ച മറ്റ് കളികാർ ടീമിലുണ്ടെന്ന് ഞങ്ങൾ മനസിലാക്കി." റൊണാൾഡ് കൂമാൻ പറഞ്ഞു നിർത്തി.

അതേ‌ സമയം ലോകത്തെ തന്നെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായി തിളങ്ങി നിന്ന സമയത്തായിരുന്നു 2020 ൽ പ്യാനിച്ച് ബാഴ്സലോണയിലെത്തുന്നത്. എന്നാൽ വലിയ പ്രതീക്ഷകളോടെ കറ്റാലൻ ക്ലബ്ബിലെത്തിയെങ്കിലും അവിടെ കരുതിയിരുന്നത് പോലെയുള്ള വരവേൽപ്പല്ല‌ താരത്തിന് ലഭിച്ചത്. പ്രതീക്ഷിച്ച അവസരങ്ങളും പോയ സീസണിൽ ടീമിൽ ലഭിക്കാതെ പോയ താരത്തിന് ആകെ 19 ലാലീഗ മത്സരങ്ങളിൽ മാത്രമായിരുന്നു കഴിഞ്ഞ തവണ കളിക്കാനായത്.

facebooktwitterreddit