Transfers

സ്‌ട്രൈക്കറെ ലക്ഷ്യമിടുന്ന ബാഴ്‌സലോണക്ക് ലുക്കാക്കുവിലും താൽപര്യം

Sreejith N
Barcelona Interested In Signing Romelu Lukaku
Barcelona Interested In Signing Romelu Lukaku / Sebastian Frej/MB Media/GettyImages
facebooktwitterreddit

അടുത്ത സീസണിലേക്ക് ടീമിനെ ശക്തിപ്പെടുത്താൻ ഒരുങ്ങുന്ന ബാഴ്‌സലോണക്ക് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഒരു സ്‌ട്രൈക്കറെ ടീമിലെത്തിക്കുക പ്രധാന പരിഗണനയാണ്. ബൊറൂസിയ ഡോർട്മുണ്ട് താരം എർലിങ് ഹാലൻഡ്, ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി എന്നിവരാണ് ബാഴ്‌സലോണയുടെ ലിസ്റ്റിൽ പ്രധാനമായുമുള്ളത്.

എന്നാൽ ഈ രണ്ടു താരങ്ങളെയും ടീമിലെത്തിക്കുക ബാഴ്‌സയെ സംബന്ധിച്ച് സങ്കീർണമായ കാര്യമാണ്. ഹാലൻഡിന്റെ കാര്യത്തിൽ ട്രാൻസ്‌ഫർ ഫീസ് ഒരു തടസമാകുമ്പോൾ ലെവൻഡോസ്‌കിക്ക് ബയേൺ മ്യൂണിക്കുമായി ഒരു വർഷത്തെ കരാർ ബാക്കിയുള്ളതിനാൽ അവർ താരത്തെ വിട്ടുകൊടുക്കാൻ വിസമ്മതിച്ചേക്കാം. അതിനാൽ ചെൽസി സ്‌ട്രൈക്കർ റൊമേലു ലുക്കാക്കുവിനെ ബാഴ്‌സലോണ ഇപ്പോൾ നോട്ടമിട്ടിട്ടുണ്ടെന്ന് മാർക്ക റിപ്പോർട്ടു ചെയ്യുന്നു.

അടുത്ത സീസണിലേക്ക് സ്‌ട്രൈക്കറെ എത്തിക്കാനുള്ള പ്ലാൻ സിയുടെ ഭാഗമായാണ് ബെൽജിയൻ താരത്തെ ബാഴ്‌സലോണ പരിഗണിക്കുന്നത്. ഇന്റർ മിലാനിൽ നിന്നും ചെൽസിയിൽ എത്തിയതിനു ശേഷം ക്ലബിന്റെ ശൈലിയോട് ഒത്തുപോകാൻ കഴിയാത്തതിനാൽ മികച്ച പ്രകടനം നടത്താൻ കഴിയാത്ത ലുക്കാക്കു വരുന്ന സമ്മറിൽ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണിപ്പോൾ.

ബാഴ്‌സലോണ മേധാവികൾ ലുക്കാക്കുവിന്റെ ഏജന്റുമായി ബന്ധപ്പെട്ടെങ്കിലും താരത്തിന്റെ ട്രാൻസ്‌ഫറും സങ്കീർണമായി തുടരാനുള്ള സാധ്യതയുണ്ട്. ഇന്ററിൽ നിന്നും ലുക്കാക്കുവിനെ സ്വന്തമാക്കാൻ 115 മില്യൺ മുടക്കിയ ചെൽസി താരത്തിനായി എത്ര തുകയാണ് ആവശ്യപ്പെടുകയെന്നും അത് ബാഴ്‌സലോണക്ക് നൽകാൻ കഴിയുമോയെന്നും ഉറപ്പില്ല. വമ്പൻ തുക ചെൽസി ആവശ്യപ്പെട്ടാൽ ബാഴ്‌സലോണ മറ്റു പരിഹാരമാർഗങ്ങൾ കാണേണ്ടി വരും.

ലുക്കാക്കുവിനെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾക്ക് രംഗത്തുണ്ടെങ്കിലും ഇതുവരെയും ഓഫറുകളുമായി ആരും മുന്നോട്ടു വന്നിട്ടില്ല. സമ്മർ ട്രാൻസ്‌ഫർ ജാലകം ആരംഭിച്ചു കഴിഞ്ഞാൽ കൂടുതൽ ടീമുകൾ താരത്തിനായി രംഗത്തു വരാനും സാധ്യതയുണ്ട്. അതിനാൽ തന്നെ ചെൽസി നേതൃത്വത്തിന്റെ ആവശ്യങ്ങൾ അറിയാൻ വേണ്ടി കാത്തിരിക്കുകയാണ് ബാഴ്‌സലോണ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit