Football in Malayalam

ഒരു സ്ട്രൈക്കർ കൂടി ബാഴ്സലോണയുടെ റഡാറിൽ, നോട്ടമിട്ടിരിക്കുന്നത് പോർച്ചുഗീസ് താരത്തെ

Gokul Manthara
Portugal v Azerbaijan - FIFA World Cup 2022 Qatar Qualifier
Portugal v Azerbaijan - FIFA World Cup 2022 Qatar Qualifier / Jonathan Moscrop/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്ഫർ ജാലകത്തിലേക്ക് ഇനിയും കുറച്ച് മാസങ്ങൾ കൂടി ബാക്കിയുണ്ടെങ്കിലും ബാഴ്സലോണ അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞെന്നും പോർച്ചുഗീസ് സ്ട്രൈക്കറും സെവിയ്യയുടെ മുൻ താരവുമായിരുന്ന ആന്ദ്രെ സിൽവ കറ്റാലൻ ക്ലബ്ബിന്റെ ട്രാൻസ്ഫർ ലക്ഷ്യങ്ങളിലൊരാളാണെന്നും സൂചന. നിലവിൽ ജെർമ്മൻ ക്ലബ്ബായ ഐൻട്രാക്ട് ഫ്രാങ്ക്ഫർടിന്റെ കളികാരനാണ് ആന്ദ്രെ സിൽവ. ബുണ്ടസ് ലീഗയിൽ ക്ലബ്ബിനായി ഉജ്ജ്വല ഫോമിൽ കളിക്കുന്ന താരത്തെ ടീമിലെത്തിക്കാനായാൽ വരും സീസണിൽ തങ്ങളുടെ മുന്നേറ്റ നിര കൂടുതൽ കരുത്തുറ്റതാക്കാൻ കഴിയുമെന്നാണ് കറ്റാലൻ ക്ലബ്ബ് കരുതുന്നത്.

മുൻപ് ലോണടിസ്ഥാനത്തിൽ സെവിയ്യയിൽ കളിച്ചിട്ടുള്ള സിൽവ സ്പെയിനിൽ പന്ത് തട്ടി പരിചയമുള്ള താരമാണ്. ഈ പരിചയസമ്പത്ത് ബാഴ്സലോണയെ താരത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതായാണ്‌‌ കരുതപ്പെടുന്നത്. നിലവിൽ നേരിട്ട് കൊണ്ടിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ സിൽവയെ ടീമിലെത്തിക്കാനുള്ള‌ ബാഴ്സലോണയുടെ ശ്രമങ്ങളെ കൂടുതൽ സങ്കീർണമാക്കാൻ സാധ്യതകളുണ്ടെ‌ങ്കിലും താരത്തെ ക്ലബ്ബ് സൂക്ഷ്മമായി പിന്തുടരുന്നുണ്ടെന്നാണ്‌ ജെർമ്മ‌ൻ മാധ്യമായ ബിൽഡ് റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ വർഷം ഇറ്റാലിയൻ ക്ലബ്ബായ എസി മിലാനിൽ നിന്ന് ഐൻട്രാക്ട് ഫ്രാങ്ക്ഫർടിലെത്തിയ സിൽവ, 2020-21 സീസണിൽ മാസ്മരിക പ്രകടനമാണ് പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്. ഇക്കുറി ഇതു വരെ കളിച്ച 26 മത്സരങ്ങളിൽ 22 ഗോളുകൾ നേടിക്കഴിഞ്ഞ ഈ ഇരുപത്തിയഞ്ചുകാരൻ, 7 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.

അതേ സമയം ആന്ദ്രെ സിൽവയെ വരുന്ന‌ സമ്മറിലേക്കുള്ള തങ്ങളുടെ ട്രാൻസ്ഫർ റഡാറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബാഴ്സലോണ, ഡച്ച് മുന്നേറ്റ താരം മെംഫിസ് ഡീപേയെ ആണ് പ്രധാന‌ ട്രാൻസ്ഫർ ലക്ഷ്യമായി കണക്കാക്കുന്നതെന്നാണ്‌സൂചനകൾ. വരുന്ന സമ്മറിൽ ഫ്രീ ഏജന്റാവുന്ന ഡീപേയെ ടീമിലെത്തിക്കുന്നത് ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാന്റെയും പ്രധാന ലക്ഷ്യമാണെന്നാണ്‌ കരുതപ്പെടുന്നത്.

facebooktwitterreddit