ജൊവാൻ ഗാംപർ ട്രോഫിയിൽ നിന്നും പിന്മാറിയ എഎസ് റോമക്കെതിരെ നിയമനടപടിക്കൊരുങ്ങി ബാഴ്സലോണ


ജൊവാൻ ഗാംപർ ട്രോഫിയിൽ നിന്ന് പിന്മാറിയതിനാൽ തങ്ങൾക്ക് സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങൾക്ക് ഇറ്റാലിയൻ ക്ലബ്ബായ എഎസ് റോമയ്ക്കെതിര നിയമനടപടിക്കൊരുങ്ങി ബാഴ്സലോണ.
ആഗസ്റ്റ് 6ന് പ്രാദേശിക സമയം 21:00നു ക്യാമ്പ് നൗവിൽ വെച്ച് ബാഴ്സലോണ റോമയുമായി കളിക്കാൻ ഉദ്ദേശിക്കുന്നതായി ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ റോമ ഈ മത്സരത്തിൽ നിന്ന് പിന്മാറിയതായി ബാഴ്സലോണ ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.
"ആഗസ്ത് 6ന് ക്യാമ്പ് നൗവിൽ പുരുഷൻമാരുടെയും സ്ത്രീകളുടെയും മത്സരം ഒരിക്കൽ കൂടി കാണാനുള്ള അവസരമൊരുക്കിയിരുന്നു. എന്നാൽ ജൊവാൻ ഗാംപർ ട്രോഫി മത്സരത്തിനുള്ള ഇരു കക്ഷികൾക്കുമായി സമ്മതിച്ച കരാറിൽ നിന്ന് കാരണമില്ലാതെ ഏകപക്ഷീയമായി റോമ പിന്മാറാൻ തീരുമാനിച്ചതായി ബാഴ്സലോണ അറിയിക്കുന്നു. "
"ഈ വർഷത്തെ[ടൂർണമെന്റിന്റെ] പതിപ്പിനായി ഒരു പുതിയ എതിരാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്ലബ്."
“അടുത്ത 24 മണിക്കൂറിനുള്ളിൽ ടിക്കറ്റുകൾക്കായി ഇതിനകം ചെലവഴിച്ച പണം തിരികെ നൽകാൻ തുടങ്ങും. റോമയുടെ തീരുമാനവും, ബാഴ്സലോണയുടെ നിയന്ത്രണത്തിന് പുറത്തുള്ള സാഹചര്യങ്ങളും മൂലമാണ് മത്സരം താൽക്കാലികമായി നിർത്തിവച്ചതെന്ന് ക്ലബ് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു."
"ഈ അപ്രതീക്ഷിതവും നീതീകരിക്കപ്പെടാത്തതുമായ തീരുമാനം മൂലം ബാഴ്സലോണയ്ക്കും ആരാധകർക്കും സംഭവിച്ച നാശനഷ്ടങ്ങൾക്ക് ഇറ്റാലിയൻ ക്ലബ്ബിനെതിരെ സാധ്യമായ നടപടികളെക്കുറിച്ച് ക്ലബ്ബിന്റെ നിയമ വകുപ്പ് പഠിക്കുന്നു," ബാഴ്സലോണ ഔദ്യോഗികപ്രസ്താവനയിൽ കുറിച്ചു.
ഒലോട്ട്, ഇന്റർ മയാമി, റയൽ മാഡ്രിഡ്, യുവന്റസ്, ന്യൂയോർക്ക് റെഡ്ബുൾസ് എന്നിവരുമായുള്ള പ്രീ-സീസൺ സൗഹൃദമത്സര പരമ്പരയിലെ അവസാനത്തെ മത്സരമായിരുന്നു ഇത്. ഓഗസ്റ്റ് 13നു റയോ വയ്യെക്കാനോക്കെതിരെയാണ് ബാഴ്സലോണ തങ്ങളുടെ പുതിയ ലാലിഗ സീസണു തുടക്കമിടുന്നത്.