അടുത്ത സീസണിൽ മുന്നേറ്റനിര മാറും, ബാഴ്സലോണയുടെ പദ്ധതികളിങ്ങനെ


നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോയ ഒരു സീസൺ ആണെങ്കിലും സാവി പരിശീലകനായി ചുമതല ഏറ്റെടുത്തതിനു ശേഷം മികച്ച പ്രകടനം നടത്തിയ ബാഴ്സലോണക്ക് ലീഗിൽ രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞിരുന്നു. ആ ആവേശത്തിൽ നിന്നു കൊണ്ടു തന്നെ അടുത്ത സീസണിൽ സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കാനുള്ള ശ്രമം നടത്തുകയെന്നതാണ് ബാഴ്സയുടെ പ്രധാന ലക്ഷ്യം.
എന്നാൽ ഈ സീസണിൽ സാവിയുടെ കീഴിൽ ബാഴ്സലോണയുടെ കുന്തമുനയായ ഒസ്മാനെ ഡെംബലെ അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകാൻ സാധ്യതയില്ല. താരവുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ ബാഴ്സലോണ നടത്തുന്നുണ്ടെങ്കിലും അതു വിജയിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ മുന്നേറ്റനിരയിൽ മാറ്റങ്ങൾ വരുത്തേണ്ടത് ക്ലബിന് അനിവാര്യമാണ്.
Xavi 'targeting new Barcelona trident' including Robert Lewandowski and Raphinhahttps://t.co/ULaTDlAhPb pic.twitter.com/sbW42IBLe5
— Mirror Football (@MirrorFootball) May 20, 2022
നിലവിൽ പിയറി എമറിക്ക് ഒബാമയാങ്, ഒസ്മാനെ ഡെംബലെ, ഫെറൻ ടോറസ്, മെംഫിസ് ഡീപേയ് തുടങ്ങിയ താരങ്ങളെയാണ് ബാഴ്സലോണ മുന്നേറ്റനിരയിൽ കാണാറുള്ളത്. എന്നാൽ അടുത്ത സീസണിൽ ഇവരിൽ ഒരാളും ബാഴ്സലോണയുടെ ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്നാണ് മുണ്ടോ ഡിപോർറ്റീവോയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വരുന്ന സീസണിലേക്കായി ലീഡ്സ് യുണൈറ്റഡ് താരം റഫിന്യ, ബയേൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോസ്കി എന്നിവരെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ബാഴ്സലോണ ആരംഭിച്ചിട്ടുണ്ട്. ഇവർ ക്ലബ്ബിലേക്ക് എത്തിയാൽ പരിക്കു മാറി ടീമിൽ തിരിച്ചെത്തിയ അൻസു ഫാറ്റിയെയും ഉൾപ്പെടുത്തി അടുത്ത സീസണിലെ മുന്നേറ്റനിര അണിനിരത്താനാണ് സാവിയുടെ പദ്ധതിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലീഡ്സ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ നിന്നും തരം താഴ്ത്തപ്പെട്ടാൽ റാഫിന്യയെ ഇരുപത്തിയഞ്ചു മില്യൺ യൂറോക്ക് സ്വന്തമാക്കാൻ ബാഴ്സലോണക്ക് കഴിയും, ലെവൻഡോസ്കി ബയേൺ വിടാനുള്ള താൽപര്യവും പ്രകടിപ്പിച്ചു കഴിഞ്ഞു. അതിനാൽ ഈ മുന്നേറ്റനിരയെ തന്നെ അടുത്ത സീസണിൽ അവതരിപ്പിക്കാൻ കഴിയുമെന്ന് സാവി വിശ്വസിക്കുന്നു.
അടുത്ത സീസണിൽ അൻസു ഫാറ്റിക്ക് തന്റെ നൂറു ശതമാനം പ്രകടനം കളിക്കളത്തിൽ കാഴ്ച വെക്കാനും കഴിയുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. അങ്ങിനെയാണെങ്കിൽ ഡീപേയ്, ബ്രൈത്ത്വൈറ്റ്, ലൂക്ക് ഡി ജോംഗ് തുടങ്ങിയ കളിക്കാർ ക്ലബ് വിടാനാണ് സാധ്യത.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.