ഫ്രാങ്കീ ഡി ജോങിന് പകരക്കാരനുമായി കരാർ ധാരണയിലെത്തി ബാഴ്‌സലോണ
By Sreejith N

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്ന ഡച്ച് മധ്യനിരതാരം ഫ്രാങ്കീ ഡി ജോംഗിന് പകരക്കാരനുമായി കരാർ ധാരണയിലെത്തി ബാഴ്‌സലോണ. സ്‌പാനിഷ് മാധ്യമമായ ഡിയാരിയോ എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം വലൻസിയ താരമായ കാർലോസ് സോളറിനെ ഇരുപതു മില്യൺ യൂറോ നൽകി ടീമിലെത്തിക്കാനാണ് ബാഴ്‌സലോണ ഒരുങ്ങുന്നത്.
വിവിധ യൂറോപ്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം കാർലോസ് ഫ്രാങ്കീ ഡി ജോംഗിനായി എൺപത്തിയഞ്ചു മില്യൺ യൂറോ നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാണ്. ബാഴ്‌സലോണ ആവശ്യപ്പെട്ട തുക നൽകാൻ തയ്യാറായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി താരവുമായി വ്യക്തിഗത കരാർ കൂടി അംഗീകരിച്ചാൽ വരും ദിവസങ്ങളിൽ ഡി ജോങിന്റെ ട്രാൻസ്‌ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
ഡി ജോംഗ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെന്ന അഭ്യൂഹങ്ങൾ ഉയർന്ന സമയത്തു തന്നെ പകരക്കാരനായി ഉയർന്നു കേട്ട താരമായിരുന്നു കാർലോസ് സോളർ. എന്നാൽ അതിനിടയിൽ ബെർണാഡോ സിൽവക്കു വേണ്ടിയും ബാഴ്‌സലോണ ശ്രമം നടത്തിയിരുന്നു. പെഡ്രി. കെസീ, ബുസ്‌ക്വറ്റ്സ് എന്നിവർക്കൊപ്പം ചേർന്ന് മിഡ്‌ഫീൽഡിനെ ഏറ്റവും മികച്ച രീതിയിൽ ചലിപ്പിക്കാൻ സിൽവക്ക് കഴിയുമെന്നാണ് സാവി കരുതുന്നതെങ്കിലും മാഞ്ചസ്റ്റർ സിറ്റി താരത്തെ വിട്ടുകൊടുക്കാൻ തയ്യാറായേക്കില്ല.
ബാഴ്‌സയുമായി നാല് വർഷത്തെ കരാറാണ് ഇരുപത്തിയഞ്ചു വയസുള്ള സ്‌പാനിഷ് താരമായ സോളർ ഒപ്പു വെക്കുകയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ താരം ക്ലബിലെത്തുന്നത് ഫ്രാങ്കീ ഡി ജോംഗിന്റെ ട്രാൻസ്‌ഫറിനെ അപേക്ഷിച്ചിരിക്കും. ഡച്ച് താരത്തിന് ബാഴ്‌സലോണ വിടാൻ താൽപര്യമില്ലെന്നതിനാൽ ട്രാൻസ്‌ഫർ നീക്കങ്ങളിൽ എന്തും സംഭവിക്കാമെന്ന സാഹചര്യം നിലവിലുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.