Transfers

ഫ്രെങ്കി ഡി യോങ്ങിനായി ചെല്‍സിയുടെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും അവസാന ഓഫര്‍ കാത്ത് ബാഴ്‌സോലണ

Haroon Rasheed
Netherlands v Wales: UEFA Nations League - League Path Group 4
Netherlands v Wales: UEFA Nations League - League Path Group 4 / James Williamson - AMA/GettyImages
facebooktwitterreddit

ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ബാഴ്‌സോലണയുടെ ഡച്ച് താരമായ ഫ്രെങ്കി ഡി യോങ്ങ് ഇപ്പോള്‍. ബാഴ്‌സലോണ താരത്തെ വില്‍ക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെയും കാറ്റാലൻ ക്ലബിന് തൃപ്തികരമായ ഓഫര്‍ ലഭിച്ചിട്ടില്ല. താരത്തിനായി രംഗത്തുള്ള പ്രീമിയര്‍ ലീഗ് കരുത്തന്‍മാരായ ചെല്‍സിയുടെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും അവസാന ഓഫറിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ബാഴ്‌സലോണ.

80 മില്യന്‍ യൂറോക്ക് മുകളിലെങ്കിലും ലഭിച്ചാല്‍ മാത്രമേ ബാഴ്‌സലോണ അവരുടെ ഡച്ച് താരത്തെ വില്‍ക്കുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ ഡച്ച് താരത്തെ സ്വന്തമാക്കുന്നതിന് വേണ്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാത്രമായിരുന്നു രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിലേക്ക് ചെല്‍സികൂടി രംഗപ്രവേശനം ചെയ്തിരിക്കുകയാണ്.

ഡി യോങ്ങിനെ സ്വന്തമാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനായി ചെല്‍സി മാനേജ്‌മെന്റും ബാഴ്‌സലോണ മാനേജ്‌മെന്റും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഡി യോങ്ങിന്റെ ട്രാന്‍സ്ഫര്‍ കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

80 മില്യന്‍ യൂറോ ബാഴ്‌സോലണ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഡി യോങ്ങിന്റെ തീരുമാനംകൂടി ട്രാന്‍ഫറില്‍ നിര്‍ണായകമാകുമെന്നും സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അസ്പിലിക്യേറ്റ, മാര്‍ര്‍ക്കോസ് അലോന്‍സോ എന്നിവരെ ചെല്‍സിയില്‍ നിന്ന് ബാഴ്‌സലോണ ലക്ഷ്യമിടുന്നതിനിടെയാണ് ഡി യോങ്ങിനായി ചെല്‍സി രംഗത്തെത്തിയിരിക്കുന്നത്. പരിശീലകന്‍ തോമസ് ടുഷേലിന്റെ നിര്‍ദേശപ്രകാരമാണ് ചെല്‍സി ഡി യോങ്ങിനായി ശ്രമം നടത്തുന്നത്.

എന്നാല്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് നന്നായി അറിയുന്ന താരമായതിനാലാണ് യുണൈറ്റഡ് മധ്യനിരയിലേക്ക് വേണ്ടി ഡി യോങ്ങിനെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്. ബാഴ്‌സലോണക്ക് ഡി യോങ്ങിനെ നിലനിര്‍ത്താന്‍ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയാണ് താരത്തെ വില്‍ക്കാന്‍ കാറ്റാലന്‍ ക്ലബിനെ പ്രേരിപ്പിക്കുന്നത്.


facebooktwitterreddit