Football in Malayalam

നെയ്മറെ സ്വന്തമാക്കണം, ബാഴ്‌സയുടെ മുന്നിലുള്ളത് പുതിയ സാധ്യതകൾ

Sreejith N
Manchester City v Paris Saint-Germain - UEFA Champions League Semi Final: Leg Two
Manchester City v Paris Saint-Germain - UEFA Champions League Semi Final: Leg Two / Laurence Griffiths/Getty Images
facebooktwitterreddit

ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജി മാഞ്ചസ്റ്റർ സിറ്റിയോടു സെമി ഫൈനലിൽ തോറ്റു പുറത്തായതോടെ നെയ്മറെ സ്വന്തമാക്കാനുള്ള ബാഴ്‌സലോണയുടെ സാധ്യതകൾ ഒന്നുകൂടി വർധിച്ചിട്ടുണ്ട്. എംബാപ്പെ പരിക്കു മൂലം പുറത്തിരുന്ന മത്സരത്തിൽ ടീമിനെ നയിക്കേണ്ടിയിരുന്ന നെയ്‌മർ നിറം മങ്ങിയ പ്രകടനം പുറത്തെടുത്തത് ബ്രസീലിയൻ താരത്തിനെതിരെ വിമർശനങ്ങൾ ശക്തമാക്കിയിരിക്കുന്നു.

ഫ്രാൻസിൽ നിന്നും പലപ്പോഴും വിമർശനങ്ങൾ ഏറ്റു വാങ്ങിയിട്ടുള്ള നെയ്‌മർ നിലവിലെ സാഹചര്യങ്ങളോട് പ്രതികരിക്കുന്നത് ക്ലബ് വിടാനുള്ള തീരുമാനമെടുത്തിട്ടായിരിക്കാനുള്ള സാധ്യതയുണ്ട്. 2022 വരെ മാത്രം കരാറുള്ള താരം ഈ സമ്മറിൽ ടീം വിടണമെന്നു തീരുമാനിച്ചാൽ അതിനു തടസം പറയാൻ പിഎസ്‌ജിക്ക് കഴിയുകയുമില്ല. ഈ സാധ്യത മുതലെടുത്ത് നെയ്മറെ ടീമിലെത്തിക്കാൻ ബാഴ്‌സ പദ്ധതിയിടുന്നുണ്ടെന്ന് സ്‌പാനിഷ്‌ മാധ്യമം എഎസ് റിപ്പോർട്ടു ചെയ്യുന്നു.

സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും നിലവിൽ ടീമിലുള്ള ഏതാനും താരങ്ങളെ മറ്റു ക്ലബുകൾക്കു നൽകി നെയ്മറെ സ്വന്തമാക്കാനാണ് ബാഴ്‌സ ഒരുങ്ങുന്നത്. ഒരു വർഷം മാത്രം പിഎസ്‌ജി കരാറിൽ ബാക്കിയുള്ള താരത്തെ നൂറു മില്യൺ യൂറോക്ക് ടീമിലെത്തിക്കാമെന്നും ബാഴ്‌സലോണ കരുതുന്നു. അതേസമയം നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ബാഴ്‌സലോണയിലേക്കു വരാൻ നെയ്മർ പ്രതിഫലത്തിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നേക്കും.

ഡേവിഡ് അലബയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് താരത്തിന്റെ ഏജന്റായ പിനി സഹാവിയുമായി ബാഴ്‌സലോണ പ്രസിഡണ്ട് യോൻ ലപോർട്ട നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. നെയ്‌മറുടെ അച്ഛനൊപ്പം ചേർന്നു പ്രവർത്തിക്കുന്ന സഹാവിയുമായി ബ്രസീലിയൻ താരത്തിന്റെ ട്രാൻസ്ഫറിനെക്കുറിച്ചും ലപോർട്ടെ സംസാരിച്ചിട്ടുണ്ടെന്ന് എഎസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. പിഎസ്‌ജിയുമായി നെയ്‌മർ ഇതുവരെയും കരാർ പുതുക്കിയിട്ടില്ലെന്നതും ഇതിനൊപ്പം ചേർത്തു വായിക്കാം.

ബാഴ്‌സലോണ ഡ്രസിങ് റൂമിലെ നിരവധി താരങ്ങൾക്ക് ഇപ്പോഴും സ്വീകാര്യനായ നെയ്‌മർ ബാഴ്‌സയിലെത്തിയാൽ യുവതാരങ്ങളെ ഉൾപ്പെടുത്തി മികച്ച പ്രകടനം നടത്തുന്ന കൂമാന്റെ ടീമിന്റെ കരുത്തു വർധിക്കുമെന്നതിനു പുറമെ ക്ലബിന്റെ ബ്രാൻഡ് മൂല്യവും കുത്തനെ ഉയരും. മെസിയുടെ കരാർ പുതുക്കാനുള്ള നടപടികൾ വളരെയെളുപ്പത്തിലാകാനും ബ്രസീലിയൻ താരത്തിന്റെ ട്രാൻസ്‌ഫർ സഹായിക്കും.


facebooktwitterreddit