മെസി ക്ലബ് വിട്ടിട്ടും പ്രതിസന്ധി തീരാതെ ബാഴ്സലോണ, പുതിയ താരങ്ങളുടെ രജിസ്ട്രേഷൻ ഇപ്പോഴും ആശങ്കയിൽ


കളിക്കളത്തിലും പുറത്തും നിർണായക ഘടകമായിരുന്ന ലയണൽ മെസിയെപ്പോലൊരു താരത്തെ ഒഴിവാക്കാനുള്ള ബാഴ്സയുടെ തീരുമാനം വളരെയധികം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു എങ്കിലും ലാ ലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങൾ മൂലം മറ്റൊരു വഴിയും കാറ്റലൻ ക്ലബിനു മുന്നിലുണ്ടായിരുന്നില്ല. ശമ്പളം മുഴുവൻ ഒഴിവാക്കിയാലും മെസിയെ സൈൻ ചെയ്യാൻ കഴിയില്ലെന്ന അവസ്ഥയിലേക്കാണ് കഴിഞ്ഞ കാലങ്ങളിലെ നേതൃത്വത്തിന്റെ പിടിപ്പുകേട് ബാഴ്സയെ കൊണ്ടു ചെന്നെത്തിച്ചത്.
ഇരുപത്തിയൊന്ന് വർഷം കളിച്ച് തന്റെ സർവസ്വവും നൽകിയ ടീമിൽ നിന്നും പുറത്തുപോയ ലയണൽ മെസിയെ കഴിഞ്ഞ ദിവസം ഫ്രഞ്ച് ക്ലബായ പിഎസ്ജിയാണു സ്വന്തമാക്കിയത്. എന്നാൽ മെസി പോയിട്ടും ബാഴ്സയുടെ പ്രതിസന്ധിക്ക് അവസാനമായിട്ടില്ല എന്നാൽ സ്പെയിനിൽ നിന്നും പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
?? INFORMA @SiqueRodriguez
— Què T'hi Jugues (@QueThiJugues) August 10, 2021
?️ "Al club esperen que entre avui, demà i demà passat es tanqui una rebaixa salarial i alguna sortida per poder inscriure els fitxatges d'aquesta temporada"
?️ "Si no hi ha cap moviment, el Barça NO els podrà inscriure"#FCBlive pic.twitter.com/Fy9y4izLse
സ്പാനിഷ് മാധ്യമമായ കദേന എസ്ഇആറിന്റെ പ്രോഗ്രാമിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം മെസി ക്ലബ് വിട്ടെങ്കിലും ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയ താരങ്ങളെ ബാഴ്സക്ക് ഇപ്പോഴും രജിസ്റ്റർ ചെയ്യാൻ കഴിയുകയില്ല. ഫ്രീ ട്രാൻസ്ഫറിൽ ക്ലബിലെത്തിയ മെംഫിസ് ഡീപേയ്, സെർജിയോ അഗ്യൂറോ, എറിക് ഗാർസിയ എന്നിവർക്കു പുറമെ റയൽ ബെറ്റിസിൽ നിന്നും സ്വന്തമാക്കിയ എമേഴ്സനെയുമാണ് ബാഴ്സയ്ക്ക് രജിസ്റ്റർ ചെയ്യാൻ തടസമുള്ളത്.
റിപ്പോർട്ടുകൾ പ്രകാരം ഈ താരങ്ങളെ അടുത്ത സീസണിലെ ടീമിന്റെ ഭാഗമായി രജിസ്റ്റർ ചെയ്യണമെങ്കിൽ ഒന്നുകിൽ ബാഴ്സലോണ താരങ്ങൾ പ്രതിഫലം വെട്ടിക്കുറക്കുകയോ, അതല്ലെങ്കിൽ നിലവിലുള്ള താരങ്ങളിൽ പലരെയും വിൽക്കുകയോ വേണ്ടി വരും. അതു സംഭവിച്ചില്ലയെങ്കിൽ അടുത്ത സീസണിൽ ഈ നാല് താരങ്ങളും മെസിയുമില്ലാതെ ബാഴ്സ കളിക്കേണ്ടി വരുമെന്ന് പ്രോഗ്രാമിൽ മാധ്യമപ്രവർത്തകനായ സിക്വ റോഡ്രിഗസ് വ്യക്തമാക്കി.
ലയണൽ മെസിയെ നിലനിർത്തുന്നതിനു വേണ്ടി ബാഴ്സലോണ നിലവിലുള്ള താരങ്ങളിൽ പലരെയും ഒഴിവാക്കാനും വേതനം കൂടുതൽ വെട്ടിക്കുറക്കാനും ശ്രമിച്ചിരുന്നു. എന്നാൽ ക്ലബ് വിട്ടു പോകുന്നതിന് താരങ്ങളിൽ പലരും തയ്യാറാതിരുന്നപ്പോൾ ശമ്പളം കുറക്കാൻ സ്വമേധയാ തയ്യാറായ ഒരേയൊരു താരം പിക്വ മാത്രമാണ്. അതുകൊണ്ടു തന്നെ പുതിയ താരങ്ങൾക്ക് വേണ്ടി നീക്കുപോക്കുകൾക്ക് നിലവിലെ താരങ്ങൾ എത്രത്തോളം തയ്യാറാകുമെന്ന് കണ്ടറിയേണ്ട കാര്യമാണ്.