Football in Malayalam

"ബാഴ്‌സയേക്കാൾ വലുതല്ല ഒരാളുമെന്നു ഞങ്ങൾ തീരുമാനിച്ചു"- മെസി ക്ലബ് വിട്ടതിനെക്കുറിച്ച് ബാഴ്‌സ സ്പോർട്ടിങ് ഡയറക്റ്റർ

Sreejith N
Lionel Messi of Barcelona Press Conference
Lionel Messi of Barcelona Press Conference / Eric Alonso/GettyImages
facebooktwitterreddit

ലയണൽ മെസി ബാഴ്‌സലോണ വിടാനുണ്ടായ സാഹചര്യം വ്യക്തമാക്കി ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്ററായ മാത്യു അലെമണി. അർജന്റീനിയൻ ഇതിഹാസം ബാഴ്‌സലോണ വിട്ടത് ആകസ്‌മികമായ കാര്യമല്ലെന്നും താരത്തെ നിലനിർത്താൻ ക്ലബിനു താൽപര്യമില്ലാത്ത പലതും അംഗീകരിക്കേണ്ട സാഹചര്യമുണ്ടായെന്നും പറഞ്ഞ അദ്ദേഹം മെസി പോയത് ക്ലബിന്റെ വാണിജ്യപരമായ വരുമാനത്തെ ബാധിച്ചുവെന്നും വ്യക്തമാക്കി.

"ദൗർഭാഗ്യവശാൽ മെസി ക്ലബ് വിട്ടത് ആകസ്‌മികമായ ഒരു കാര്യമായിരുന്നില്ല. ആ സമയത്തെ യാഥാർഥ്യം അതായിരുന്നു. ഞങ്ങൾക്ക് ഉൾപ്പെടാൻ ആഗ്രഹമില്ലാത്ത ഒന്നിലേക്ക് ചേരുക മാത്രമായിരുന്നു മെസിയെ നിലനിർത്താൻ ആകെയുണ്ടായിരുന്ന വഴി. ക്ലബാണ് മറ്റേതൊരാളേക്കാളും വലുതെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു." അദ്ദേഹം എൽഎസ്ഇ സ്‌പോർട് ബിസിനസ് കോണ്ഫറന്സിൽ സംസാരിക്കേ പറഞ്ഞു.

"മെസി പോയതോടെ ഞങ്ങളുടെ വാണിജ്യപരമായ വരുമാനം വളരെയധികം നഷ്‌ടപ്പെട്ടു. കാരണം താരം ഞങ്ങൾക്ക് അത്രയും പ്രധാനപ്പെട്ടൊരു സാമ്പാദ്യമായിരുന്നു. അതിനു പുറമെ ഒരു കളിക്കാരൻ എന്ന നിലയിൽ കണക്കാക്കുമ്പോൾ സ്പോർട്ടിങ് തലത്തിലും അങ്ങിനെ തന്നെയാണ്. എന്തായാലും ഇപ്പോഴോ പിന്നീടോ താരത്തിനു ക്ലബ് വിടേണ്ടി വരുമായിരുന്നു. ഞങ്ങൾ ടീമിനെ പുനർനിർമിക്കുന്ന ഘട്ടത്തിലേക്ക് കടന്നു, അത് പൂർത്തിയാക്കണം." അലെമണി വ്യക്തമാക്കി.

മെസി ക്ലബ് വിട്ടതോടെ ബാഴ്‌സലോണ മോശം ഫോമിലേക്ക് വീണെങ്കിലും സാവി പരിശീലകനായി എത്തിയതോടെ അതിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഏതാനും പുതിയ താരങ്ങളെ സ്വന്തമാക്കിയ ബാഴ്‌സലോണ അതിനു ശേഷം നടന്ന മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് ഫോം വീണ്ടെടുക്കുന്നതിന്റെ സൂചന നൽകിക്കഴിഞ്ഞു. അടുത്ത മത്സരത്തിൽ എസ്പാന്യോളാണ് ബാഴ്‌സയുടെ എതിരാളികൾ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit