അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നാലു താരങ്ങളെയെങ്കിലും ടീമിലെത്തിക്കാന്‍ ബാഴ്‌സലോണ

FC Barcelona v Club Atletico de Madrid - La Liga Santander
FC Barcelona v Club Atletico de Madrid - La Liga Santander / Eric Alonso/GettyImages
facebooktwitterreddit

അടുത്ത സീസണില്‍ ടീം ശക്തിപ്പെടുത്തുന്നതിന് വേണ്ടി വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നാല് താരങ്ങളെയെങ്കിലും ടീമിലെത്തിക്കാന്‍ ബാഴ്‌സലോണ. കാറ്റാലന്‍ ക്ലബ് ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നവരില്‍ പ്രധാനി ചെല്‍സി താരം ആന്ദ്രേസ് ക്രിസ്റ്റെന്‍സനാണ്. ക്രിസ്റ്റെന്‍സന്റെ ബാഴ്‌സലയിലേക്കുള്ള വരവ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

മറ്റു മൂന്ന് പേരിൽ ഒരാൾ സ്‌ട്രൈക്കറും, ഒരു മധ്യനിരതാരവും, ഒരാൾ സെന്റർ ബാക്കുമാവും. നിലവിൽ ക്ലബിലുള്ള താരങ്ങൾ പോകുന്നതിന് അനുസരിച്ചാകും ബാഴ്‌സലോണ ട്രാൻസ്ഫർ സൈനിംഗുകൾ. സ്‌പോര്‍ടിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മുന്നേറ്റനിരയിലേക്ക് ബൊറൂസിയ ഡോര്‍ട്മുണ്ട് താരം എര്‍ലിങ് ഹാളണ്ടാണ് ബാഴ്‌സലോണയുടെ പ്രധാന ലക്ഷ്യം. ഹാളണ്ടിനെ ടീമിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, മറ്റൊരു സ്‌ട്രൈക്കറെ ബാഴ്‌സ സ്വന്തമാക്കും. ഇക്കാര്യത്തില്‍ ഹാളണ്ടിന്റെ ഭാവി തീരുമാനം അറിഞ്ഞതിന് ശേഷം മാത്രമേ ബാഴ്‌സ മറ്റു കാര്യങ്ങള്‍ ചിന്തിക്കുകയുള്ളു.

മധ്യനിരയില്‍ എസി മിലാന്റെ ഐവറി കോസ്റ്റ് താരം ഫ്രാങ്ക് കെസ്സിയെയാണ് ബാഴ്‌സ ലക്ഷ്യമിട്ടിരിക്കുന്നത്. കെസ്സിയെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു മധ്യനിര താരത്തെ ബാഴ്‌സ ടീമിലെത്തിക്കുമോ എന്ന കാര്യം ഉറപ്പില്ല എന്നും സ്പോർടിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

നാലാതമായി, ഒരു ഫുള്‍ ബാക്കിനെയോ ഒരു സെന്റര്‍ ബാക്കിനെയോ, അല്ലെങ്കിൽ രണ്ടിനെയും ബാഴ്‌സ ടീമിലെത്തിച്ചേക്കാം.

ഇതിനായി ചെല്‍സിയുടെ സ്പാനിഷ് താരം സെസാർ അസ്പിലിക്യേറ്റയെയാണ് ബാഴ്‌സല ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍ പരിചയസമ്പന്നനായ പ്രതിരോധ താരവുമായി കരാര്‍ നീട്ടാനുള്ള അവസരം ചെല്‍സിക്കുണ്ട്.

കുറഞ്ഞത് നാല് സൈനിങുകൾ ബാഴ്‌സ നടത്തുമെന്നും, ടീമില്‍ നിന്ന് താരങ്ങള്‍ പോകുന്നതിനനുസരിച്ച് കൂടുതൽ സൈനിങുകൾ നടത്തുമോ എന്നത് കണ്ടറിയണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മൂന്ന് താരങ്ങളെ ടീമിലെത്തിച്ച ബാഴ്‌സലോണ ഇപ്പോള്‍ മികച്ച ഫോമിലാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.