Football in Malayalam

മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരത്തെ നോട്ടമിട്ട് ബാഴ്സലോണ; ജനുവരിയിൽ ടീമിലെത്തിക്കാൻ ശ്രമം

By Gokul Manthara
Manchester City v Norwich City - Premier League
Manchester City v Norwich City - Premier League / Michael Regan/Getty Images
facebooktwitterreddit

വരുന്ന വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് മുന്നേറ്റതാരം റഹീം സ്റ്റെർലിംഗിനെ സ്വന്തമാക്കാൻ എഫ് സി ബാഴ്സലോണ രംഗത്തുണ്ടാകുമെന്ന് റിപ്പേർട്ടുകൾ. നിലവിൽ കാറ്റലൻ ക്ലബ്ബ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെങ്കിലും സ്റ്റെർലിംഗിനെ ടീമിലെത്തിക്കുന്നതിനായുള്ള ചെലവ് താങ്ങാൻ സ്പാനിഷ് വമ്പൻമാർക്ക് കഴിയുമെന്നാണ് റിപ്പോർട്ടുകൾ.

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനം അന്റോയിൻ ഗ്രീസ്മാനെ അത്ലറ്റിക്കോ മാഡ്രിഡിന് വിറ്റ ബാഴ്സലോണ അദ്ദേഹത്തിന് പകരം ഒരു മുന്നേറ്റ താരത്തെ സ്വന്തമാക്കുന്നതിന് ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പ്രധാന മുൻഗണന നൽകുന്നുണ്ട്. ഈ സ്ഥാനത്തേക്ക് സ്റ്റെർലിംഗിനെ കൊ‌ണ്ടു വരാൻ ക്ലബ്ബിന് പദ്ധതികളുണ്ടെന്ന് പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടീവോയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്‌.

2015ൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ സ്റ്റെർലിംഗ്, ക്ലബ്ബിനായി ഉജ്ജ്വല റെക്കോർഡുള്ള താരമാണ്. ഇംഗ്ലീഷ് ക്ലബിനായി ഇതു വരെ 302 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ ഈ ഇരുപത്തിയാറുകാരൻ 115 ഗോളുകൾ നേടിയതിനൊപ്പം 88 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.

എന്നാൽ, ഒരു സമയത്ത് ക്ലബ്ബിൽ പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ പ്രിയങ്കരനായിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി ക്ലബ്ബിൽ താരത്തിന് പഴയ പ്രാധാന്യം ലഭിക്കുന്നില്ല. 2021-22 സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി രണ്ട് ലീഗ് മത്സരങ്ങളിലും, ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിലും മാത്രമാണ് സ്റ്റെർലിംഗിന് സ്റ്റാർട്ടിംഗ് ഇലവനിൽ കളിക്കാൻ അവസരം ലഭിച്ചത്. ഇക്കുറി ഇതു വരെ മൊത്തം 10 മത്സരങ്ങളിൽ മാത്രം കളിക്കാനായ താരം ഒന്ന് വീതം ഗോളുകളും അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. മാഞ്ചസ്റ്റർ സിറ്റിയുമായി 2023 ജൂൺ വരെ കരാറുണ്ടെങ്കിലും പ്രാധാന്യം കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ക്ലബ്ബ് വിടാൻ സ്റ്റെർലിംഗും തയ്യാറാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.


facebooktwitterreddit