ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് ബാഴ്സലോണക്കു സമ്മാനിച്ച് റയോ വയ്യക്കാനോ


റയോ വയ്യക്കാനൊക്കെതിരെ ഇന്നലെ രാത്രി നടന്ന ലീഗ് മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ബാഴ്സലോണ. ഇന്നലെ നടന്നതുമുൾപ്പെടെ തുടർച്ചയായ മൂന്നാമത്തെ മത്സരമാണ് ബാഴ്സലോണ സ്വന്തം മൈതാനത്തു തോൽക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ബാഴ്സലോണ തുടർച്ചയായി മൂന്നു ഹോം മത്സരങ്ങളിൽ തോൽക്കുന്നത്.
ഇന്നലെ നടന്ന മത്സരത്തിന്റെ ഏഴാം മിനുട്ടിലാണ് ക്യാമ്പ് നൂവിനെ ഞെട്ടിച്ച് അൽവാരോ ഗാർസിയ റയോ വയ്യക്കാനോയെ മുന്നിലെത്തിക്കുന്നത്. തിരിച്ചു വരാൻ ബാഴ്സലോണ ശ്രമിച്ചെങ്കിലും അവർക്കതിനു കഴിഞ്ഞില്ല. ഇതോടെ ഐന്തരാഷ്ട് ഫ്രാങ്ക്ഫർട്ട്, കാഡിസ്, റയോ വയ്യക്കാനോ എന്നിവർക്കെതിരെ നടന്ന ഹോം മത്സരങ്ങളിലാണ് ബാഴ്സലോണ തുടർച്ചയായി തോൽവി വഴങ്ങിയത്. റയോ വയ്യക്കാനോയോട് ഈ സീസണിൽ നടന്ന രണ്ടു മത്സരങ്ങളിൽ ബാഴ്സ തോൽവി വഴങ്ങിയിരുന്നു.
Rayo Vallecano get the opener vs. Barcelona ? pic.twitter.com/ciOmhnK8nQ
— ESPN+ (@ESPNPlus) April 24, 2022
പരിക്കു മൂലം പുറത്തായ പെഡ്രി, പിക്വ തുടങ്ങിയവരില്ലാതെ ഇറങ്ങിയ ബാഴ്സലോണയിൽ അവരുടെ അഭാവം തെളിഞ്ഞു കാണുകയും ചെയ്തു. മധ്യനിര താരം ഗാവിയായിരുന്നു മത്സരത്തിൽ മികച്ച പ്രകടനം നടത്തിയത്. താരത്തിന്റെ ഒരു ഷോട്ട് ക്രോസ് ബാറിൽ അടിച്ചു പുറത്തു പോയതിനൊപ്പം സാവിയുടെ അഭിപ്രായത്തിൽ ബാഴ്സലോണക്കു ലഭിക്കേണ്ടിയിരുന്ന രണ്ടു പെനാൽറ്റികളും താരം ബോക്സിൽ വീണതായിരുന്നു.
രണ്ടാം പകുതിയിൽ പതിനാലു മിനുട്ട് ഇഞ്ചുറി ടൈം അനുവദിച്ചപ്പോൾ ബാഴ്സലോണ സമനിലയെങ്കിലും നേടാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അതിനവർക്കു കഴിഞ്ഞില്ല. തോൽവി ഒഴിവാക്കാൻ ഡെംബലെ, മെംഫിസ് ഡീപേയ്, അഡമ ട്രയോറെ, ലൂക്ക് ഡി ജോംഗ് തുടങ്ങിയ താരങ്ങളെയെല്ലാം ബാഴ്സലോണ അണിനിരത്തി എങ്കിലും ജയം വയ്യക്കാനൊക്കൊപ്പം തന്നെ നിന്നു.
വിജയത്തോടെ ലാ ലീഗയിൽ നിന്നും തരം താഴ്ത്തപ്പെടുമെന്ന ഭീഷണി ഒഴിവാക്കാൻ റയോ വയ്യക്കാനോക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം ബാഴ്സലോണ തോൽവി വഴങ്ങിയത് റയൽ മാഡ്രിഡിനെ ലീഗ് കിരീടത്തിലേക്ക് അടുപ്പിച്ചിട്ടുണ്ട്. എസ്പാന്യോളിനെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ ഒരു സമനിലയെങ്കിലും നേടാൻ കഴിഞ്ഞാൽ ഈ സീസണിലെ ലീഗ് കിരീടം റയൽ മാഡ്രിഡിന് സ്വന്തമാക്കാൻ കഴിയും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.