Football in Malayalam

മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരത്തെ സ്വന്തമാക്കാനൊരുങ്ങി ബാഴ്സ;കരാർ കാര്യത്തിൽ താരവുമായി ധാരണയിലെത്തിയെന്നും സൂചന

Gokul Manthara
Leicester City v Manchester City - Premier League
Leicester City v Manchester City - Premier League / Shaun Botterill/GettyImages
facebooktwitterreddit

തങ്ങളുടെ ആക്രമണ നിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് യുവ മുന്നേറ്റ താരം ഫെറാൻ ടോറസിനെ ടീമിലെത്തിക്കാനൊരുങ്ങി ബാഴ്സലോണ. താരത്തെ ബാഴ്സലോണയിലേക്ക് കൊണ്ടു വരുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ അദ്ദേഹത്തിന്റെ ഏജന്റ് കഴിഞ്ഞ ദിവസം കറ്റാലൻ ക്ലബ്ബിന്റെ ഓഫീസിലെത്തിയിരുന്നു. കരാറുമായി ബന്ധപ്പെട്ട കാര്യം ചർച്ച ചെയ്യാൻ ബാഴ്സലോണയുടെ ഫുട്ബോൾ ഡയറക്ടറായ മാത്യു അലെമാനി ഈയാഴ്ച മാഞ്ചസ്റ്ററിലേക്ക് പോകുമെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

മുന്നേറ്റ നിരയുടെ കരുത്ത് വർധിപ്പിക്കുന്നതിന്റെ ഭാഗമായി വരുന്ന വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ പുതിയൊരു അറ്റാക്കിംഗ് താരത്തെ ക്ലബ്ബിലേക്ക് കൊണ്ടു വരാൻ ബാഴ്സലോണ ആഗ്രഹിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്‌. ഫെറാൻ ടോറസിനെയാണ് ഈ സ്ഥാനത്തേക്ക് അവർ പ്രധാനമായും പരിഗണിക്കുന്നതെന്നാണ് സ്പാനിഷ് മാധ്യമമായ കഡേന സെർ റിപ്പോർട്ട് ചെയ്യുന്നത്. കരാറുമായി ബന്ധപ്പെട്ട കാര്യത്തിൽ ടോറസുമായി ധാരണയിലെത്താൻ ബാഴ്സലോണക്ക് നേരത്തെ തന്നെ കഴിഞ്ഞിരുന്നുവെന്നും, എന്നാൽ ഇക്കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റിയുമായി ധാരണയിലെത്താൻ കറ്റാലൻ വമ്പന്മാർക്ക് ഇതു വരെ സാധിച്ചിട്ടില്ലെന്നുമാണ് സൂചനകൾ‌‌.

എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുമായി മികച്ച ബന്ധമുള്ള ബാഴ്സലോണക്ക് അവിടെ നിന്ന് ടോറസിനെ സ്വന്തമാക്കാനുള്ള നീക്കത്തിലും വിജയം കാണാനാകുമെന്നാണ് കരുതപ്പെടുന്നത്‌. ജനുവരിയിൽ ടോറസിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കാനാണ് ബാഴ്സലോണ താല്പര്യപ്പെടുന്നതെങ്കിലും താരത്തെ വിട്ടു നൽകാൻ മാഞ്ചസ്റ്റർ സിറ്റി മുന്നോട്ടു വെക്കുന്ന ഡിമാൻഡിന് അനുസരിച്ചാകും ഈ ട്രാൻസ്ഫർ നടക്കാനുള്ള സാധ്യത‌.

അതേ സമയം കഴിഞ്ഞ ഓഗസ്റ്റിൽ വലൻസിയയിൽ നിന്ന് അഞ്ച് വർഷ കരാറിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയ ഫെറാൻ, 43 മത്സരങ്ങളാണ് ഇതു വരെ ക്ലബ്ബിനായി കളിച്ചിട്ടുള്ളത്. ഈ മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ നേടിയ താരം 4 ഗോളുകൾക്ക് വഴിയുമൊരുക്കി. കാൽപ്പാദത്തിനേറ്റ പരിക്കിനെത്തുടർന്ന് നിലവിൽ കളിക്കളത്തിന് പുറത്തുള്ള ഈ ഇരുപത്തിയൊന്നുകാരൻ, അടുത്ത വർഷമാദ്യത്തോടെ മൈതാനത്തേക്ക് തിരിച്ചെത്തുമെന്നാണ് സൂചന.

facebooktwitterreddit