പുതിയ സീസൺ തുടങ്ങുന്നതിന് മുൻപ് ബാഴ്‌സയിൽ പുതിയ താരങ്ങളെത്താൻ സാധ്യതയില്ലെന്ന് കൂമാൻ

FBL-ESP-FRIENDLY-BARCELONA-NASTIC
FBL-ESP-FRIENDLY-BARCELONA-NASTIC | PAU BARRENA/Getty Images

ലാ ലിഗ സീസൺ ആരംഭിക്കാനിരിക്കെ ബാഴ്‌സലോണയിൽ പുതിയ താരങ്ങളെത്താനുള്ള സാധ്യതയില്ലെന്നു വ്യക്തമാക്കി പരിശീലകൻ റൊണാൾഡ്‌ കൂമാൻ. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഡീപേ, മാർട്ടിനസ്, തിയാഗോ, വൈനാൾഡാം തുടങ്ങി നിരവധി താരങ്ങളെയും ബാഴ്‌സലോണയെയും ചേർത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ പുതിയ കളിക്കാർ ടീമിലെത്താനുള്ള സാധ്യത കുറവാണെന്നും, സീസൺ നിലവിലെ ടീമിനെ വെച്ച് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

"പുതിയ സീസൺ മുന്നിൽ കണ്ടുകൊണ്ടുള്ള പരിശീലനം ബാഴ്‌സലോണ ആരംഭിച്ചു കഴിഞ്ഞു. പ്രീ സീസൺ കളിച്ച താരങ്ങളെ വെച്ചു തന്നെ പുതിയ സീസൺ ആരംഭിക്കാനാണ് നിലവിലെ സാഹചര്യത്തിൽ സാധ്യതയുള്ളത്." ഫോക്സ് സ്പോർട്സ് നെതർലാൻഡ്സിനോട് സംസാരിക്കുമ്പോൾ കൂമാൻ പറഞ്ഞു. അതേ സമയം ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് ഏതാനും താരങ്ങളെ ബാഴ്‌സ സ്വന്തമാക്കാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിൽ നിന്നും മനസിലാക്കാവുന്നത്.

നിലവിലുള്ള താരങ്ങളെ വിൽക്കാൻ കഴിയാത്തതാണ് ബാഴ്‌സക്ക് പുതിയ കളിക്കാരെ സ്വന്തമാക്കുന്നതിൽ തടസ്സമാകുന്നതെന്ന് കൂമാൻ ഡീപേയ് ട്രാൻസ്ഫറിനെക്കുറിച്ച് മറുപടി പറയുമ്പോൾ വ്യക്തമാക്കിയിരുന്നു. ലൂയിസ് സുവാരസ്, വിദാൽ, റഫിന്യ എന്നിവരടക്കം ഏതാനും താരങ്ങളെ ബാഴ്‌സ ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്. ഈ താരങ്ങൾ ടീം വിടുകയാണെങ്കിൽ ഒക്ടോബർ അഞ്ചിന് ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് ഏതെങ്കിലും സൈനിങ് ബാഴ്‌സ പൂർത്തിയാക്കിയേക്കും.

നിലവിൽ നെതർലൻഡ്സ് സ്‌ട്രൈക്കർ മെംഫിസ് ഡീപേ ആണ് ബാഴ്‌സയിലേക്ക് ചേക്കേറാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന കളിക്കാരൻ. എന്നാൽ താരത്തെ സ്വന്തമാക്കാനുള്ള ശേഷി തങ്ങൾക്കില്ലെന്ന് ബാഴ്‌സ പ്രസിഡന്റ് ബാർട്ടമോ പറഞ്ഞുവെന്ന് ലിയോൺ പ്രസിഡന്റ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സെപ്റ്റംബർ 26നു വിയ്യാറയലിനെതിരെയാണ് ബാഴ്‌സയുടെ ആദ്യ ലാ ലീഗ മത്സരം.