നിർണായക നീക്കവുമായി ബാഴ്സലോണ; ഗ്രീസ്മാൻ-ഫെലിക്സ് സ്വാപ് ഡീൽ സംഭവിക്കാൻ സാധ്യത

ജോവോ ഫെലിക്സും, അന്റോയിൻ ഗ്രീസ്മാനും ഉൾപ്പെടുന്ന ഒരു കൈമാറ്റക്കരാറുമായി ബന്ധപ്പെട്ട് സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡുമായി, ബാഴ്സലോണ ചർച്ചകൾ ആരംഭിച്ചതായി സൂചന. ഫെലിക്സിനെ ടീമിലെത്തിക്കാൻ താല്പര്യപ്പെടുന്ന എഫ് സി ബാഴ്സലോണ കഴിഞ്ഞ ദിവസം ഒരു ലോൺ കരാറിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രീസ്മാനെ ഉൾപ്പെടുത്തിയുള്ള സ്വാപ് ഡീലിൽ ഫെലിക്സിനെ റാഞ്ചാനുള്ള ശ്രമം ബാഴ്സ തുടങ്ങിയത്. ഇ എസ് പി എൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജോവോ ഫെലിക്സിന്റെ ഏജന്റായ ജോർജ് മെൻഡസാണ് ഇരു ക്ലബ്ബുകളും തമ്മിലുള്ള ചർച്ചകളിൽ ഇടനിലക്കാരാനായി പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട് ചെയ്യുന്ന ഇ എസ് പി എൻ, ഗ്രീസ്മാന്റെ അത്ലറ്റിക്കോയിലേക്കുള്ള തിരിച്ചു വരവ് അസാധ്യമല്ലെന്ന് താരവുമായി അടുത്ത വൃത്തങ്ങൾ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാൽ പരിശീലകൻ ഡിയഗോ സിമിയോണിയുടെ ഇഷ്ടക്കാരനായതിനാൽ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരം ക്ലബ്ബ് വിട്ട് പോവുക ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുമെന്നും വിശ്വസനീയ വൃത്തങ്ങൾ തങ്ങളോട് പറഞ്ഞതായി ഇ എസ് പി എൻ റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും ഗ്രീസ്മാനെ ടീമിലേക്ക് തിരികെക്കൊണ്ടു വരാൻ ആഗ്രഹിക്കുന്ന അവർ പകരം സോൾ നിഗ്വസിനെ കൈമാറുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുനരാരഭിച്ചേക്കുമെന്നാണ് സൂചനകൾ. പക്ഷേ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങളൊന്നും ഇതു വരെ പുറത്ത് വന്നിട്ടില്ല.
Barcelona are negotiating with Atletico Madrid over a swap deal involving Joao Felix and Antoine Griezmann, sources have confirmed to @samuelmarsden & @moillorens ?
— ESPN FC (@ESPNFC) August 31, 2021
? https://t.co/WzXmVfnFMp pic.twitter.com/AGifYMCFMi
അതേ സമയം, മറ്റൊരു മുന്നേറ്റ താരം ടീമിലെത്തുമെന്ന് ഉറപ്പ് വരാതെ അന്റോയിൻ ഗ്രീസ്മാനെ ഇക്കുറി നഷ്ടപ്പെടുത്താൻ ബാഴ്സ തയ്യാറാകില്ലെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്തായാലും ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകം അതിന്റെ അവസാന സമയങ്ങളിലേക്ക് കടന്നതിനാൽ വരും മണിക്കൂറുകളിൽ ഈ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ട്വിസ്റ്റുകൾക്ക് സാധ്യതയുണ്ട്.
നേരത്തെ അത്ലറ്റിക്കോ മാഡ്രിഡിൽ മിന്നുന്ന ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയായിരുന്നു ഫ്രഞ്ച് താരമായ ഗ്രീസ്മാനെ ബാഴ്സലോണ സ്വന്തമാക്കുന്നത്. സിമിയോണിക്ക് കീഴിൽ അഞ്ച് വർഷം കളിച്ച താരം 257 മത്സരങ്ങളിൽ നിന്ന് 133 ഗോളുകളും സ്കോർ ചെയ്തിരുന്നു. രണ്ട് വർഷം മുൻപ് ഗ്രീസ്മാന്റെ പകരക്കാരനെന്ന ലേബലിൽ അത്ലറ്റിക്കോ മാഡ്രിഡിലെത്തിയ ഫെലിക്സാവട്ടെ പോയ രണ്ട് സീസണുകളിൽ അവർക്കായി കളിച്ച 76 മത്സരങ്ങളിൽ 19 ഗോളുകളായിരുന്നു സ്കോർ ചെയ്തത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.