ഡി ജോങിനു മേൽ സമ്മർദ്ദം വർധിപ്പിച്ച് ബാഴ്‌സലോണ, പ്രീ സീസൺ ടൂറിൽ നിന്നും ഒഴിവാക്കിയേക്കും
By Sreejith N

ക്ലബ് വിടാൻ വേണ്ടി ഫ്രെങ്കീ ഡി ജോങിനു മേൽ സമ്മർദ്ദം വർധിപ്പിക്കാൻ ബാഴ്‌സലോണ ഒരുങ്ങുന്നു. സ്‌പാനിഷ് മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം അമേരിക്കയിൽ വെച്ചു നടക്കാനിരിക്കുന്ന പ്രീ സീസൺ ടൂറിൽ നിന്നും ഡച്ച് താരത്തെ ഒഴിവാക്കാനാണ് ബാഴ്‌സലോണ ഒരുങ്ങുന്നത്. ഇതിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ട്രാൻസ്‌ഫറിനു താരം സമ്മതം മൂളണമെന്ന വ്യക്തമായ സന്ദേശമാണ് ബാഴ്‌സലോണ നൽകുന്നത്.
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണ പുതിയ ട്രാൻസ്‌ഫറുകൾ നടത്തുന്നുണ്ടെങ്കിലും സ്വന്തമാക്കിയ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ അവർക്കു കഴിഞ്ഞിട്ടില്ല. ലാ ലിഗ സാലറി ക്യാപ്പാണ് ഇക്കാര്യത്തിൽ അവർക്കു തടസമായി നിൽക്കുന്നത്. ടീമിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായ ഡി ജോങിനെ ഒഴിവാക്കിയാൽ ഏതാനും താരങ്ങളെ രജിസ്റ്റർ ചെയ്യാൻ ബാഴ്‌സക്ക് കഴിയും.
De Jong could be forced to sit out the preseason tour of Americahttps://t.co/8jIus6d01p
— SPORT English (@Sport_EN) July 14, 2022
ഫ്രങ്കീ ഡി ജോങ് ട്രാൻസ്‌ഫറിനായി ബാഴ്‌സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ കഴിഞ്ഞ ദിവസം ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 85 മില്യൺ യൂറോയാണ് ഡച്ച് താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകാനൊരുങ്ങുന്നത്. എന്നാൽ ഇതുവരെയും ബാഴ്‌സലോണ വിടാൻ ഡി ജോംഗ് സമ്മതം മൂളിയിട്ടില്ല. ഇതേത്തുടർന്നാണ് സമ്മർദ്ദതന്ത്രങ്ങൾ ബാഴ്‌സലോണ പുറത്തെടുത്തത്.
പ്രീ സീസൺ ടൂറിനുള്ള ടീമിൽ നിന്നും ഫ്രങ്കീ ഡി ജോങിനെ ഒഴിവാക്കിയാൽ താരം ക്ലബ് വിടാൻ സമ്മതം മൂളുമെന്നാണ് ബാഴ്‌സലോണ ഉറച്ചു വിശ്വസിക്കുന്നത്. ശനിയാഴ്ച്ചയാണ് ടീം പ്രീ സീസണു വേണ്ടി അമേരിക്കയിലേക്ക് തിരിക്കുന്നത്. ഇന്റർ മിയാമി, റെഡ്ബുൾ, യുവന്റസ്, റയൽ മാഡ്രിഡ് എന്നീ ടീമുകൾക്കെതിരെയാണ് ബാഴ്‌സലോണയുടെ പ്രീ സീസൺ മത്സരങ്ങൾ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.