Football in Malayalam

ക്രിസ്റ്റ്യൻ റൊമേരോക്ക് ആവശ്യക്കാരേറുന്നു, അർജന്റീനിയൻ താരത്തിനായി ബാഴ്‌സലോണയും ടോട്ടനം ഹോസ്‌പറും രംഗത്ത്

Sreejith N
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / Buda Mendes/Getty Images
facebooktwitterreddit

കഴിഞ്ഞ സീസണിൽ സീരി എയിലെ ഏറ്റവും മികച്ച പ്രതിരോധതാരമായി തിരഞ്ഞെടുക്കപ്പെടുകയും കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീനക്കായി ഇറങ്ങിയ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തുകയും ചെയ്‌ത പ്രതിരോധതാരം ക്രിസ്റ്റ്യൻ റൊമേരോക്ക് യൂറോപ്പിൽ ആവശ്യക്കാരേറുന്നു. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡാണ്‌ റൊമേരോക്കു വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നതെങ്കിലും ഇപ്പോൾ ബാഴ്‌സലോണക്കും ടോട്ടനം ഹോസ്‌പറിനും താരത്തിൽ താല്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2020ലാണ് യുവന്റസിൽ നിന്നും രണ്ടു മില്യണിലധികം യൂറോ മൂല്യമുള്ള രണ്ടു വർഷത്തെ ലോൺ കരാറിൽ റൊമേരോ അറ്റലാന്റയിലെത്തിയത്. താരത്തെ പതിനാറു മില്യൺ യൂറോക്ക് സ്ഥിരം കരാറിൽ സ്വന്തമാക്കാൻ അറ്റലാന്റാക്കു കഴിയുമെന്ന ഉടമ്പടിയുണ്ടെങ്കിലും അതിതു വരെ ഇറ്റാലിയൻ ക്ലബ് ഉപയോഗപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനവും കോപ്പ അമേരിക്ക കിരീടനേട്ടവും റൊമേരോയുടെ ട്രാൻസ്‌ഫർ മൂല്യൻ കുത്തനെ ഉയർത്തിയിട്ടുണ്ട്.

ലെങ്ലെറ്റ്, ഉംറ്റിറ്റി എന്നിവർ ക്ലബ് വിടുകയാണെങ്കിൽ അർജന്റീന താരത്തെ സ്വന്തമാക്കാനാണ് ബാഴ്‌സലോണ തയ്യാറെടുക്കുന്നത്. അതേസമയം മികച്ചൊരു പ്രതിരോധതാരത്തെ കുറച്ചു കാലമായി ലക്ഷ്യമിടുന്ന ടോട്ടനം കൊളംബിയൻ താരം ഡേവിൻസൺ സാഞ്ചസിനെ പകരം നൽകി റൊമേരോയെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. എന്തായാലും ഏതാണ്ട് മുപ്പത്തിയഞ്ചു മില്യൺ യൂറോ ഇരുപത്തിമൂന്നുകാരനായ താരത്തിനു വേണ്ടി ക്ലബുകൾ മുടക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

സെൻട്രൽ ഡിഫെൻഡറാണെങ്കിലും റൊമേരോയെ സ്വന്തമാക്കിയാൽ താരം ഗോളുകളും ഉറപ്പു നൽകുമെന്നതാണ് ക്ലബുകൾക്ക് താൽപര്യം വർധിപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ നാല്പത്തിരണ്ടു മത്സരങ്ങൾ അറ്റലാന്റാക്കു വേണ്ടി കളത്തിലിറങ്ങിയ താരം വല കുലുക്കുകയും അഞ്ച് അസിസ്റ്റുകൾ നൽകുകയും ചെയ്‌തിട്ടുണ്ട്‌. കോപ്പ അമേരിക്ക ടൂർണ്ണമെന്റിനു മുൻപുള്ള ലോകകപ്പ് യോഗ്യത മത്സരത്തിൽ കൊളംബിയക്കെതിരെയും താരം ഒരു ഗോൾ നേടിയിരുന്നു.


facebooktwitterreddit