ഡെംബലെക്ക് കരാർ പുതുക്കാനുള്ള അവസാന തീയതി നൽകി ബാഴ്‌സലോണ
By Sreejith N

ഒസ്മാനെ ഡെംബലെ ബാഴ്‌സലോണയിൽ തുടരുമോ ഇല്ലയോ എന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിൽ തന്നെ തുടരുകയാണ്. ക്ലബിൽ തന്നെ തുടരാനാണ് താൽപര്യമെന്ന് ഫ്രഞ്ച് മുന്നേറ്റനിര താരം ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ടെങ്കിലും ബാഴ്‌സലോണ മുന്നോട്ടു വെച്ച ഓഫറുകൾ ഒന്നിനോടും താരം ഇതുവരേക്കും അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ബാഴ്‌സലോണയുമായി നിലനിൽക്കുന്ന കരാർ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഫ്രഞ്ച് താരത്തിനായി മറ്റു ക്ലബുകളൊന്നും സജീവമായി രംഗത്തില്ല. നേരത്തെ ചെൽസി ഡെംബലെക്കു വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും താരം മുന്നോട്ടു വെക്കുന്ന പ്രതിഫലമടക്കമുള്ള ആവശ്യങ്ങൾ അവർക്ക് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല.
ഡെംബലെയുടെ ഭാവി അനിശ്ചിതത്വത്തിൽ തന്നെ തുടരുമ്പോൾ താരത്തിന് കരാർ പുതുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഒരു അവസാന തീയതി ബാഴ്‌സലോണ നൽകാൻ പോവുകയാണ്. സ്‌പാനിഷ് മാധ്യമം മുണ്ടോ ഡീപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം ജൂലൈ ഒന്നിന് ഇക്കാര്യത്തിൽ ഡെംബലെ അവസാന തീരുമാനം അറിയിക്കേണ്ടതുണ്ട്. അതേസമയം നിലവിൽ നൽകിയ ഓഫർ ബാഴ്‌സലോണ വർധിപ്പിക്കാൻ തയ്യാറല്ല.
ഡെംബലെ തന്റെ തീരുമാനം ഇതുവരെയും വെളിപ്പെടുത്താത്തത് ബാഴ്‌സലോണ ബോർഡിലെ പലരിലും അതൃപ്‌തിയും ഉണ്ടാക്കുന്നു. ഡെംബലെയുടെ മൗനം ക്ലബിന്റെ പ്രതിച്ഛായക്കു തന്നെ കോട്ടം വരുത്തുന്ന ഒന്നാണെന്നാണ് അവർ വിശ്വസിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കരാർ പുതുക്കുന്ന കാര്യത്തിൽ അവസാന തീരുമാനം എടുക്കാൻ ക്ലബ് തീയതി നിശ്ചയിച്ചിരിക്കുന്നത്.
ഡെംബലെ ക്ലബ് വിടുമോ, അതോ തുടരുമോയെന്നത് ബാഴ്‌സയുടെ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലെ പദ്ധതികളിൽ നിർണായകമായ ഒന്നാണ്. താരം ക്ലബ് വിടുകയാണെങ്കിൽ പകരക്കാരായി കണ്ടു വെച്ചിട്ടുള്ള താരങ്ങൾക്കായി ക്ലബ് ശ്രമം നടത്തേണ്ടതുണ്ട്. ഈ താരങ്ങൾക്കായി മറ്റു പല ക്ലബുകളും സജീവമായി രംഗത്തുണ്ട് എന്നതിനാൽ ഒരു തീരുമാനം ഉടനെ അറിഞ്ഞാലേ ബാഴ്‌സക്ക് മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.