Football in Malayalam

പോർച്ചുഗീസ് സൂപ്പർ താരത്തെ നോട്ടമിട്ട് ബാഴ്സലോണ; ലോണിൽ ടീമിലെത്തിക്കാൻ ശ്രമിക്കുമെന്ന് സൂചന

Gokul Manthara
Spain v Portugal - International Friendly
Spain v Portugal - International Friendly / BSR Agency/Getty Images
facebooktwitterreddit

ഫ്രഞ്ച് ക്ലബ്ബായ ലില്ലിക്ക് വേണ്ടി കളിക്കുന്ന പോർച്ചുഗീസ് മധ്യനിര താരം റെനാറ്റോ സാഞ്ചസിനെ ടീമിലെത്തിക്കാൻ സ്പാനിഷ് വമ്പന്മാരായ എഫ് സി ബാഴ്സലോണക്ക് താല്പര്യമെന്ന് സൂചന. യൂറോ 2020 ൽ പോർച്ചുഗലിനായി മികച്ച പ്രകടനം കാഴ്ച വെച്ച സാഞ്ചസിനെ നോട്ടമിട്ട് നേരത്തെ പ്രീമിയർ ലീഗ് ക്ലബ്ബുകളായ ലിവർപൂൾ, ടോട്ടൻഹാം ഹോട്സ്പർ എന്നിവർ രംഗത്തുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആ കൂട്ടത്തിലേക്കാണ് ഇപ്പോൾ ബാഴ്സലോണയും എത്തിയിരിക്കുന്നത്.

വരും സീസണിൽ ബാഴ്സലോണ സ്ക്വാഡിലേക്ക് ഒരു ഡൈനാമിക്ക് മിഡ്ഫീൽഡറെ കൊണ്ടു വരാൻ പരിശീകനനായ റൊണാൾഡ് കൂമാൻ ആഗ്രഹിക്കുന്നുണ്ട്. ഈ‌ സ്ഥാനത്തേക്ക് കൂമാൻ പരിഗണിക്കുന്നവരിൽ പ്രധാനി സാഞ്ചസാണെന്നാണ് സൂചനകൾ.

അതേ സമയം ഇരുപത്തിമൂന്നുകാരനായ സാഞ്ചസിന് 30 മില്ല്യൺ പൗണ്ടാണ് ലില്ലി വിലയിട്ടിരിക്കുന്നത്. എന്നാൽ നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇത്ര വലിയ തുക മുടക്കി സാഞ്ചസിനെ ടീമിലെത്തിക്കുന്നത് ബാഴ്സലോണയെ സംബന്ധിച്ച് ഏറെക്കുറെ അസാധ്യമാണ്. അത് കൊണ്ടു തന്നെ ഈ സമ്മറിൽ ലോണടിസ്ഥാനത്തിൽ സാഞ്ചസിനെ ക്ലബ്ബിലേക്ക് കൊണ്ടു വരാനാകും കറ്റാലൻ ക്ലബ്ബ് ശ്രമിക്കുകയെന്നാണ് സ്പാനിഷ് മാധ്യമമായ ഡിയാരിയോ എ എസ് റിപ്പോർട്ട് ചെയ്യുന്നത്. ഭാവിയിൽ താരത്തെ വാങ്ങാനുള്ള ഓപ്ഷൻ ഈ കരാറിൽ ഉൾപ്പെടുത്തുമെന്നും അവരുടെ റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്സലോണക്ക് ക്ലബ്ബിന്റെ ഇപ്പോളത്തെ വേതനബിൽ കുറക്കാൻ കഴിഞ്ഞാൽ മാത്രമേ ഈ സമ്മറിൽ ടീമിലെത്തിച്ചിരിക്കുന്ന നാല് താരങ്ങളേയും രെജിസ്റ്റർ ചെയ്യാൻ പറ്റൂ. വേതന‌ ബില്ലിൽ കുറവ് വരുത്താൻ കഴിഞ്ഞില്ലെങ്കിൽ മെസിയുമായി പുതിയ കരാറിൽ ഒപ്പു വെക്കാനും കറ്റാലൻ ക്ലബ്ബിന് കഴിയില്ല. വേതനബിൽ കുറക്കുന്നതിന്റെ ഭാഗമായി ചില സൂപ്പർ താരങ്ങളെ ക്ലബ്ബിൽ നിന്ന് ഒഴിവാക്കാൻ തയ്യാറെടുക്കുന്ന അവർ ഏത് വിധേനയും അത് സാധ്യമാക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ. അതിനിടയ്ക്ക് സാഞ്ചസിനെ വലിയ തുക മുടക്കി ടീമിലെത്തിക്കുന്നത് ബുദ്ധിമുട്ടായതിനാൽ വായ്പാ അടിസ്ഥാനത്തിൽ താരത്തെ ക്ലബ്ബിലേക്ക് കൊണ്ടു വരുകയും ഭാവിയിൽ അദ്ദേഹത്തെ പൂർണമായി വാങ്ങാനുമാകും കറ്റാലൻ ക്ലബ്ബ് ശ്രമിച്ചേക്കുക.

facebooktwitterreddit