ഗ്രീസ്മൻ തുടരാൻ സാധ്യതയേറുന്നു, പുതിയ നീക്കവുമായി ബാഴ്സലോണ


സ്പാനിഷ് ലീഗിന്റെ അടുത്ത സീസൺ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ക്ലബുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന സങ്കീർണതകൾ പരിഹരിക്കാൻ സജീവമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കയാണ് ബാഴ്സലോണ നേതൃത്വം. പുതിയ സൈനിംഗുകളെയും ലയണൽ മെസിയെയും രജിസ്റ്റർ ചെയ്യണമെങ്കിൽ നിലവിലുള്ള വേതനബിൽ കുറക്കണമെന്നതും അതിനു താരങ്ങളെ വിൽക്കേണ്ടതോ അവരുടെ ശമ്പളം വെട്ടിക്കുറക്കേണ്ടതോ അനിവാര്യമാണെന്നതുമാണ് ബാഴ്സലോണയുടെ മുൻപിലുള്ള പ്രധാന പ്രതിസന്ധി.
വേതനബിൽ കുറക്കുന്നതിനു വേണ്ടി ബാഴ്സലോണ ഒഴിവാക്കാൻ ശ്രമിക്കുന്ന താരങ്ങളിൽ പ്രധാനപ്പെട്ടവർ അന്റോയിൻ ഗ്രീസ്മനും ഫിലിപ്പെ കുട്ടീന്യോയുമാണ്. ഉയർന്ന പ്രതിഫലം വാങ്ങുന്ന ഈ രണ്ടു താരങ്ങളെയും വിൽക്കാൻ കഴിഞ്ഞാൽ തന്നെ ബാഴ്സയുടെ പ്രതിസന്ധികൾ ഏറെക്കുറെ പരിഹരിക്കപ്പെടും. എന്നാൽ ഫിലിപ്പെ കുട്ടീന്യോക്ക് ആവശ്യക്കാർ കുറവാണെന്നതും അന്റോയിൻ ഗ്രീസ്മന്റെ നിലപാടുകളും സ്ഥിതിഗതികളെ കൂടുതൽ സങ്കീർണമാക്കുന്നു.
Barca's potential plan for Griezmann https://t.co/Wg0AbGAJNA
— SPORT English (@Sport_EN) July 25, 2021
നേരത്തെ അത്ലറ്റികോ മാഡ്രിഡ് താരം സൗൾ നിഗ്വസിനെ വാങ്ങി ഗ്രീസ്മനെ പകരം നൽകാൻ ബാഴ്സലോണ ശ്രമിച്ചെങ്കിലും നിലവിൽ ആ ട്രാൻസ്ഫറിനുള്ള സാധ്യതകൾ മങ്ങിയിട്ടുണ്ട്. അതേസമയം ബാഴ്സയിൽ നിന്നും പോവുകയാണെങ്കിൽ മുൻ ക്ലബായ അത്ലറ്റികോ മാഡ്രിഡിലേക്ക് തന്നെ ചേക്കേറാനാണ് ഫ്രഞ്ച് താരത്തിന് താൽപര്യം. അതുകൊണ്ടു തന്നെ ഗ്രീസ്മൻ അടുത്ത സീസണിലും ബാഴ്സയിൽ തുടരാനുള്ള സാധ്യതകൾ നിലവിലെ സാഹചര്യത്തിൽ തള്ളിക്കളയാൻ കഴിയില്ല.
ഗ്രീസ്മൻ ബാഴ്സയിൽ തുടരുകയാണെങ്കിൽ ഒരിക്കൽ കൂടി പ്രതിഫലം കുറക്കുകയെന്ന നടപടി ബാഴ്സലോണക്ക് നടപ്പിലാക്കേണ്ടി വരും. താരത്തെ നിലനിർത്തേണ്ട സാഹചര്യം ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിൽ ടീമിലെ എല്ലാ താരങ്ങളുടെയും പ്രതിഫലത്തിൽ ഒരു ഭാഗം കുറച്ച് അതു നടപ്പിലാക്കാനാണ് ബാഴ്സ ഒരുങ്ങുന്നതെന്നാണ് കാറ്റലൻ മാധ്യമമായ സ്പോർട് വ്യക്തമാക്കുന്നത്. എന്നാൽ അതിനു ടീമിലെ താരങ്ങൾ സമ്മതിച്ചില്ലെങ്കിൽ അത് പ്രതിസന്ധികളെ കൂടുതൽ രൂക്ഷമാക്കും.
ബാഴ്സലോണയിലെത്തിയ ആദ്യത്തെ സീസണിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം ടീമിനു വേണ്ടി നടത്താൻ ഗ്രീസ്മനു കഴിഞ്ഞിരുന്നു. പൊസിഷൻ മാറിക്കളിച്ചിട്ടു കൂടി മികവ് കാണിക്കാൻ കഴിയുകയും പ്രീ സീസൺ മത്സരത്തിൽ ജിറോനക്കെതിരെ തിളങ്ങുകയും ചെയ്ത കഠിനാധ്വാനിയായ താരത്തെ വിൽക്കാൻ ബാഴ്സലോണക്ക് താല്പര്യം കുറവായതു കൊണ്ട് ഗ്രീസ്മൻ തുടരാനുള്ള സാധ്യതകൾ ഇപ്പോൾ കൂടുതലാണ്.