Football in Malayalam

ഒരു സ്ട്രൈക്കറെ കൂടി സ്വന്തമാക്കാൻ ബാഴ്സലോണ; ക്ലബ്ബ് നോട്ടമിടുന്നവരിൽ ആഴ്സനലിന്റെ 2 സൂപ്പർ താരങ്ങൾ

Gokul Manthara
FC Barcelona  v Juventus - Joan Gamper Trophy
FC Barcelona v Juventus - Joan Gamper Trophy / Eric Alonso/Getty Images
facebooktwitterreddit

സ്പാനിഷ് വമ്പന്മാരായ എഫ് സി ബാഴ്സലോണ ഇത്തവണത്തെ ‌സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു സ്ട്രൈക്കറെ കൂടി ടീമിലെത്തിച്ചേക്കും. 2020-21 സീസൺ ലാലീഗയിലെ തങ്ങളുടെ ആദ്യ മത്സരത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കവെ ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ തന്നെയാണ് ഇക്കാര്യത്തിൽ സൂചനകൾ പുറത്ത് വിട്ടത്. എന്നാൽ നിലവിൽ ടീമിലുള്ള ഡാനിഷ് താരം മാർട്ടിൻ ബ്രാത്ത്വൈറ്റിനെ ഇത്തവണത്തെ ട്രാൻസ്ഫർ ജാലകത്തിൽ മികച്ച തുകക്ക് വിൽക്കാനായാൽ മാത്രമേ പുതിയ സ്ട്രൈക്കർക്ക് വേണ്ടി കാറ്റലൻ ക്ലബ്ബ് വിപണിയിലിറങ്ങൂവെന്നാണ് റിപോർട്ടുകൾ പറയുന്നത്.

ബ്രാത്ത്വൈറ്റിനെ ഇക്കുറി മികച്ച ഫീസിന് വിൽക്കാൻ ശ്രമിക്കുന്ന ബാഴ്സ, ഈ നീക്കം നടന്നാൽ അദ്ദേഹത്തിന്‌ പകരക്കാരനായി ടീമിലെത്തിക്കാൻ കഴിയുന്ന കളിക്കാരുടെ പട്ടിക തയ്യാറാക്കുന്നുണ്ട്. പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സനലിന്റെ പിയറി എമറിക് ഔബമയാംഗ്, അലക്സാണ്ടർ ലക്കസെറ്റെ എന്നിവർ ഈ ലിസ്റ്റിലെ‌ പ്രധാനികളാണെന്നാണ് സൂചന. ഗാബോണീസ് താരമായ ഔബമയാംഗും, ഫ്രഞ്ച് താരമായ ലക്കസെറ്റെയും ബാഴ്സയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

ഇതിന് മുൻപും ഔബമയാംഗിനെ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും താരത്തെ വിൽക്കാൻ ആഴ്സനൽ അന്നൊന്നും താല്പര്യം കാണിച്ചിരുന്നില്ല. എന്നാൽ നിലവിൽ തങ്ങളുമായി രണ്ടു വർഷത്തെ കരാർ ബാക്കി നിൽക്കുന്ന ഔബ ക്ലബ്ബിൽ നിന്ന് പോകുന്നതിൽ ആഴ്സനലിന് ഇപ്പോൾ എതിർപ്പില്ലെന്നാണ് സൂചന. താരത്തിനായി ഗണ്ണേഴ്സ് ഒരു സ്വാപ് ഡീൽ പരിഗണിക്കാൻ തയ്യാറായേക്കുമെന്ന് ഇതിനൊപ്പം സ്പാനിഷ് മാധ്യമമായ സ്പോർട്ട് റിപ്പോർട്ടും ചെയ്തിട്ടുണ്ട്.

അതേ സമയം ഒരു വർഷത്തെ കരാറാണ് ലക്കസെറ്റെക്ക് ആഴ്സനലുമായി ബാക്കിയുള്ളത്. ഇത് കൊണ്ടു തന്നെ ഇത്തവണത്തെ ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ വിൽക്കാൻ ആഴ്സനലിന് വളരെയധികം താല്പര്യമുണ്ട്. ലക്കസെറ്റെയെ വിൽക്കാനും ക്ലബ്ബ് സ്വാപ് ഡീൽ പരിഗണിക്കുമെന്ന് സ്പോർട് വ്യക്തമാക്കുന്നു.

ഔബമയാംഗിന്റേയും, ലക്കസെറ്റെയുടേയും കാര്യങ്ങൾ ബാഴ്സലോണ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെങ്കിലും ബ്രാത്ത്വൈറ്റിനെ മികച്ച തുകക്ക് വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർക്ക് പുതിയ സൈനിംഗ് നടത്താനാകില്ല. നിലവിൽ ഒരു കളിക്കാരനെയും ഫീസ് നൽകി സ്വന്തമാക്കാൻ കഴിയുന്ന സാമ്പത്തിക സാഹചര്യമല്ല‌ ബാഴ്സയുടേത്. അത് കൊ‌ണ്ടു തന്നെ ട്രാൻസ്ഫർ ജാലകത്തിൽ ഇക്കുറി അവർ നടത്തുന്ന ഏത് ഇടപാടിലും ഫീസിന് പകരം കളിക്കാരെ കൈമാറ്റം ചെയ്യുകയായിരിക്കും ചെയ്യുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit