ബാഴ്സലോണയിൽ ഇനി സാവി യുഗം; സ്പാനിഷ് ഇതിഹാസത്തെ പുതിയ പരിശീലകനായി പ്രഖ്യാപിച്ച് ക്ലബ്ബ്

ക്ലബ്ബിന്റെ ഇതിഹാസ താരങ്ങളിലൊരാളായ സാവി ഹെർണാണ്ടസിനെ തങ്ങളുടെ പുതിയ പരിശീലകനായി പ്രഖ്യാപിച്ച് എഫ് സി ബാഴ്സലോണ. സാവി കറ്റാലൻ ക്ലബ്ബിന്റെ പരിശീലകനായെത്തിയേക്കുമെന്ന് നേരത്തെ മുതൽ സൂചനകളുണ്ടായിരുന്നെങ്കിലും കുറച്ച് മുൻപാണ് ക്ലബ്ബ് ഔദ്യോഗിക പ്രസ്താവനയിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. മോശം പ്രകടനങ്ങളെത്തുടർന്ന് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയ റൊണാൾഡ് കൂമാന് പകരക്കാരനായാണ് സാവി ബാഴ്സലോണയുടെ പരിശീലക ദൗത്യം ഏറ്റെടുക്കുന്നത്.
സ്പാനിഷ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിരുന്ന സാവി 2023-24 സീസൺ അവസാനം വരെയുള്ള പരിശീലക കരാറാണ് ബാഴ്സലോണയുമായി ഒപ്പു വെക്കുന്നത്. നവംബർ എട്ടാം തീയതി ക്യാമ്പ് നൗവിൽ വെച്ചു നടക്കുന്ന പരിപാടിയിൽ അദ്ദേഹത്തെ ഫസ്റ്റ് ടീം പരിശീലകനായി ക്ലബ്ബ് അവതരിപ്പിക്കുമെന്ന് ക്ലബ്ബ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറി ക്ലബായ അൽ സദ്ദിന്റെ പരിശീലകനായിരുന്ന സാവി ഈ സ്ഥാനമൊഴിഞ്ഞാണ് ഇപ്പോൾ ബാഴ്സയിലേക്കെത്തുന്നത്.
Xavi Hernández returns home 6 years after his goodbye from Camp Nou ?❤️
— FC Barcelona (@FCBarcelona) November 6, 2021
"നിലവിൽ നടന്നു കൊണ്ടിരിക്കുന്ന സീസണിലും തുടർന്നുള്ള രണ്ട് സീസണിലും ഫസ്റ്റ് ടീമിന്റെ പരിശീലകനാവാൻ സാവി ഹെർണാണ്ടസുമായി എഫ് സി ബാഴ്സലോണ ധാരണയിലെത്തി. ക്ലബ്ബ് ഉടമകളുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ നടത്തിയ ചർച്ചകൾക്ക് ശേഷം സാവി ഹെർണാണ്ടസ് നിലവിലെ ക്ലബ്ബായ ഖത്തറിലെ അൽ സദ്ദ് വിട്ടു. സാവി ഫെർണാണ്ടസ് ഈ വാരാന്ത്യത്തിൽ ബാഴ്സലോണയിലെത്തുമെന്നും, നവംബർ എട്ടാം തീയതി തിങ്കളാഴ്ച ക്യാമ്പ് നൗവിൽ വെച്ചു നടക്കുന്ന പരിപാടിയിൽ ബാഴ്സലോണയുടെ ഫസ്റ്റ് ടീം പരിശീലകനെന്ന നിലയിൽ അദ്ദേഹത്തിന്റെ അവതരണം നടക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈ പരിപാടിക്ക് ശേഷം റിക്കാർഡ് മാക്സഞ്ചസ് പ്രസ് റൂമിൽ അദ്ദേഹം പത്രസമ്മേളനത്തിനെത്തും." ബാഴ്സലോണ തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
അതേ സമയം ബാഴ്സലോണയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് സാവി ഹെർണാണ്ടസ്. 1998 മുതൽ 2015 വരെ ബാഴ്സലോണയുടെ സീനിയർ ടീമിൽ നിറഞ്ഞു നിന്ന അദ്ദേഹം എട്ട് ലാലീഗ കിരീടങ്ങളും, നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുമുൾപ്പെടെ മൊത്തം 25 പ്രധാന കിരീടങ്ങളാണ് അവർക്കൊപ്പം നേടിയത്. കറ്റാലൻ ക്ലബ്ബിന്റെ ജേഴ്സിയിൽ 767 മത്സരങ്ങൾ കളിച്ചിട്ടുള്ള സാവി 2015 ലാണ് ക്ലബ്ബ് വിട്ട് അൽ സദ്ദിലേക്ക് പോയത്. നാല് വർഷങ്ങൾക്ക് ശേഷം കളിക്കളത്തിൽ നിന്ന് വിരമിച്ച അദ്ദേഹം അതിന് ശേഷം പരിശീലക വേഷം അണിയുകയായിരുന്നു.