Football in Malayalam

ബാഴ്‌സലോണക്കു വേണ്ടി മറ്റു ക്ലബുകളുടെ ഓഫർ നിഷേധിച്ച് റഫിന്യ, അഞ്ചു വർഷത്തെ കരാർ നൽകാൻ കാറ്റലൻ ക്ലബ്

Sreejith N
Barcelona Agrees Five Year Deal With Raphinha
Barcelona Agrees Five Year Deal With Raphinha / DOUGLAS MAGNO/GettyImages
facebooktwitterreddit

ലീഡ്‌സ് യുണൈറ്റഡ് താരം റഫിന്യയുമായി അഞ്ചു വർഷത്തെ കരാർ ധാരണയിലെത്തി ബാഴ്‌സലോണ. ഈ സീസണോടെ കരാർ അവസാനിക്കുന്ന ഫ്രഞ്ച് മുന്നേറ്റനിര താരം ഒസ്മാനെ ഡെംബലെക്കു പകരക്കാരനായാണ് ബ്രസീലിയൻ താരത്തെ ബാഴ്‌സലോണ ടീമിന്റെ ഭാഗമാക്കുന്നതെന്ന് കാറ്റലൻ മാധ്യമായ സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു.

ഇരുപത്തിയഞ്ചുകാരനായ ബ്രസീലിയൻ താരത്തിന്റെ ഏജന്റ് മുൻ പോർച്ചുഗീസ് താരമായ ഡെക്കോയാണ്. ഡെക്കോ മുൻപ് ബാഴ്‌സലോണക്കു വേണ്ടി കളിച്ചിട്ടുള്ള താരമായതാണ് ട്രാൻസ്‌ഫർ നീക്കങ്ങളിലും കരാർ ധാരണയിലെത്താനും ബാഴ്‌സലോണയെ സഹായിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

റിപ്പോർട്ടുകൾ പ്രകാരം റാഫിന്യക്കു വേണ്ടി ലിവർപൂൾ, ബയേൺ മ്യൂണിക്ക് എന്നീ ക്ലബുകൾ ഓഫറുമായി രംഗത്തുണ്ടായിരുന്നു. എന്നാൽ ബ്രസീലിയൻ താരം ബാഴ്‌സലോണയുടെ ഓഫർ മാത്രമേ പരിഗണിക്കൂവെന്ന നിലപാടാണ് എടുത്തത്. ബാഴ്‌സലോണയുടെ ഓഫർ സ്വീകരിക്കാൻ താരം ലീഡ്‌സ് യുണൈറ്റഡിനു മേൽ സമ്മർദ്ദം ചെലുത്തുന്നുമുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം മുപ്പത്തിയഞ്ചു മില്ല്യൺ യൂറോയുടെ ഓഫർ താരത്തിനു വേണ്ടി ബാഴ്‌സലോണ ഓഫർ ചെയ്‌തത്‌ ലീഡ്‌സ് യുണൈറ്റഡ് നിഷേധിച്ചിരുന്നു. അതിനേക്കാൾ ഉയർന്ന ഒരു ഓഫർ നൽകി താരത്തെ ടീമിലെത്തിക്കാനാണ് ഇപ്പോൾ കാറ്റലൻ ക്ലബ് തയ്യാറെടുക്കുന്നത്. ലീഡ്‌സ് പ്രീമിയർ ലീഗിൽ നിന്നും തരം താഴ്ത്തപ്പെട്ടാൽ റാഫിന്യയെ കുറഞ്ഞ തുകക്ക് ബാഴ്‌സക്കു ലഭിക്കുകയും ചെയ്യും.

സ്പോർട്ടിന്റെ തന്നെ റിപ്പോർട്ടുകൾ പ്രകാരം പ്രതിരോധതാരമായ ഓസ്‌കാർ മിൻഗുയെസയെ നൽകിയുള്ള കൈമാറ്റക്കാരാറും ബാഴ്‌സലോണ പരിഗണിക്കുന്നുണ്ട്. ഇരുപത്തിരണ്ടു വയസുള്ള താരത്തിൽ ലീഡ്‌സിനു താല്പര്യമുള്ളത് ബാഴ്‌സലോണയ്ക്ക് ഗുണം ചെയ്‌തേക്കും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit