റൊണാൾഡ്‌ കൂമാനെ ബാഴ്‌സലോണ പുറത്താക്കി, പകരക്കാരനായി സാവിയെത്താൻ സാധ്യത

Sreejith N
Rayo Vallecano v FC Barcelona - La Liga Santander
Rayo Vallecano v FC Barcelona - La Liga Santander / Denis Doyle/GettyImages
facebooktwitterreddit

റയോ വയാക്കാനോയുമായുള്ള ലാ ലിഗ മത്സരത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെ ബാഴ്‌സലോണ പരിശീലകൻ റൊണാൾഡ്‌ കൂമാനെ ബാഴ്‌സലോണ പുറത്താക്കി. ഇന്നലെ നടന്ന മത്സരത്തിൽ റഡാമൽ ഫാൽകാവോ നേടിയ ഒരേയൊരു ഗോളിലാണ് റയോ വയോകാനോ വിജയം നേടിയത്. ഇതോടെ ലീഗിൽ പത്തു കളികൾ പൂർത്തിയാക്കിയപ്പോൾ നാലു ജയം മാത്രം സ്വന്തമാക്കി ഒൻപതാം സ്ഥാനത്താണ് ബാഴ്‌സലോണ.

"ഫസ്റ്റ് ടീം പരിശീലകസ്ഥാനത്തു നിന്നും റൊണാൾഡ്‌ കൂമാനെ ബാഴ്‌സലോണ പുറത്താക്കി. റയോ വയാകാനോയുമായുള്ള തോൽവിക്കു ശേഷം ക്ലബ് പ്രസിഡന്റായ യോൻ ലപോർട്ടയാണ് തീരുമാനം അറിയിച്ചത്. സിയുഡാഡ് ഡിപോർട്ടിവയിൽ വെച്ച് വ്യാഴാഴ്‌ച റൊണാൾഡ്‌ കൂമാൻ സ്‌ക്വാഡിനോട് യാത്ര ചോദിക്കും."

"എഫ്‌സി ബാഴ്‌സലോണ അദ്ദേഹം ക്ലബിനു വേണ്ടി നൽകിയ സേവനങ്ങളോട് നന്ദി പറയുന്നതിനൊപ്പം അദ്ദേഹത്തിന്റെ പ്രൊഫെഷണൽ കരിയറിന് എല്ലാ വിധ ഭാവുകങ്ങളും നൽകുന്നു." ഔദ്യോഗിക പ്രസ്‌താവനയിൽ ക്ലബ് വ്യക്തമാക്കി.

നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ക്ലബിന്റെ ഇതിഹാസതാരവും നിലവിൽ ഖത്തർ ക്ലബായ അൽ സാദിന്റെ പരിശീലകനുമായ സാവിയെ കൂമാനു പകരക്കാരനായി നിയമിക്കാൻ ബാഴ്‌സലോണ സമീപിച്ചിട്ടുണ്ട്. അൽ സാദുമായി കരാർ ബാക്കിയുണ്ടെങ്കിലും ബാഴ്‌സലോണ എക്സിറ്റ് ക്ളോസ് അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നത് സാവി വരാനുള്ള സാധ്യതകൾ വര്ധിപ്പിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബയേൺ മ്യൂണിക്കുമായുള്ള 8-2ന്റെ തോൽവിക്കു പിന്നാലെ ക്വിക്കെ സെറ്റിയനെ പുറത്താക്കിയതിനു പകരക്കാരനായാണ് കൂമാൻ ബാഴ്‌സലോണ പരിശീലകനാവുന്നത്. ഒരു കോപ്പ ഡെൽ റേ കിരീടമാണ് കൂമാനു കീഴിൽ ബാഴ്‌സലോണ വിജയിച്ചിട്ടുള്ളത്. കൂമാനുൾപ്പെടെ ഇതു മൂന്നാമത്തെ പരിശീലകനെയാണ് ബാഴ്‌സ തുടർച്ചയായി പുറത്താക്കുന്നത്.

facebooktwitterreddit