Football in Malayalam

മെസിയുടെ കരാർ പുതുക്കൽ വൈകുന്നു, ബാഴ്‌സലോണയുടെ പുതിയ ഓഫർ താരത്തിന് ഔദ്യോഗികമായി ലഭിച്ചിട്ടില്ല

Sreejith N
FC Barcelona v RC Celta - La Liga Santander
FC Barcelona v RC Celta - La Liga Santander / David Ramos/Getty Images
facebooktwitterreddit

ലയണൽ മെസിയുടെ ബാഴ്‌സലോണ കരാർ അവസാനിക്കാൻ ഏതാനും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ അതു പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. പുതിയ കരാർ ഒപ്പിടാൻ ക്ലബും താരവും ധാരണയിലെത്തിയെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ബാഴ്‌സലോണ തങ്ങളുടെ ഓഫർ ഔദ്യോഗികമായി താരത്തിന് ഇതുവരെ അയച്ചിട്ടില്ലെന്നാണ് സ്‌പാനിഷ്‌ മാധ്യമം മാർക്ക റിപ്പോർട്ടു ചെയ്യുന്നത്.

നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം പ്രസിഡന്റായ യോൻ ലപോർട്ട മുന്നോട്ടു വെച്ച പുതിയ കരാറിൽ മെസിക്ക് ബാഴ്‌സലോണ രണ്ടു വർഷം കൂടിയാണ് ക്ലബിനൊപ്പം തുടരാമെന്ന് ഓഫർ ചെയ്‌തിരിക്കുന്നത്‌. അമ്പതു മില്യൺ യൂറോ, അതായത് നിലവിൽ താരത്തിനു ലഭിക്കുന്ന പ്രതിഫലത്തിന്റെ പകുതിയോളമാണ് പുതിയ കരാർ പ്രകാരം മെസിക്ക് ഒരു വർഷത്തിൽ ലഭിക്കുക.

ഈ രണ്ടു വർഷത്തിന് ശേഷം മെസിക്ക് അതെ പ്രതിഫലം തുടർന്നും വാങ്ങി രണ്ടു വർഷം എംഎൽഎസ് ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറാമെന്ന ഉടമ്പടിയും കരാറിലുണ്ട്. ഈ സമയത്തെല്ലാം ബാഴ്‌സലോണയുടെ തന്നെ കീഴിലുണ്ടാകുന്ന മെസിക്ക് ഇന്റർ മിയാമിയിലെ കരിയർ അവസാനിച്ചതിനു ശേഷം പ്രതിവർഷം പത്ത് മില്യൺ യൂറോ പ്രതിഫലമെന്ന വ്യവസ്ഥയിൽ കാറ്റാലൻ ക്ലബിന്റെ അംബാസിഡറായി തിരിച്ചെത്താനും കഴിയും.

ഈ കരാറുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ മെസിയുടെ ഏജന്റും പിതാവുമായ ജോർജ് മെസിയോട് ബാഴ്‌സലോണ വ്യക്തമാക്കിയിട്ടുണ്ട് എങ്കിലും ഇതുവരെയും കരാർ പുതുക്കുന്ന കാര്യത്തിൽ അനുകൂല തീരുമാനം വന്നിട്ടില്ല. ഫ്രീ ഏജന്റാവാൻ മൂന്നാഴ്‌ച പോലും ബാക്കിയില്ലാത്ത സാഹചര്യത്തിൽ മെസി സ്വീകരിക്കുന്ന ഈ നിലപാട് ആരാധകർക്ക് ആശങ്ക തന്നെയാണ്.

അതേസമയം ബാഴ്‌സലോണയുടെ ട്രാൻസ്‌ഫർ പോളിസിയെയാണ് മെസി ഉറ്റുനോക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന സീസണിൽ എല്ലാ കിരീടങ്ങൾക്കും വേണ്ടി പൊരുതാൻ കഴിയുന്ന ഒരു ടീമിനെ മെസിക്ക് ആവശ്യമുണ്ട്. അതു ലഭിക്കുമെന്ന് ബോധ്യമായാൽ താരം പുതിയ കരാറിൽ വളരെ പെട്ടെന്നു തന്നെ ഒപ്പുവെച്ചേക്കും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit