ലെവൻഡോസ്‌കിക്കായി അവസാന ശ്രമവുമായി ബാഴ്‌സലോണ, ഓഫർ ചെയ്‌തിരിക്കുന്നത് 32 മില്യൺ യൂറോ
By Sreejith N

ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കറായ റോബർട്ട് ലെവൻഡോസ്‌കിക്കു വേണ്ടി അവസാനശ്രമവുമായി ബാഴ്‌സലോണ. ജർമൻ മാധ്യമമായ ദി ബിൽഡിന്റെ റിപ്പോർട്ടുകൾ പ്രകാരം കാറ്റലൻ ക്ലബ് മുപ്പത്തിരണ്ട് മില്യൺ യൂറോയും അഞ്ചു മില്യൺ യൂറോയുടെ ആഡ് ഓണുകളും അടങ്ങിയ കരാറാണ് ലെവൻഡോസ്‌കിക്കായി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.
അടുത്ത സീസണിലേക്കായി ബാഴ്‌സലോണ ലക്ഷ്യമിടുന്ന താരങ്ങളിൽ പ്രധാനിയാണ് റോബർട്ട് ലെവൻഡോസ്‌കി. ബയേൺ വിടണമെന്ന ആഗ്രഹം പോളണ്ട് സ്‌ട്രൈക്കർ നിരവധി തവണ പ്രകടിപ്പിച്ചെങ്കിലും അതിനോട് അനുകൂലമായ പ്രതികരണം ബവേറിയൻ ക്ലബ് നടത്തിയിട്ടില്ല. എന്നാൽ താരത്തെ ടീമിന്റെ ഭാഗമാക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബാഴ്‌സലോണ.
തങ്ങളുടെ പ്രധാന സ്‌ട്രൈക്കറായ റോബർട്ട് ലെവൻഡോസ്‌കിയെ വിട്ടു കൊടുക്കാൻ അമ്പതു മില്യൺ യൂറോയാണ് ബയേൺ ആവശ്യപ്പെടുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം മുപ്പത്തിമൂന്നു വയസുള്ള താരത്തിനു വേണ്ടി അത്രയും തുക മുടക്കാൻ ബാഴ്‌സലോണ തയ്യാറല്ല. ഈ സാഹചര്യത്തിലാണ് നിലവിലെ ഓഫർ ക്ലബ് നൽകിയത്.
ബാഴ്‌സലോണയുടെ ഓഫറിനോട് ബയേൺ മ്യൂണിക്ക് നിലവിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ ലെവൻഡോസ്‌കി ക്ലബ് വിടാൻ വളരെയധികം സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിൽ താരത്തെ പിടിച്ചു നിർത്താൻ ബയേണിനു കഴിഞ്ഞേക്കില്ല. അതിനു പുറമെ ലിവർപൂളിൽ നിന്നും സാഡിയോ മാനെയെ സ്വന്തമാക്കാൻ ലെവൻഡോസ്‌കിയെ വിട്ടുകൊടുക്കേണ്ടതും അനിവാര്യമാണ്.
ബയേൺ മ്യൂണിക്ക് വിടണമെന്നും താൻ ബാഴ്‌സലോണയുടെ ഓഫർ മാത്രമേ നിലവിൽ പരിഗണിക്കുന്നുള്ളൂവെന്നും ലെവൻഡോസ്‌കി വ്യക്തമാക്കിയിരുന്നു. തന്റെ ആഗ്രഹം ബയേൺ മ്യൂണിക്കിനെ അറിയിച്ച താരം രണ്ടു ക്ലബുകളും തമ്മിൽ ധാരണയിൽ എത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.