Football in Malayalam

ലയണൽ മെസിയെ മാതൃകയാക്കി നാല് താരങ്ങളോടു കൂടി ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട് ബാഴ്‌സലോണ

Sreejith N
Deportivo Alaves v FC Barcelona - La Liga Santander
Deportivo Alaves v FC Barcelona - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

ലയണൽ മെസിയുടെ മാതൃക പിന്തുടർന്നു നാലു സൂപ്പർതാരങ്ങളോട് അടുത്ത സീസണിനു മുന്നോടിയായി പ്രതിഫലം വെട്ടിക്കുറക്കാൻ ആവശ്യപ്പെട്ട് ബാഴ്‌സലോണ. ടീമിലെ സീനിയർ താരങ്ങളായ ജെറാർഡ് പിക്വ, സെർജിയോ ബുസ്‌ക്വറ്റ്സ്, ജോർദി ആൽബ, സെർജി റോബർട്ടോ എന്നിവരോടാണ് ബാഴ്‌സലോണ നേതൃത്വം വേതനം കുറയ്ക്കുന്നതിനായി ആവശ്യപ്പെട്ടതെന്ന് സ്‌പാനിഷ്‌ മാധ്യമം സ്‌പോർട് റിപ്പോർട്ടു ചെയ്‌തു.

ലാ ലീഗയുടെ വേതന വ്യവസ്ഥകളും ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളും പാലിക്കാൻ ബാഴ്‌സലോണ നിലവിലുള്ള സാലറി പാക്കേജ് കുറക്കേണ്ടത് അനിവാര്യമാണ്. അതുടനെ തന്നെ നടപ്പിലാക്കിയില്ലെങ്കിൽ അടുത്ത സീസണു മുന്നോടിയായി ലയണൽ മെസിയടക്കമുള്ള താരങ്ങളെ രജിസ്റ്റർ ചെയ്യാൻ പോലും ബാഴ്‌സക്ക് കഴിയില്ലെന്ന സാഹചര്യമാണുള്ളത്.

നിലവിൽ ടീമിലുള്ള എല്ലാ താരങ്ങൾക്കും ക്ലബിന്റെ നിലവിലെ സാമ്പത്തിക അവസ്ഥയും അതുകൊണ്ട് പ്രതിഫലം കുറക്കാനും ആവശ്യപ്പെട്ട് ബാഴ്‌സലോണ വ്യക്തിഗത സന്ദേശം അയച്ചിട്ടുണ്ട്. സീനിയർ താരങ്ങൾ ഇതിനെ പിന്തുണച്ച് മറ്റു താരങ്ങൾക്കു കൂടി മാതൃക നൽകുമെന്നാണ് ബാഴ്‌സലോണ ആവശ്യപ്പെടുന്നത്.

നേരത്തെ തന്നെ ബാഴ്‌സലോണ ടീമിലെ താരങ്ങളോട് നാൽപതു ശതമാനം പ്രതിഫലം കുറക്കാൻ ആവശ്യപ്പെട്ടെങ്കിലും താരങ്ങൾ ഒന്നടങ്കം അതു നിഷേധിക്കുകയായിരുന്നു. അതിനു പകരം നിലവിൽ പ്രതിഫലം കുറച്ച് ആ തുക കൂടി പിന്നീട് ലഭിക്കുന്ന തരത്തിലുള്ള കരാറിൽ പിക്വ, ടെർ സ്റ്റീഗൻ, ഡി ജോംഗ്, ലെങ്ലെറ്റ് എന്നീ താരങ്ങൾ ഒപ്പു വെച്ചിരുന്നു.

എന്നാൽ നിലവിൽ പ്രതിഫലം താരങ്ങൾ കുറക്കണമെന്നു തന്നെയാണ് ബാഴ്‌സയുടെ ആവശ്യം. അതു താരങ്ങൾ അംഗീകരിച്ചാൽ മാത്രമേ മെസിയെ വീണ്ടും ടീമിന്റെ ഭാഗമാക്കാൻ കഴിയുകയുള്ളൂ. അതേസമയം ലയണൽ മെസി പുതിയ കരാറിൽ അമ്പതു ശതമാനം പ്രതിഫലം വെട്ടിക്കുറക്കാൻ സമ്മതം മൂളിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

facebooktwitterreddit