ഒരു ടീമിന്റെയും ഭാഗമല്ല, ഫുട്ബോളിൽ നിന്നും വിരമിക്കുന്നതിനേപ്പറ്റി ആലോചിച്ച് ബാഴ്സലോണ യുവതാരം


ബാഴ്സലോണയെ സംബന്ധിച്ച് പ്രതിസന്ധികളുടെ സീസണാണ് കടന്നു പോകുന്നതെങ്കിൽ ടീമിലുണ്ടായിരുന്ന യുവതാരമായ അലക്സ് കൊളാഡോക്ക് അതിനേക്കാൾ വലിയ നിരാശയുടെ കാലഘട്ടമാണിപ്പോൾ. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു ടീമിന്റെയും ഭാഗമാകാൻ കഴിയാതിരുന്ന താരം ബാഴ്സ ബി ടീമിനു വേണ്ടി പോലും കളിക്കാൻ കഴിയാത്ത അവസ്ഥയാണു നേരിടുന്നത്.
പ്രീ സീസൺ മത്സരങ്ങളിൽ ടീമിലുണ്ടായിരുന്ന താരം ആദ്യ മത്സരത്തിൽ ജിംനാസ്റ്റിക്കിനെതിരെ ഒരു ഗോൾ നേടിയെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ കളത്തിലിറങ്ങിയിരുന്നില്ല. കൂമാന്റെ പദ്ധതികളിൽ ഇടമില്ലെന്നു വ്യക്തമായതോടെ ബെൽജിയത്തിലും ഇംഗ്ലണ്ടിലുമുള്ള ക്ലബുകളിലേക്കു ചേക്കേറി ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാൻ വേണ്ടി പൊരുതാമെന്നു അലക്സ് കൊളാഡോ കരുതിയെങ്കിലും അതൊന്നും നടപ്പിലായില്ല.
Barça's Alex Collado thought about leaving football after difficult summer https://t.co/osK1FYqGMk
— SPORT English (@Sport_EN) September 23, 2021
അലക്സ് കൊളാഡോ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമെന്നു കരുതി ബാഴ്സ സീനിയർ ടീമും ബി ടീമും അവരുടെ സ്ക്വാഡിൽ താരത്തെ രജിസ്റ്റർ ചെയ്യാത്തതിനാൽ ഇപ്പോൾ ഒരു ക്ലബ്ബിലും കളിക്കാൻ കഴിയാത്ത അവസ്ഥയാണ് താരത്തിനുള്ളത്. ഇതിന്റെ ഭാഗമായി ഫുട്ബോൾ കരിയർ തന്നെ അവസാനിപ്പിച്ചാലോ എന്ന് ഇരുപത്തിരണ്ടുകാരനായ താരം ചിന്തിച്ചുവെന്ന് സ്പാനിഷ് മാധ്യമം സ്പോർട് റിപ്പോർട്ടു ചെയ്യുന്നു.
ബാഴ്സലോണ പ്രസിഡന്റായ യോൻ ലപോർട്ടയുടെ ഇടപെടൽ വിരമിക്കാനുള്ള തീരുമാനത്തിൽ നിന്നും താരത്തെ പിന്തിരിപ്പിച്ചു എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇപ്പോൾ മറ്റൊരു വഴിയും ഇല്ലെങ്കിലും താരത്തിന്റെ നിലവിലെ അവസ്ഥക്കു പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്ന ഉറപ്പ് ലപോർട്ട നൽകിയിട്ടുണ്ട്.
അതേസമയം ഏതെങ്കിലും ടീമിന്റെ ഭാഗമാകണമെങ്കിൽ അടുത്ത ജനുവരി വരെ താരം കാത്തിരിക്കേണ്ടി വരും. ജനുവരിയിൽ താരത്തിനു മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനും ബാഴ്സ സീനിയർ ടീമിന്റെ, അല്ലെങ്കിൽ ബി ടീമിന്റെ ഭാഗമായി രജിസ്റ്റർ ചെയ്യാനും കഴിയും.