അൻസു ഫാറ്റിയെടുത്ത തീരുമാനം വലിയ പിഴവായി മാറിയെന്ന ആശങ്കയിൽ ബാഴ്‌സലോണ
By Sreejith N

ലോകഫുട്ബോളിലേക്ക് വളരെ പെട്ടന്ന് ഉദിച്ചുയർന്നു വന്ന താരമാണ് അൻസു ഫാറ്റി. പതിനാറാം വയസിൽ ബാഴ്‌സയിൽ അരങ്ങേറ്റം കുറിച്ച താരം തന്റെ ഗോളടി മികവു കൊണ്ട് ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയെങ്കിലും അതിനു ശേഷം പരിക്ക് താരത്തിന്റെ ജീവിതത്തിൽ വില്ലനായി. ഏതാണ്ട് പതിനെട്ടു മാസത്തോളമായി ഇക്കാരണം കൊണ്ട് പരിമിതമായ മത്സരങ്ങൾ മാത്രമേ ഫാറ്റിക്ക് കളിക്കാൻ കഴിഞ്ഞിട്ടുള്ളൂ.
2020 നവംബറിലാണ് ഫാറ്റിക്ക് പരിക്കു പറ്റുന്നത്. ആ സീസൺ മുഴുവനും യൂറോ കപ്പും ഒളിമ്പിക്‌സും നഷ്‌ടമായ താരം ഇക്കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ഏതാനും മത്സരങ്ങളിൽ കളിക്കാനിറങ്ങിയെങ്കിലും വീണ്ടും പരിക്കു പറ്റി പുറത്തായി. അതിനു ശേഷം സീസണിന്റെ അവസാനത്തെ ചില മത്സരങ്ങളിൽ പകരക്കാരനായി മാത്രമാണ് താരം കളിച്ചത്.
Concern at Barcelona about forward Ansu Fati's fitness post-injury https://t.co/UAdmY8UR8C
— SPORT English (@Sport_EN) June 19, 2022
മാധ്യമപ്രവർത്തനായ അഷ്‌റഫ് ബിൻ യാദവ് റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം ഫാറ്റിയുടെ ശാരീരികാവസ്ഥയിൽ ബാഴ്‌സലോണ നേതൃത്വത്തിന് വളരെയധികം ആശങ്കകൾ നിലനിൽക്കുന്നുണ്ട്. താരത്തിന് ഇതുവരെയും തന്റെ ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നതും ഉയർന്ന തലത്തിലുള്ള മത്സരങ്ങൾ കളിക്കാൻ പര്യാപ്‌തമായിട്ടില്ലെന്നതും ബാഴ്‌സ നേതൃത്വത്തിൽ സംശയങ്ങൾ സൃഷ്‌ടിക്കുന്നു.
കഴിഞ്ഞ പതിനെട്ടു മാസത്തിനിടെ നാല് തവണ ശസ്ത്രക്രിയക്ക് വിധേയനായ അൻസു ഫാറ്റിക്ക് ഒരു പ്രധാന ശസ്ത്രക്രിയ കൂടി നിർദ്ദേശിച്ചിരുന്നെങ്കിലും അതിനു താരം തയ്യാറായില്ല. തന്റെ കരിയറിനെ തന്നെ ബാധിക്കുമോയെന്ന പേടിയിൽ ശസ്ത്രക്രിയ ഒഴിവാക്കിയ താരം ഫിറ്റ്നസ് വീണ്ടെടുക്കാൻ മറ്റു വഴികളാണ് തേടിയത്. എന്നാൽ അക്കാര്യത്തിൽ താരത്തിന് പിഴവ് സംഭവിച്ചുവെന്നാണ് ബാഴ്‌സലോണ നേതൃത്വം കരുതുന്നത്.
ഇപ്പോഴും പരിക്കിൽ നിന്നും പൂർണമായി മുക്തനാവാൻ കഴിയാത്ത താരം ബാഴ്‌സലോണ സഹതാരമായ സാമുവൽ ഉംറ്റിറ്റിയുടെ അതെ അവസ്ഥയിലേക്ക് എത്തുമോയെന്ന ആശങ്കയും ബാഴ്‌സലോണ നേതൃത്വത്തിനുണ്ട്. ബാഴ്‌സലോണക്ക് വേണ്ടി സീസണിന്റെ അവസാനം കളിച്ചെങ്കിലും സ്പെയിനിന്റെ മത്സരങ്ങളിൽ താരത്തെ ലൂയിസ് എൻറിക്വ ഉൾപ്പെടുത്തിയില്ല. പരിപൂർണ ഫിറ്റ്നസിലേക്ക് എത്താതെ ലോകകപ്പ് ടീമിലും താരത്തിന് സ്ഥാനം ഉണ്ടാകില്ലെന്ന് ഇതു വ്യക്തമാക്കുന്നു.
പ്രതിഭ ധാരാളമുള്ള താരമായ ഫാറ്റി കഴിഞ്ഞ സീസണിൽ ആകെ പതിനാലു മത്സരങ്ങളിൽ മാത്രമാണ് കളിച്ചിട്ടുള്ളത്. അതിൽ ചില മത്സരങ്ങളിൽ പകരക്കാരനായിട്ടു കൂടി ആറു ഗോളും ഒരു അസിസ്റ്റും സീസണിൽ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. പതിനെട്ടാം വയസിൽ തന്നെ വളരെ മികച്ച പ്രകടനം നടത്തുന്ന താരത്തിന്റെ തിരിച്ചു വരവിനാണ് ആരാധകരും കാത്തിരിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.