നാപ്പോളി പ്രതിരോധതാരം കൂളിബാളിയെ ബാഴ്സലോണ ലക്ഷ്യമിടുന്നു


നാപ്പോളി പ്രതിരോധതാരമായ കലിഡു കൂളിബാളിയെ അടുത്ത സമ്മറിൽ ടീമിലെത്തിക്കാനായി ബാഴ്സ നോട്ടമിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. അടുത്ത സീസണിൽ ടീമിനെ ശക്തിപ്പെടുത്താൻ സാവി ലക്ഷ്യമിടുന്ന പ്രതിരോധതാരങ്ങളിൽ സെനഗൽ താരം പ്രധാനിയാണെന്ന് കാറ്റലോണിയ റേഡിയോ ആണു പുറത്തു വിട്ടത്. 2023ൽ കരാർ അവസാനിക്കുന്ന താരത്തെ ചെറിയൊരു ട്രാൻസ്ഫർ ഫീസ് നൽകി സ്വന്തമാക്കാൻ കഴിയുമെന്നാണ് ബാഴ്സലോണ പ്രതീക്ഷിക്കുന്നത്.
ജെറാർഡ് പിക്വ, റൊണാൾഡ് അറോഹോ, എറിക് ഗാർസിയ, സാമുവൽ ഉംറ്റിറ്റി, ക്ലെമന്റ് ലെങ്ലെറ്റ്, ഓസ്കാർ മീൻഗുയസ എന്നീ സെന്റർ ബാക്കുകൾ ബാഴ്സലോണ ടീമിൽ നിലവിലുണ്ടെങ്കിലും മികച്ച പ്രകടനം നടത്താൻ ബാഴ്സ പ്രതിരോധത്തിന് കഴിയാറില്ല. അതിനു പുറമെ സാമുവൽ ഉംറ്റിറ്റി, ലെങ്ലെറ്റ്, മീൻഗുയെസ എന്നീ താരങ്ങൾ അടുത്ത സമ്മർ ജാലകത്തിൽ ടീം വിടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ബാഴ്സലോണ പുതിയ സെന്റർ ബാക്കിനെ തേടുന്നത്.
Kalidou Koulibaly has admitted in the past that he would like to play for Barcelona ?
— GOAL News (@GoalNews) February 24, 2022
Will he finally leave Napoli after eight years of service?
✍️ @Mark_Doyle11
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്സലോണ അടുത്ത സമ്മറിൽ ഫ്രീ ഏജന്റായതോ അല്ലെങ്കിൽ ചെറിയ ട്രാൻസ്ഫർ ഫീസ് നൽകി സ്വന്തമാക്കാൻ കഴിയുന്നതോ ആയ താരങ്ങളെയാണ് പ്രധാനമായും നോട്ടമിടുന്നത്. മുപ്പത്തിയൊന്നു വയസുള്ള കൂളിബാളിയുടെ കരാർ അവസാനിക്കാൻ ഒന്നര വർഷം മാത്രമേ ഇനി ബാക്കിയുള്ളൂ എന്നിരിക്കെ നാപ്പോളിക്കു മേൽ സമ്മർദ്ദം ചെലുത്തി താരത്തെ ചെറിയ തുക നൽകി സ്വന്തമാക്കാൻ കഴിയുമെന്നാണ് ബാഴ്സ കരുതുന്നത്.
നാപ്പോളിയും ബാഴ്സലോണയും തമ്മിൽ നടന്ന യൂറോപ്പ ലീഗ് പ്ലേ ഓഫ് മത്സരത്തിന്റെ രണ്ടു പാദങ്ങളിലും കാറ്റലൻ ക്ലബിന്റെ സ്കൗട്ടുകൾ സെനഗൽ താരത്തിന്റെ പ്രകടനം വിലയിരുത്തി എന്ന റിപ്പോർട്ടുകളും സജീവമാണ്. രണ്ടു സീസണുകൾക്കു മുൻപ് മാഞ്ചസ്റ്റർ സിറ്റി ലക്ഷ്യമിട്ടെങ്കിലും സ്വന്തമാക്കാൻ കഴിയാതെ പോയ താരം ബാഴ്സലോണയിൽ എത്തിയാൽ നിലവിൽ പ്രതിരോധത്തിൽ പ്രശ്നങ്ങൾ അനുഭവിക്കുന്ന ടീം കൂടുതൽ മികച്ചതായി മാറുമെന്നതിൽ സംശയമില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.