Football in Malayalam

ഫെറൻ ടോറസ് ട്രാൻസ്‌ഫറിൽ ബാഴ്‌സലോണയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ധാരണയിലെത്തി

Sreejith N
Manchester City v Arsenal - Premier League
Manchester City v Arsenal - Premier League / Catherine Ivill/GettyImages
facebooktwitterreddit

സ്‌പാനിഷ്‌ മുന്നേറ്റനിര താരമായ ഫെറൻ ടോറസിന്റെ ട്രാൻസ്‌ഫറിന്റെ കാര്യത്തിൽ ബാഴ്‌സലോണയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ധാരണയിലെത്തിയതായി യൂറോപ്പിലെ വിവിധ മാധ്യമങ്ങൾ സ്ഥിരീകരിക്കുന്നു. അൻപത്തിയഞ്ചു മില്യൺ യൂറോ ട്രാൻസ്‌ഫർ ഫീസ് നൽകിയാണ് ഇരുപത്തിയൊന്നു വയസുള്ള ഫെറൻ ടോറസിനെ സ്വന്തമാക്കാൻ ബാഴ്‌സലോണ ഒരുങ്ങുന്നത്.

അൻപത്തിയഞ്ചു മില്യൺ യൂറോക്കു പുറമെ ഫെറൻ ടോറസിന്റെ ട്രാൻസ്‌ഫറിൽ പത്തു മില്യൺ യൂറോയുടെ ആഡ് ഓണുകളും മാഞ്ചസ്റ്റർ സിറ്റി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ 2020ൽ വലൻസിയയിൽ നിന്നും 23 മില്യൺ യൂറോക്ക് സ്വന്തമാക്കിയ താരത്തെ അതിന്റെ ഇരട്ടിയിലധികം മൂല്യത്തിന് വിൽക്കാൻ കഴിഞ്ഞുവെന്നത് സിറ്റിക്ക് നേട്ടമാണ്.

എഴുപതു മില്യൺ യൂറോയാണ് ഫെറൻ ടോറസിന് മാഞ്ചസ്റ്റർ സിറ്റി മൂല്യം കൽപ്പിച്ചിരുന്നത്. ബാഴ്‌സലോണ ആദ്യം ഓഫർ ചെയ്‌ത നാൽപത്തിയഞ്ചു മില്യൺ യൂറോയുടെയും അമ്പതു മില്യൺ യൂറോയുടെയും ഓഫറുകൾ തള്ളിയതിനു ശേഷമാണ് ബാഴ്‌സ പുതിയ ഓഫർ നൽകിയത്. തങ്ങൾ ആവശ്യപ്പെടുന്ന തുകയുടെ അടുത്തു നിൽക്കുന്നതു കൊണ്ടാണ് സിറ്റിയിതു സ്വീകരിക്കാൻ തയ്യാറാവുന്നതെന്ന് റിപ്പോട്ടുകൾ വ്യക്തമാക്കുന്നു.

ബാഴ്‌സലോണക്കും മാഞ്ചസ്റ്റർ സിറ്റിക്കുമിടയിൽ നിലനിൽക്കുന്ന മികച്ച ബന്ധമാണ് ഫെറൻ ടോറസിന്റെ ട്രാൻസ്‌ഫർ സുഗമമാക്കിയതെന്നാണ് കരുതേണ്ടത്. ഗ്വാർഡിയോളക്കു പുറമെ മാഞ്ചസ്റ്റർ സിറ്റിയുടെ നേതൃത്വത്തിലുള്ള ക്‌സിക്കി ബെജിറിസ്റ്റിൻ, ഫെറൻ സോറിയാനോ എന്നിവരും മുൻപ് ബാഴ്‌സലോണ പ്രസിഡന്റ് ലപോർട്ടക്കു കീഴിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്.

ഫെറൻ ടോറസിനു മുൻപേ റഹീം സ്റ്റെർലിംഗിനു വേണ്ടി ബാഴ്‌സ താൽപര്യം കാണിച്ചിരുന്നുവെങ്കിലും താരത്തെ ടീമിനൊപ്പം ആവശ്യമുണ്ടെന്നു പറഞ്ഞ് സിറ്റിയതു നിരാകരിച്ചു. ഈ സീസണിൽ നാലു പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രം കളിച്ച ടോറസ് രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിലും താരം ഒരു ഗോൾ നേടിയിട്ടുണ്ട്.

അതേസമയം സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ബാഴ്‌സ താരത്തിനായി ഇത്രയും തുക ചിലവഴിച്ചതിനെപ്പറ്റി വരും ദിവസങ്ങളിൽ ചോദ്യങ്ങളുയരുമെന്നതു തീർച്ചയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit